ഇന്ന് ലോക വനിതാ ദിനം
ഇന്ന് മാര്‍ച്ച് എട്ട്, അന്താരാഷ്ട്ര വനിതാ ദിനം. സാമൂഹ്യ, സാംസ്‌കാരിക, സാമ്പത്തിക, രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ക്ക് തുല്യത ഉറപ്പുവരുത്തലാണ് വനിതാ ദിനത്തിന്റെ ലക്ഷ്യം. സ്ത്രീകളുടെ ശാരീരികവും, മാനസികവും, സാമൂഹികവുമായ ശാക്തീകരണമാണ് ഈ ദിനം മുന്നോട്ട് വയ്ക്കുന്നത്. ദേശത്തിന്റെ അതിരുകള്‍ക്ക് അപ്പുറത്ത് ലോകം മുഴുവനുമുള്ള വനിതകള്‍ക്കായി ഒരു ദിനം എന്ന ചിന്തയില്‍ നിന്നാണ് വനിതാ ദിനം എന്ന ആശയം ഉരുത്തിരിഞ്ഞത്.
ഈ ദിനത്തിന് ഒരുപാട് ചരിത്ര നിമിഷങ്ങളുടെ ഓര്‍മകള്‍ കൂട്ടുണ്ട്. സ്വന്തം ജോലി സ്ഥലത്തെ സൗകര്യങ്ങളും ജീവിത സാഹചര്യങ്ങളും മെച്ചപ്പെടുത്താനായി സ്ത്രീകള്‍ നടത്തിയ മുന്നേറ്റത്തിന്റെ പിന്‍ബലവും വ്യവസായ കുത്തകകളുടെ ആധിപത്യത്തിനുമേല്‍ വിയര്‍പ്പും ശക്തിയും കൊണ്ട് സ്ത്രീകള്‍ വരിച്ച വിജയത്തിന്റെ കഥയും അവയില്‍ പ്രധാനപ്പെട്ടവയാണ്.
1908ല്‍ 15000ല്‍ അധികം വരുന്ന സ്ത്രീ തൊഴിലാളികള്‍ ന്യൂയോര്‍ക്ക് നഗര ഹൃദയത്തിലൂടെ ഒരു പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ജോലി സമയത്തില്‍ കുറവ് വരുത്തുക, ശമ്പളത്തില്‍ ന്യായമായ വര്‍ധന വരുത്തുക, വോട്ട് ചെയ്യാനുള്ള അവകാശം നല്‍കുക എന്നിവയായിരുന്ന പ്രധാന ആവശ്യങ്ങള്‍. ഈ പ്രക്ഷോഭമാണ് ലോക വനിതാ ദിനത്തിന് വഴിയൊരുക്കിയത്.
അമേരിക്കന്‍ സോഷ്യലിസ്റ്റ് പാര്‍ട്ടിയാണ് ലോക വനിതാ ദിനം എന്ന ആശയം മുന്നോട്ടുവച്ചത്. ഈ ദിനത്തെ ഒരു അന്തര്‍ദേശീയദിനമാക്കി മാറ്റുക എന്ന ആശയം ക്ലാരാസെക്ടിന്‍ എന്ന ജര്‍മന്‍ മാര്‍ക്‌സിസ്റ്റ് തത്വചിന്തകയുടേതാണ്. 1911ല്‍ ഓസ്ട്രിയയിലും ഡെന്‍മാര്‍ക്കിലും ജര്‍മനിയിലും സ്വിറ്റ്‌സര്‍ലന്റിലുമാണ് ലോക വനിതാ ദിനം ആദ്യം ആഘോഷിച്ചത്.
1917ല്‍ റഷ്യയിലെ ഒരു കൂട്ടം സ്ത്രീകള്‍ ബ്രെഡ് ആന്‍ഡ് പീസ് എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ സമരത്തിനൊടുവില്‍ സര്‍ ചക്രവര്‍ത്തി സ്ത്രീകള്‍ക്ക് വോട്ടവകാശം നല്‍കിയതോടെയാണ് മാര്‍ച്ച് 8 ലോക വനിതാ ദിനം ആഘോഷിക്കാന്‍ തുടങ്ങിയത്. 1975 ലാണ് ഐക്യരാഷ്ട്രസഭ ലോക വനിതാ ദിനം അംഗീകരിച്ചത് .ഓരോ വര്‍ഷവും ഓരോ തീമും സഭ നിര്‍ദേശിച്ചു. ‘വുമണ്‍ ഇന്‍ ലീഡര്‍ഷിപ്പ്, ആച്ചീവിംഗ് ആന്‍ ഈക്വല്‍ ഫ്യൂച്ചര്‍ ഇന്‍ എ കൊവിഡ് 19 വേള്‍ഡ്’ എന്നതാണ് ഈ വനിതാദിനത്തിലെ തീം.