പോളിംഗ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് വ്യാഴാഴ്ച മുതല്‍ നല്‍കി തുടങ്ങും

0

നിയമസഭാ തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുളള നിയമന ഉത്തരവ് വ്യാഴാഴ്ച മുതല്‍ നല്‍കി തുടങ്ങും.ഉദ്യോഗസ്ഥര്‍ക്കുള്ള നിയമന ഉത്തരവ് കൈപ്പറ്റുന്നതിനായി ജില്ലയിലെ മുഴുവന്‍ കേന്ദ്ര,സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകളിലെയും, അര്‍ദ്ധ സര്‍ക്കാര്‍ ഓഫീസുകളിലേയും സ്‌കൂള്‍,കോളേജുകളിലെയും സ്ഥാപന മേധാവികള്‍ അവധി ദിവസമായ മാര്‍ച്ച് 11 ന് ഓഫീസുകളില്‍ ഹാജരാകണമെന്ന്് ജില്ലാ കളക്ടര്‍ അറിയിച്ചു.

തിരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ക്കുളള പരിശീലനം മാര്‍ച്ച് 13 മുതല്‍ 19 വരെ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കും.ജില്ലയില്‍ 948 ബൂത്തുകളിലായി ആറായിരത്തോളം ഉദ്യോഗസ്ഥരെയാണ് തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്കായി നിയോഗിക്കുന്നത്. ഒരു ബൂത്തില്‍ ആറ് പേരാണ് ഉണ്ടാകുക. പ്രിസൈഡിംഗ് ഓഫീസര്‍, മൂന്ന് പോളിംഗ് ഓഫീസര്‍മാര്‍ എന്നിവര്‍ക്ക് പുറമേ കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി അധികമായി രണ്ട് പേരെയും നിയമിക്കും. തിരഞ്ഞെടുപ്പ് ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ച് നടത്തുന്നതിന്റെ ഭാഗമായി എല്ലാ വില്ലേജുകളിലും ഒരു ബൂത്ത് മാതൃക പോളിംഗ് ബൂത്താക്കി മാറ്റും. ഇവിടെ പൂര്‍ണ്ണമായും ഗ്രീന്‍ പ്രോട്ടോകോള്‍ പാലിച്ചാണ് ബൂത്ത് ഒരുക്കുക.

കല്‍പ്പറ്റ നിയോജമണ്ഡലത്തിലെ പരിശീലനം 13, 15 തീയതികളില്‍ കല്‍പ്പറ്റ സെന്റ് ജോസഫ് കോണ്‍വെന്റ് സ്‌കൂളില്‍ നടക്കും. സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലേത് 16,17 തീയതികളില്‍ സുല്‍ത്താന്‍ ബത്തേരി മാര്‍ ബാസിലിയേസ് കോളേജ് ഓഫ് എജ്യൂക്കേഷനിലും, മാനന്തവാടി നിയോജക മണ്ഡലത്തിലേത് 18,19 തീയതികളില്‍ മാനന്തവാടി സെന്റ് പാട്രിക്‌സ് സ്‌കൂളിലുമാണ് നടക്കുക. രാവിലെ 9.30 മുതല്‍ 5 വരെയാണ് പരിശീലനം.

പ്രിസൈഡിങ്, പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പരിശീലനം നല്‍കുന്നതിന്റെ മുന്നോടിയായുളള ഒന്നാംഘട്ട റാന്‍ഡമൈസേഷന്‍ കളക്‌ട്രേറ്റില്‍ നടന്നു. ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ. അദീല അബ്ദുളളയുടെ അധ്യക്ഷതയിലാണ് റാന്‍ഡമൈസേഷന്‍ നടത്തിയത്.

Leave A Reply

Your email address will not be published.

error: Content is protected !!