വീടുകള്‍ വാസയോഗ്യമാക്കി

0

ഇന്ത്യന്‍ റെഡ് ക്രോസ് സൊസൈറ്റി വയനാട് ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കുറുവ ദ്വീപിനടുത്ത വെളുകൊല്ലി, ചെറിയമല എന്നീ കോളനികളിലെ കാലവര്‍ഷത്തില്‍ തകര്‍ന്ന വീടുകള്‍ വൃത്തിയാക്കി ഷീറ്റ് വിരിച്ച് താമസയോഗ്യമാക്കി. മരം വീണ് തകര്‍ന്ന കോണ്‍ക്രീറ്റ് വീടും, കാറ്റിലും പേമാരിയിലും മേച്ചില്‍ ഓടുകള്‍ നശിച്ച് പോയ വീടുകളും, മുന്നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പുല്ല് മേഞ്ഞ വീടും ഉള്‍പ്പടെ 75 ഓളം വീടുകള്‍ ടാര്‍പ്പോളിന്‍ വലിച്ച്‌കെട്ടി വാസയോഗ്യമാക്കുകയുണ്ടായി. ഉള്‍വനത്തില്‍ താമസിക്കുന്നതിനാലും സഞ്ചാരയോഗ്യമായ റോഡില്ലാത്തതിനാലും പുറം ലോകവുമായി ബന്ധമില്ലാതെ ഒറ്റപ്പെട്ട് കിടന്നിരുന്ന ആദിവാസികളടക്കമുള്ള പാവപ്പെട്ട കര്‍ഷക തൊഴിലാളികളുടെ ഭവനങ്ങളാണ് റെഡ് ക്രോസിന്റെ വോളണ്ടിയര്‍മാര്‍ കഠിനാദ്ധ്വാനത്തിലൂടെ വൃത്തിയാക്കിയെടുത്തത്. റെഡ് ക്രോസ് സൊസൈറ്റിയുടെ ദേശീയ- സംസ്ഥാന നേതൃത്വത്തില്‍ നിന്ന് എത്തിച്ചു തന്ന പാത്രങ്ങളടക്കമുള്ള നിരവധിയായ ഗൃഹോപകരണങ്ങളും മറ്റും തലചുമടായി മൂന്ന് കിലോമീറ്ററോളം ചുമന്ന് കോളനിയില്‍ എത്തിച്ചു നല്‍കുകയുമുണ്ടായി. റെഡ് ക്രോസ് സൊസൈറ്റി താലൂക്ക് ചെയര്‍മാന്‍ മാത്യു മത്തായി അദ്ധ്യക്ഷത വഹിച്ച മീറ്റിംഗ് റെഡ് ക്രോസ് സൊസൈറ്റി ജില്ലാ ചെയര്‍മാന്‍ അഡ്വ.ജോര്‍ജ് വാത്തുപറമ്പില്‍ ഉദ്ഘാടനം ചെയ്തു. ഗൃഹോപകരണങ്ങളുടെ വിതരണോത്ഘാടനം വാര്‍ഡ് മെമ്പര്‍ ശ്യാമള രവീന്ദ്രന്‍ നിര്‍വഹിച്ചു. ഫോറസ്റ്റ് ഓഫീസര്‍ ഗംഗാധരന്‍,  ഷെമീര്‍ ചേനക്കല്‍ ബത്തേരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. ജയ്‌മോന്‍ മാനന്തവാടി, സുശീല്‍ കല്ലോടി, റഫീക്ക് പനമരം, നസീം ബത്തേരി, ചാക്കോ.എന്‍.പി, ടോമി വടക്കാഞ്ചേരി, ചന്തുണ്ണി, യേശുദാസ്, ജോര്‍ജ് വട്ടപ്പാറയില്‍, തോമസ് ഒ.എം. എന്നിവര്‍ നേതൃത്വം നല്‍കി.

Leave A Reply

Your email address will not be published.

error: Content is protected !!