രാഹുല്‍ഗാന്ധിക്ക് ഡി.വൈ.എഫ്.ഐ  ജില്ലാ സെക്രട്ടറിയുടെ കത്ത് 

0

വയനാട് എം.പി രാഹുല്‍ ഗാന്ധിക്കെതിരെ വിമര്‍ശനവുമായി ഡി.വൈ.എഫ്.ഐ  വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ തുറന്ന കത്ത്. കടുത്ത പ്രതിസന്ധികളിലൂടെ നാട് കടന്ന് പോകുമ്പോള്‍ രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ വയനാട് മണ്ഡലത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ എം.പി ഉത്തരവാദിത്വം പാലിച്ചില്ലെന്നും,സാധാരണ കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ പണപ്പെട്ടിയില്‍ പണയം വയ്ക്കുന്ന മൂന്ന് സുപ്രധാനബില്ലുകള്‍ ലോക്സഭയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ രാഹുല്‍ ഗാന്ധി രാജ്യത്തു പോലും ഉണ്ടായിരുന്നില്ല എന്നത് തികച്ചും ഖേദകരമാണെന്നും റഫീഖ് കത്തിലൂടെ ആരോപിക്കുന്നു.

രാഹുല്‍ ഗാന്ധി എം.പിക്ക് ഡി.വൈ.എഫ്.ഐ  വയനാട് ജില്ലാ സെക്രട്ടറി കെ.റഫീഖിന്റെ തുറന്ന കത്ത്.??

ബഹുമാനപ്പെട്ട വയനാട് പാര്‍ലമെന്റ് അംഗത്തിന് ഒരു തുറന്ന കത്ത്,

2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട് ലോക്‌സഭാ മണ്ഡലത്തില്‍ നിന്നും  എന്തുകൊണ്ട് താങ്കള്‍ തിരഞ്ഞെടുക്കപ്പെടരുത് എന്ന് രാഷ്ട്രീയ പ്രചരണം നടത്തിയ പൊതുപ്രവര്‍ത്തകനാണ് ഞാന്‍. ദൗര്‍ഭാഗ്യവശാല്‍ നരേന്ദ്രമോദിക്ക് പകരക്കാരനായ ഭാവി പ്രധാനമന്ത്രി എന്ന നിലയില്‍ താങ്കളെ ഉയര്‍ത്തിക്കാണിച്ച് നടത്തിയ രാഷ്ട്രീയ പ്രചരണങ്ങളാണ് ജനങ്ങള്‍ അംഗീകരിച്ചത്. അത്തരത്തില്‍ വലിയ പ്രതീക്ഷയോടെയാണ് താങ്കളെ ജനങ്ങള്‍ ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുത്തത്. ഇപ്പോള്‍ ഞാനടക്കമുള്ള മണ്ഡലത്തിലെ എല്ലാവരുടെയും പ്രതിനിധിയെന്ന നിലയില്‍ മണ്ഡലത്തിന്റെ ജനങ്ങളുടെ ലോക്‌സഭയിലെ പ്രതിപുരുഷനാണ് താങ്കള്‍.

