കറ്റാര്‍വാഴ കൃഷിചെയ്യാം; ആരോഗ്യം നിലനിര്‍ത്താം
പച്ചക്കറി കൃഷിയില്‍ സ്വയം പര്യാപ്തരാവണമെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. ആരോഗ്യസംരക്ഷണമാണ് നിങ്ങളുടെ ലക്ഷ്യമെങ്കില്‍ പച്ചക്കറിക്കൊപ്പം കൂട്ടേണ്ട ഔഷധ സസ്യമാണ് കറ്റാര്‍വാഴ. ഇതിനെ ഔഷധമാക്കുന്നത് ഇലപ്പോളകള്‍ക്കുള്ളിലെ ജെല്ലില്‍ നിറഞ്ഞിരിക്കുന്ന മ്യൂക്കോപോളിസാക്കറൈസുകളാണ്.വിറ്റാമിനുകളുടെയും കാല്‍സ്യം ഇരുമ്പ് സിങ്ക് തുടങ്ങിയ മൂലകങ്ങളുടെ കലവറയാണ് കറ്റാര്‍വാഴ.
രോഗപ്രതിരോധശേഷി
ആന്റി ഓക്‌സൈഡുകള്‍ ധാരാളമുള്ളതിനാല്‍ ചര്‍മത്തിന് ആരോഗ്യവും നിറവും കൂട്ടാന്‍ കറ്റാര്‍വാഴ ഉത്തമമാണ്. വിറ്റാമിന്‍ ഇ ധാരാളമായി അടങ്ങിയിട്ടുള്ളതിനാല്‍ വരണ്ട ചര്‍മ്മത്തിനും ചുളിവുകള്‍ വീഴുന്നതിനും കരുവാളിപ്പിനും പരിഹാരം കാണാനും കറ്റാര്‍വാഴയ്ക്ക് കഴിയും. ദിവസവും കറ്റാര്‍വാഴ ജ്യൂസ് കുടിക്കുന്നത് രോഗപ്രതിരോധശേഷി കൂട്ടുന്നതിനും കാന്‍സര്‍ വരാതെ നോക്കുന്നതിനു മുറിവുകള്‍ ഉണങ്ങുന്നതിനും പ്രമേഹത്തിന്റെ തീവ്രത കുറയ്ക്കുന്നതിനും ദഹനപ്രക്രിയ കൂട്ടുന്നതിനും ഉത്തമമാണ്.
നട്ടുവളര്‍ത്താം
ഒന്നരയടി വരെ പൊക്കത്തില്‍ വളരുന്ന കറ്റാര്‍വാഴ ചട്ടിയിലോ ഗ്രോബാഗുകളില്‍ മണ്ണില്‍ തന്നെയോ നട്ടുവളര്‍ത്താം.
കിളിര്‍പ്പുകള്‍ നട്ടാണ് പുതിയ തൈകള്‍ കൃഷിചെയ്യുന്നത്. ചെടികള്‍ തമ്മില്‍ ഒന്നര അടി അകലം കൊടുത്ത് നടുന്നതാണ് നല്ലത്.ഉണങ്ങിപ്പൊടിഞ്ഞ ചാണകവളവും ചെടിക്ക് ഒന്ന് രണ്ട് കിലോഗ്രാം അടിവളമായി നല്‍കാം. മൂന്നാം മാസം മുതല്‍ വിളവെടുക്കാം മാസത്തിലൊരിക്കല്‍ കാലിവളവും മണ്ണിരക്കമ്പോസ്റ്റും ചേര്‍ത്ത് നടാം. തുടര്‍ച്ചയായി അഞ്ചു വര്‍ഷം വരെ വിളവെടുക്കാം എന്നതും കറ്റാര്‍വാഴയുടെ പ്രത്യേകതയാണ്. തെങ്ങിന്‍ തോട്ടങ്ങളിലേക്കുള്ള ഒന്നാംതരം ഇടവിളയാണ് കറ്റാര്‍വാഴ. ദിവസം ആറ് മണിക്കൂറെങ്കിലും സൂര്യപ്രകാശവും കിട്ടുന്ന സ്ഥലത്താണ് കറ്റാര്‍വാഴ കൃഷിക്ക് അനുയോജ്യം.