ഷാര്‍ജയില്‍ തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ കൊവിഡ് നിയമലംഘനം; പിഴ ലഭിച്ചത് 21,000 പേര്‍ക്ക്
തൊഴിലാളികളുടെ താമസ സ്ഥലങ്ങളില്‍ കഴിഞ്ഞ നാല് മാസത്തിനിടെ 21,000 കൊവിഡ് സുരക്ഷാ നിയമ ലംഘനങ്ങള്‍ കണ്ടെത്തിയതായി ഷാര്‍ജ പൊലീസ്. എമിറേറ്റിന്റെ വിവിധ ഭാഗങ്ങളില്‍ ഷാര്‍ജ പൊലീസിന്റെ ലേബര്‍ അക്കൊമൊഡേഷന്‍ ഇന്‍സ്‍പെക്ഷന്‍ കമ്മിറ്റി നടത്തിയ പരിശോധനയിലാണ് നിയമലംഘനങ്ങള്‍ പിടികൂടിയത്.മേയ് 20 മുതല്‍ ഒക്ടോബര്‍ ഒന്നു വരെയുള്ള കണക്കുകളാണിതെന്ന് ഷാര്‍ജ പൊലീസ് സെന്‍ട്രല്‍ ഓപ്പറേഷന്‍ല്‍ ഡയറക്ടര്‍ ജനറലും എമര്‍ജന്‍സി, ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് എക്സിക്യൂട്ടീവ് കമ്മിറ്റി ചെയര്‍മാനുമായ ബ്രിഗേഡിയര്‍ ഡോ. അഹ്‍മദ് സഈദ് അല്‍ നൌര്‍ പറഞ്ഞു. ഇവയില്‍ 6,959 നിയമലംഘനങ്ങള്‍ ഇന്‍ഡസ്‍ട്രിയല്‍ ഏരിയകളിലായിരുന്നു. ജനങ്ങളില്‍ അവബോധം സൃഷ്‍ടിക്കുന്നതിനായി വിവിധ ഭാഷകളില്‍ 1,70,089 ലഘുലേഖകളാണ് പൊലീസ് വിതരണം ചെയ്‍തത്. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനായി ഏര്‍പ്പെടുത്തിയിട്ടുള്ള നിയന്ത്രണങ്ങള്‍ ലംഘിക്കപ്പെടുന്നതായി ശ്രദ്ധയില്‍പെടുമ്പോള്‍ അവ പൊതുജനങ്ങള്‍ തന്നെ അറിയിക്കണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. പൊലീസ് പട്രോളിങ് കൂടുതല്‍ ശക്തമാക്കിയതായി നേരത്തെ തന്നെ പൊലീസ് അറിയിച്ചിരുന്നു.