ഏറ്റവും കടുത്ത പ്രതിസന്ധികളിലൂടെ നമ്മുടെ നാട് കടന്ന് പോകുമ്പോള്‍ രാജ്യത്തിന്റെ നിയമനിര്‍മ്മാണ സഭയില്‍ വയനാട് മണ്ഡലത്തിന്റെ പ്രതിനിധിയെന്ന നിലയില്‍ താങ്കള്‍ ഉത്തരവാദിത്വം നിര്‍വ്വഹിക്കുന്നുണ്ടോ? താങ്കളുടെ മണ്ഡലത്തിലെ ബഹുഭൂരിപക്ഷം വരുന്ന കര്‍ഷക ജനതയെ ബാധിക്കുന്ന കര്‍ഷകവിരുദ്ധ ബില്ലുകള്‍ പാര്‍ലമെന്റിന്റെ പരിഗണനയില്‍ വന്നത് താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ? കാലാകാലങ്ങളായി കേന്ദ്രസര്‍ക്കാരുകള്‍ സ്വീകരിച്ച നയപരിപാടികളിലൂടെ പ്രതിസന്ധിയിലായ വലിയ വിഭാഗം കര്‍ഷക  ജനതയെ കൂടിയാണ് ലോക്‌സഭയില്‍ പ്രതിനിധീകരിക്കുന്നതെന്നും താങ്കള്‍ക്ക് ഓര്‍മ്മ കാണുമല്ലോ? എന്നിട്ടും പാര്‍ലമെന്റിന്റെ നിര്‍ണ്ണായകവും ഗൗരവമുള്ളതുമായ  ഒരു സെഷനില്‍ പങ്കെടുക്കാതെ താങ്കള്‍ വിട്ടുനിന്നത് ഏത് കാരണത്താലായാലും നീതികരിക്കപ്പെടുന്നതല്ല. ഈ ലോക്‌സഭ നിലവില്‍ വന്നതിന് ശേഷം ഗൗരവസ്വഭാവമുള്ള നിരവധി നിയമനിര്‍മ്മാണ പ്രക്രിയകളും അവയുടെ ചര്‍ച്ചകളും പാര്‍ലമെന്റില്‍ നടന്നിരുന്നു. അപ്പോള്‍ പലപ്പോഴും അസാന്നിധ്യം കൊണ്ടാണ് താങ്കള്‍ ശ്രദ്ധേയനായത്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ നിയമനിര്‍മ്മാണ സഭയില്‍ ജനങ്ങളുടെ ശബ്ദമാകുക എന്നതാണ് ഒരു ജനപ്രതിനിധിയുടെ പ്രാഥമികവും പ്രധാനവുമായ കടമ എന്നത് താങ്കള്‍ പലപ്പോഴും വിസ്മരിക്കുന്നത് ഖേദകരമാണ്. ഇനിയെങ്കിലും ജനങ്ങള്‍ ഏല്‍പ്പിച്ച ഉത്തരവാദിത്വത്തില്‍ നിന്നും ലാഘവബുദ്ധിയോടെ തെന്നിമാറുന്ന ‘കുട്ടിത്തം’ താങ്കള്‍ ഉപേക്ഷിക്കുമെന്ന് കരുതുന്നു.

തിരഞ്ഞെടുക്കപ്പെട്ട മണ്ഡലത്തില്‍ പകരം ആളെവച്ച്  സാന്നിധ്യമായാല്‍ മതിയെന്ന സമീപനമാണല്ലോ താങ്കള്‍ തുടക്കം മുതല്‍ സ്വീകരിച്ചിരിക്കുന്നത്. ദേശീയ നേതാവാണ്, ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കേണ്ടതുണ്ട്, രാജ്യത്തിന്റെ തെക്കേ അറ്റത്തുള്ള ഒരു പിന്നാക്ക മണ്ഡലത്തില്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ട് എന്ന ന്യായങ്ങളെ ജനങ്ങളാണ് സ്വീകരിക്കേണ്ടതും നിരാകരിക്കേണ്ടതും. പക്ഷെ താങ്കളുടെ സ്ഥിരം പ്രവര്‍ത്തന കേന്ദ്രമായ ഡല്‍ഹിയിലാണ് പാര്‍ലമെന്റ് സമ്മേളനം നടക്കുന്നത്. മണ്ഡലത്തിലെ താങ്കളുടെ അസാന്നിധ്യത്തെക്കാള്‍ ലോക്‌സഭയിലെ താങ്കളുടെ അസാന്നിധ്യമാണ് ഏറെ ഗൗരവകരമായി കാണേണ്ടത്. സാധാരണ കര്‍ഷകരുടെ താല്‍പ്പര്യങ്ങളെ രാജ്യത്തെ കോര്‍പ്പറേറ്റുകളുടെ പണപ്പെട്ടിയില്‍ പണയം വയ്ക്കുന്ന മുന്ന് സുപ്രധാനബില്ലുകള്‍ ലോക്‌സഭയില്‍ അവതരിപ്പിക്കുമ്പോള്‍ അതിന്റെ മേല്‍ ചര്‍ച്ച നടക്കുമ്പോള്‍ തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധിയായ താങ്കള്‍ രാജ്യത്തു പോലും ഉണ്ടായിരുന്നില്ല എന്നത് തികച്ചും ഖേദകരമാണ്. വയനാട് പാര്‍ലമെന്റ് മണ്ഡലത്തിലെ കര്‍ഷകജനത ഈ വിഷയത്തില്‍ താങ്കളോട് പൊറുക്കില്ല എന്ന് തന്നെയാണ് വിശ്വാസം.

