ഷിഗല്ല രോഗം: ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം

0

കോഴിക്കോട് ജില്ലയില്‍ ഷിഗല്ല രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ വയനാട് ജില്ലയില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. കേടായ ഭക്ഷണത്തിലൂടെയും മലിനജലത്തിലൂടെയും പകരുന്ന രോഗമാണ് ഷിഗല്ലോസിസ്. രോഗികളുടെ വിസര്‍ജ്യവുമായി നേരിട്ടോ പരോക്ഷമായോ സമ്പര്‍ക്കമുണ്ടായാല്‍ രോഗം എളുപ്പത്തില്‍ വ്യാപിക്കും.

വയറിളക്കം, പനി, വയറുവേദന, ഛര്‍ദ്ദി, ക്ഷീണം, രക്തം കലര്‍ന്ന മലം, നിര്‍ജലീകരണം എന്നിവയാണ് ലക്ഷണങ്ങള്‍.രോഗാണു പ്രധാനമായും കുടലിനെ ബാധിക്കുന്നു. അതുകൊണ്ട് മലത്തോടൊപ്പം രക്തവും കാണപ്പെടുന്നു. ഷിഗല്ല രോഗ ലക്ഷണങ്ങള്‍ ഗുരുതരാവസ്ഥയിലെത്തിയാല്‍ അഞ്ച് വയസിന് താഴെ രോഗം പിടിപെട്ട കുട്ടികളില്‍ മരണ സാധ്യത കൂടുതലാണ്.ഷിഗല്ലോസിസിന് പ്രതിരോധ മരുന്നില്ല. ശ്രദ്ധിച്ചില്ലെങ്കില്‍ രോഗവ്യാപനം വളരെ പെട്ടെന്ന് നടക്കും.
രണ്ട് മുതല്‍ ഏഴ് ദിവസം വരെയാണ് രോഗലക്ഷണങ്ങള്‍ കാണപ്പെടുന്നത്. സാധാരണഗതിയില്‍ ചികിത്സയില്ലാതെ തന്നെ രോഗം ഭേദമാകാറുണ്ട്.ഒആര്‍എസ് ഐവി ഫ്‌ലൂയിഡ്, പാരസെറ്റമോള്‍ ഉപയോഗിച്ചുള്ള ചികിത്സയാണ് പ്രാഥമികമായി നല്‍കുന്നത്.

 *ഷിഗല്ല രോഗം :ശ്രദ്ധിക്കുക*

1..തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക,

2..ഭക്ഷണത്തിന് മുമ്പും മലവിസര്‍ജനത്തിന് ശേഷവും കൈകള്‍ സോപ്പുപയോഗിച്ച് കഴുകുക.
വ്യക്തിശുചിത്വം പാലിക്കുക.

3..തുറസായ സ്ഥലങ്ങളില്‍ മലമൂത്രവിസര്‍ജനം ചെയ്യാതിരിക്കുക.

4..കുഞ്ഞുങ്ങളുടെ ഡയപ്പറുകള്‍ ശരിയായ വിധം സംസ്‌കരിക്കുക.

5..രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ആഹാരം പാകം ചെയ്യാതിരിക്കുക.

6..പഴകിയ ഭക്ഷണങ്ങള്‍ കഴിക്കാതിരിക്കുക.

7..വെള്ളവും ഭക്ഷണവും ഇളം ചൂടോടുകൂടി കഴിക്കുക.

8..ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ശരിയായ രീതിയില്‍ മൂടിവെക്കുക.

9..വയറിളക്കമുള്ള കുട്ടികളെ മറ്റുള്ളവരുമായി ഇടപെടുത്താതിരിക്കുക.

10..കക്കൂസും കുളിമുറിയും അണുനശീകരണം നടത്തുക.

11..വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഇടപഴകാതിരിക്കുക.

12..രോഗിയുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കുക.

13..പഴങ്ങളും പച്ചക്കറികളും കഴുകിയതിനു ശേഷം മാത്രം ഉപയോഗിക്കുക.

14..രോഗ ലക്ഷണങ്ങള്‍ ഉള്ളവര്‍ ഓ ആര്‍ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിന്‍ വെള്ളം എന്നിവ കഴിക്കുക.

15..കുടിവെള്ള സ്രോതസ്സുകള്‍ ക്ലോറിനേറ്റ് ചെയ്യുക .

Leave A Reply

Your email address will not be published.

error: Content is protected !!