കോവിഡ് കേസുകള്‍ വീണ്ടും കുതിച്ചുയരുന്ന സാഹചര്യത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കി മഹാരാഷ്ട്ര. കഴിഞ്ഞ ദിവസം മാത്രം സംസ്ഥാനത്ത് 24,645 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ സംസ്ഥാനത്ത് ആകെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 25,04,327 ആയി ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട 58 മരണങ്ങള്‍ ഉള്‍പ്പെടെ ആകെ 53457 കോവിഡ് മരണങ്ങളും ഇവിടെ സ്ഥിരീകരിച്ചിട്ടുണ്ട്. ഒരുഘട്ടത്തില്‍ കോവിഡ് വ്യാപനം നിയന്ത്രണത്തിലായിരുന്നുവെങ്കിലും ഒരിടവേളയ്ക്ക് ശേഷം രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഞായറാഴ്ച മാത്രം 30,535 പേര്‍ക്കായിരുന്നു ഇവിടെ രോഗം സ്ഥിരീകരിച്ചത്.
രാജ്യത്ത് കോവിഡ് വ്യാപനം ഉണ്ടായ ശേഷം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന പ്രതിദിന കണക്ക് കൂടിയായിരുന്നു ഇത്. കഴിഞ്ഞ ദിവസം രോഗികളുടെ എണ്ണത്തില്‍ ചെറിയ കുറവ് വന്നെങ്കിലും സ്ഥിതിഗതികള്‍ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ലോക്ക് ഡൗണ്‍ അടക്കം കോവിഡ് പ്രതിരോധ മാര്‍ഗങ്ങള്‍ സംസ്ഥാനത്ത് പലയിടത്തും കര്‍ശനമായി തന്നെ നടപ്പാക്കുന്നുണ്ടെങ്കിലും രോഗികളുടെ എണ്ണം കുറയാതെ നില്‍ക്കുന്നത് ആശങ്ക സൃഷ്ടിക്കുന്നുണ്ട്. രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മുന്‍പുണ്ടായിരുന്ന ജംബോ ഹോസ്പിറ്റല്‍ സംവിധാനം വീണ്ടും ആരംഭിച്ചിട്ടുണ്ട്. കിടക്കകള്‍ ലഭ്യമല്ലാതാകുന്ന സാഹചര്യം ഒഴിവാക്കുന്നതിനായി പൂനെ കോളജ് ഓഫ് എഞ്ചിനിയറിംഗിലാണ് 500 കിടക്കകളുടെ സൗകര്യവുമായി ജംബോ ആശുപത്രി സംവിധാനം ഒരുങ്ങുന്നത്. മറ്റ് ആശുപത്രികളിലും കോവിഡ് രോഗികള്‍ക്കായുള്ള സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുമെന്നാണ് പൂനെ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചിരിക്കുന്നത്.