2019ല്‍ അഭിമാനപുരസരം താങ്കള്‍ അവതരിപ്പിച്ച  കോണ്‍ഗ്രസ് മാനിഫെസ്റ്റോയിലെ ഒരു വാഗ്ദാനം പുതിയ കര്‍ഷക ബില്ലില്‍ നരേന്ദ്രമോദി കടംകൊണ്ടതെങ്കിലും താങ്കള്‍ അറിഞ്ഞിരിക്കുമല്ലോ. താങ്കളുടെ ശ്രദ്ധയിലേയ്ക്ക് അതൊന്ന് ആവര്‍ത്തിക്കട്ടെ; ‘Congress will repeal the Agricultural Produce Market Committees Act and make trade in agricultural produce-including exports and  inter-state trade-free from all restrictions.’

താങ്കളുടെ പാര്‍ട്ടി പുറത്തിറക്കിയ 2019ലെ പ്രകടനപത്രികയില്‍ കര്‍ഷകര്‍ക്ക് നല്‍കിയ വാഗ്ദാനങ്ങളില്‍ എന്തെങ്കിലും ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ മോദി സര്‍ക്കാര്‍ അവതരിപ്പിച്ച കര്‍ഷക വിരുദ്ധ ബില്ലുകള്‍ക്കെതിരെ താങ്കള്‍ ലോക് സഭയില്‍ മുന്നില്‍ നിന്ന് പോരാടുമായിരുന്നു. താങ്കള്‍ക്ക് ഇത്തരം വിഷയങ്ങളോടുള്ള സമീപനം എത്രമാത്രം ആത്മാര്‍ത്ഥവും സത്യസന്ധവുമാണെന്ന് വിലയിരുത്താനുള്ള അവസരം കൂടിയാണ് ജനങ്ങള്‍ക്ക് മുമ്പിലുള്ളത്.  ഇത്തരം വിഷയങ്ങളില്‍ നിയമനിര്‍മ്മാണ സഭയില്‍ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ നിരന്തരം ഒളിച്ചോടുന്ന ജനപ്രതിനിധിയായി താങ്കള്‍ മാറുന്നത് നിരാശാജനകമാണ്. വാചാടോപങ്ങളുടെ രാഷ്ട്രീയ പ്രതിച്ഛായ കൊണ്ട് ജനങ്ങളുടെ മനസ്സിനെ എത്രനാള്‍   ആകര്‍ഷിച്ചു നിര്‍ത്താന്‍ സാധിക്കുമെന്ന് താങ്കള്‍ വിലയിരുത്തേണ്ട സമയമായി. സാധാരണക്കാരായ വയനാട്ടിലെ ജനത ഏറെ പ്രതീക്ഷകളോടെയാണ് താങ്കളെ ലോക് സഭയിലേയ്ക്ക് തിരഞ്ഞെടുത്തത്. താങ്കള്‍ക്ക് വയനാട് കേവലം ഒരു എന്‍ട്രി പോയിന്റ് മാത്രമായിരിക്കും. എന്നാല്‍ വയനാട് മണ്ഡലത്തിന് ആവശ്യം ലോക് സഭയിലടക്കം പ്രദേശത്തിന്റെ  ജനഹിതം ആര്‍ജ്ജവത്തോടെ അവതരിപ്പിക്കുന്ന ഒരു ജനപ്രതിനിധിയെയാണ് എന്നത് താങ്കള്‍ മറക്കരുത് എന്ന് അപേക്ഷയുണ്ട്.

