കാട്ടുമൃഗങ്ങള്‍ക്ക് കുടിവെള്ളമൊരുക്കി വനംവകുപ്പ്
വരള്‍ച്ചയ്ക്ക് മുന്നോടിയായി വനത്തില്‍ ഒരുക്കങ്ങള്‍ തകൃതി. കാട്ടുമൃഗങ്ങള്‍ക്ക് കുളങ്ങള്‍ നിര്‍മ്മിച്ചാണ് കരുതല്‍ നടത്തുന്നത്. നെയ്ക്കുപ്പ കാട്ടിലെ ചെഞ്ചടിക്കടുത്ത് ഇത്തരത്തിലുള്ള നിരവധി കുളങ്ങള്‍ ഒരുക്കിക്കഴിഞ്ഞു. ജെ.സി.ബി കൊണ്ട് വലിയ കുളങ്ങള്‍ നിര്‍മ്മിച്ച് കാട്ടരുവികളിലെ വെള്ളം കുളങ്ങളില്‍ സംഭരിക്കുന്നു.
കാട്ടാനയുള്‍പ്പെടെ വന്യമൃഗങ്ങള്‍ കുളത്തില്‍ വന്ന് വെള്ളം കുടിച്ച് തിരിച്ച് പോകുന്നു. കടുത്ത വേനലിലും കുളം വറ്റില്ലെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. കാട്ടില്‍ കുടുതല്‍ ഭാഗങ്ങളില്‍ കുളം നിര്‍മ്മിക്കാനുള്ള ഒരുക്കം വനം വകുപ്പ് ഊര്‍ജിതമാക്കുന്നുണ്ട് . നീര്‍ച്ചാലുകളുടെ സാന്നിധ്യം ഉള്ള ഇടത്താണ് കുളങ്ങള്‍ നിര്‍മ്മിക്കുന്നത്.