സന്ദര്‍ഭോചിതമായി ഒരു കാര്യംകൂടി സൂചിപ്പിക്കട്ടെ. വയനാട് മണ്ഡലത്തിലെ ചില പ്രദേശങ്ങള്‍ ബഫര്‍സോണിലാക്കിയ കേന്ദ്രപരിസ്ഥിതി മന്ത്രാലയത്തിന്റെ കരട് ഡ്രാഫ്റ്റിനെതിരെ സംസ്ഥാനസര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്തി താങ്കളുടെ പാര്‍ട്ടിക്കാര്‍ പ്രചരണത്തിലാണ്. ഇത്തരം വിഷയങ്ങളില്‍ തരിമ്പെങ്കിലും ആത്മാര്‍ത്ഥത ഉണ്ടായിരുന്നെങ്കില്‍ ഈ വിഷയത്തില്‍ കേന്ദ്രനിലപാടിനെതിരെ വയനാടിന്റെ ജനപ്രതിനിധിയെന്ന നിലയില്‍ പേരിനെങ്കിലും ഒരു പ്രതിഷേധസ്വരം പാര്‍ലമെന്റില്‍ താങ്കള്‍ക്ക് ഉയര്‍ത്താമായിരുന്നു. എന്തായാലും കേന്ദ്രം കൈക്കൊണ്ട ഒരു നടപടിയിലെ പ്രതിഷേധം ലോക് സഭയില്‍ ഉയര്‍ത്താന്‍ താങ്കള്‍ക്ക് ശേഷിയില്ലെങ്കിലും ആ വിഷയം സംസ്ഥാനസര്‍ക്കാരിനെതിരെ ഉപയോഗിക്കാന്‍ താങ്കളുടെ പാര്‍ട്ടിയിലെ കേരളത്തിലെ നേതാക്കള്‍ കൃത്യമായ ജാഗ്രത കാണിക്കുന്നുണ്ട്. പാര്‍ലമെന്റില്‍ പറയേണ്ടി വരുമ്പോള്‍ പരിമിതി കാണും. കേരളത്തില്‍ പറയാന്‍ അത്തരം പരിമിതികള്‍ കാണില്ലല്ലോ! അതും ജനങ്ങള്‍ വിലയിരുത്തട്ടെ.

ഇനി മറ്റൊരു കാര്യം.

താങ്കള്‍ വയനാട്ടില്‍ നിന്നുള്ള ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം 2019ലെ പ്രളയവും ഇപ്പോഴത്തെ കോവിഡ് മഹാമാരിയും കേരളത്തെ മൊത്തത്തില്‍ പ്രതിസന്ധിയില്‍ ആക്കിയിരുന്നു. സുരക്ഷാ പ്രശ്‌നങ്ങള്‍ മൂലമുള്ള അസൗകര്യവും മണ്ഡലത്തിനും സംസ്ഥാനത്തിനും വെളിയില്‍ നിന്നുള്ള ആള്‍ എന്ന നിലയിലുള്ള താങ്കളുടെ പരിമിതികളും മൂലമാവാം ഒരു ജനപ്രതിനിധിയെന്ന നിലയില്‍  മറ്റു മണ്ഡലങ്ങളിലെ എം.പിമാര്‍ ചെയ്തത് പോലെയെങ്കിലും ജനങ്ങളോട് ഒപ്പം നിന്ന് ഈ ദുരന്തകാലത്ത് പ്രവര്‍ത്തിക്കാന്‍ താങ്കള്‍ക്ക് കഴിയാത്തത്. എന്തായാലും ഈ പ്രതിസന്ധികളെ മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വിഭിന്നമായി കേരളം എങ്ങനെയാണ് നേരിട്ടതെന്ന് താങ്കള്‍ വിലയിരുത്തിയിട്ടുണ്ടാകും. മണ്ഡലത്തില്‍ ചിലയിടത്ത്  താങ്കളുടെ പ്രതിപുരുഷന്മാര്‍ വ്യക്തിയെന്ന നിലയിലുള്ള താങ്കളുടെ സഹായങ്ങള്‍ കൈമാറിയ വിവരം വാര്‍ത്താ മാധ്യമങ്ങളിലൂടെ മനസ്സിലാക്കിയിരുന്നു. ലക്ഷക്കണക്കിന് ജനങ്ങള്‍ അധിവസിക്കുന്ന ഈ വയനാട് മണ്ഡലത്തില്‍ ഇത്തരം വ്യക്തിപരമായ സഹായങ്ങള്‍ വളരെ പരിമിതമായ ഇടപെല്‍ മാത്രമേ ആകുന്നുള്ളു എന്ന ബോധ്യം താങ്കള്‍ക്കും കാണുമല്ലോ. അത്തരത്തില്‍ താങ്കള്‍ നടത്തിയ വ്യക്തിപരമായ ഇടപെടലുകളെ  മാനിക്കുന്നു. ഈയൊരു പ്രതിസന്ധി കാലത്ത് അണ്ണാറക്കണ്ണനും തന്നാലയത് പോലെ എന്ന നിലയില്‍ സഹായങ്ങള്‍ നല്‍കാന്‍ കഴിഞ്ഞ ഒരു യുവജനപ്രസ്ഥാനത്തിന്റെ പ്രവര്‍ത്തകന്‍ എന്ന നിലയില്‍ അത്തരം കൈത്താങ്ങുകളെ വിലകുറച്ച് കാണുകയുമില്ല. നാടിന്റെ ദുരിതകാലത്ത് എം.പി എന്ന നിലയില്‍ ചെയ്ത എത്ര ചെറിയ കാര്യത്തെയും അതേ അര്‍ത്ഥത്തില്‍ ഉള്‍ക്കൊള്ളുകയും ചെയ്യുന്നു. പക്ഷെ ഈ പ്രതിസന്ധി കാലത്ത് താങ്കളുടെ പ്രതിപുരുഷന്മാരിലൂടെ വ്യക്തിപരമായി എന്തുചെയ്തു എന്നതിനെക്കാള്‍ പ്രസക്തമായ ചോദ്യം ഒരു ജനപ്രതിനിധി എന്ന നിലയില്‍ താങ്കള്‍ എന്തു ചെയ്തു എന്നതാണെന്ന് തന്നെ വിശ്വസിക്കുന്നു. ഈ പ്രതിസന്ധികാലത്ത് ജനപക്ഷത്തു നിന്ന് അവര്‍ക്ക് ആശ്വാസമാകുന്ന നടപടികള്‍ സ്വീകരിച്ച ഒരു സര്‍ക്കാരാണ് കേരളം ഭരിക്കുന്നത് എന്നതില്‍ താങ്കള്‍ക്ക് എതിര്‍പ്പ് കാണില്ല എന്ന് വിശ്വസിക്കുന്നു. പ്രളയദുരിതാശ്വാസ സഹായത്തില്‍, ജി.എസ്.ടി വിഹിതത്തില്‍ അടക്കം സംസ്ഥാന സര്‍ക്കാരിനോട് കേന്ദ്രം ചിറ്റമ്മനയം സ്വീകരിക്കുന്ന ഒരു ഘട്ടത്തിലാണ് ഇത്തരം പ്രതിസന്ധികളോട് കേരള സര്‍ക്കാര്‍ പൊരുതുന്നത്. കേന്ദ്രത്തിന്റെ ഇത്തരം സമീപനങ്ങള്‍ക്കെതിരെ പോരാടി കേരളത്തിന് അര്‍ഹമായ കേന്ദ്രസഹായം നേടിയെടുക്കാന്‍ ജനപ്രതിനിധി എന്ന നിലയില്‍ താങ്കള്‍ എന്തെല്ലാം ചെയ്തു എന്നത് ചോദിക്കുകയും വ്യക്തമാക്കപ്പെടുകയും ചെയ്യേണ്ടതുണ്ടെന്ന് തോന്നുന്നു.

ഒരു മണ്ഡലത്തിന്റെ അടിസ്ഥാന വികസനത്തിന് സഹായകമാകേണ്ട എം.പി ഫണ്ട് കോവിഡിന്റെ പേര് പറഞ്ഞ് കേന്ദ്രസര്‍ക്കാര്‍ രണ്ട് വര്‍ഷത്തേക്ക് മരവിപ്പിച്ചിരിക്കുകയാണ്. താങ്കള്‍ അടക്കമുള്ള ജനപ്രതിനിധികള്‍ക്ക് രണ്ട് വര്‍ഷത്തേയ്ക്ക് ഇത്തരത്തില്‍ മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങളില്‍ സ്വന്തം നിലയില്‍ ഒരു സംഭാവനയും ചെയ്യാന്‍ കഴിയില്ല എന്നാണ് ഇതിന്റെ അര്‍ത്ഥം.  ഈ പ്രതിസന്ധി കാലത്ത് മണ്ഡല വികസനത്തില്‍ അമൂല്യമാകുമായിരുന്ന എം.പി ഫണ്ട് മരവിപ്പിച്ച തീരുമാനത്തിനെതിരെ  ഒരു ജനപ്രതിനിധിയെന്ന നിലയില്‍ താങ്കള്‍ക്ക് എന്ത് ചെയ്യാന്‍ സാധിച്ചു എന്നറിയാന്‍ ആഗ്രഹമുണ്ട്.

ഈ പ്രതിസന്ധി കാലത്ത് താങ്കള്‍ ചെയ്ത വ്യക്തിഗത സഹായങ്ങള്‍ നല്ല രീതിയില്‍ പ്രചരിക്കപ്പെടുന്നുണ്ട്. എന്നാല്‍ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളെ ദുരിതത്തിന് വിട്ടുകൊടുക്കാതെ ചേര്‍ത്തു നിര്‍ത്തിയ ഒരു സര്‍ക്കാര്‍ സംവിധാനം ഈ നാട്ടിലുണ്ട്. സൗജന്യറേഷന്‍, ഭക്ഷ്യക്കിറ്റുകള്‍, പെന്‍ഷന്‍, വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂളുകളിലൂടെ ഭക്ഷ്യക്കിറ്റ്, ലോക്ഡൗണ്‍ കാലത്തെ സാമൂഹിക അടുക്കളകള്‍ തുടങ്ങി ജനപക്ഷ സമീപനങ്ങള്‍ സ്വീകരിക്കുന്ന ഒരു സര്‍ക്കാരാണ് കേരളത്തില്‍ ഉള്ളത്. കോവിഡ് പ്രതിസന്ധി കാലത്ത് ദുരിതത്തിലായ സാധാരണ ജനങ്ങളെ ഇത്രയും ചേര്‍ത്തുപിടിച്ച ഏത് സര്‍ക്കാരാണ് രാജ്യത്തുള്ളത്. അത്തരം കാര്യങ്ങള്‍ താങ്കളുടെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ടോ എന്നറിയില്ല. ഇല്ലെങ്കില്‍ വളരെ സുദീര്‍ഘമായ ഈയൊരു പട്ടിക താങ്കള്‍ക്ക് കൈമാറാന്‍ ഞാന്‍ ബാധ്യസ്ഥനാണ്. പറഞ്ഞ് വരുന്നത് താങ്കളുടെ വ്യക്തിഗത സഹായം താങ്കളുടെ പാര്‍ട്ടിക്കാര്‍  ഏറ്റവും പരമമായി ആഘോഷിക്കുകയും സംസ്ഥാന സര്‍ക്കാര്‍ ഈ നാട്ടില്‍ സാധാരണക്കാര്‍ക്ക് വേണ്ടി നടത്തിയ ജനപക്ഷ ഇടപെടലുകളെ അവമതിക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട് കൂടിയാണ് ഒരു ജനപ്രതിനിധി പ്രതിസന്ധി കാലത്ത് എന്ത് ചെയ്തു എന്ന ഓഡിറ്റ് വേണ്ടതുണ്ട് എന്ന് ചിന്തിക്കുന്നത്. സംസ്ഥാന സര്‍ക്കാര്‍ ഈ പ്രതിസന്ധി കാലത്ത് ജനങ്ങളുടെ ജീവിതദുരിതങ്ങളെ അകറ്റാന്‍ നടത്തിയ ഇടപെടലുകളില്‍ സംസ്ഥാനത്തു നിന്നുള്ള ഒരു ജനപ്രതിനിധിയെന്ന നിലയില്‍ താങ്കളുടെ അടയാളപ്പെടുത്തല്‍ എന്തായിരുന്നു എന്നത് വിലയിരുത്തപ്പെടേണ്ടതല്ലെ. ആ ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഈ വിവരങ്ങള്‍ കൂടി സൂചിപ്പിച്ച് പോയത്.

ജനപ്രതിനിധികള്‍/ജനപക്ഷ സര്‍ക്കാര്‍ ജനങ്ങളോടൊപ്പം ഏത് പ്രതിസന്ധിയിലും നില്‍ക്കേണ്ടത് എങ്ങനെ ആണെന്നതിന് കേരളം മികച്ച മാതൃകയാണ്.  അത് ഉള്‍ക്കൊള്ളാനും സാംശീകരിക്കാനും പ്രാവര്‍ത്തികമാക്കാനും ശ്രമിച്ചാല്‍ ഒരു ജനപ്രതിനിധിയെന്ന നിലയിലുള്ള താങ്കളുടെ കാഴ്ചപ്പാടുകള്‍ക്ക് കൂടുതല്‍ തെളിമ വരുമെന്ന് പ്രതീക്ഷിക്കുന്നു.  ഈയൊരു അവസരം താങ്കള്‍ വേണ്ടവിധം ഉപയോഗിക്കുമെന്നും തിരഞ്ഞെടുത്ത ജനങ്ങളുടെ പ്രതീക്ഷ കാക്കുമെന്നും പ്രതീക്ഷിക്കുന്നു. ഉത്തര്‍പ്രദേശില്‍ നിന്നും കേരളത്തില്‍ എത്തിയത് താങ്കളുടെ പാര്‍ലമെന്ററി ജീവിതത്തിലും ജനപക്ഷ ഇടപെടലിലും സഹായവും കരുത്തും ആകട്ടെയെന്ന് ആശംസിക്കുന്നു. പ്രതിപുരുഷന്മാര്‍ക്ക് യഥാര്‍ത്ഥ ജനപ്രതിനിധി  ആകാന്‍ കഴിയില്ല എന്നത് കേരളത്തിന്റെ പശ്ചാത്തലത്തില്‍ ഒരു നഗ്‌ന യാഥാര്‍ത്ഥ്യമാണ് എന്നതും താങ്കള്‍ തിരിച്ചറിയണമെന്ന് ആഭ്യര്‍ത്ഥിക്കുന്നു.

NB: താങ്കളുടെ ശുപാര്‍ശയില്‍ ലഭിക്കേണ്ട ഒരു സീറ്റ് ബി.ജെ.പി നേതാവിന്റെ വേണ്ടപ്പെട്ടവര്‍ക്ക് കിട്ടിയെന്ന് വാര്‍ത്ത കണ്ടു. പ്രതിപുരുഷന്മാര്‍ മണ്ഡലത്തിലെ ജനങ്ങളുടെ താല്‍പ്പര്യം താങ്കളുടെ താല്‍പ്പര്യാര്‍ത്ഥം സംരക്ഷിക്കുന്നവരാണോ സ്വന്തം താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്നവരാണോ എന്ന് കൂടി താങ്കള്‍ക്ക് വിലയിരുത്താല്‍ ഈയൊരു വിഷയം സഹായകമാകട്ടെ. better late than never എന്നത് മറക്കാതിരിക്കുമല്ലോ.

അഭിവാദനങ്ങളോടെ
കെ.റഫീഖ്

Leave A Reply

Your email address will not be published.

error: Content is protected !!