കോവിഡ്-19-പ്രളയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ മാനന്തവാടി മണ്ഡലതല ജാഗ്രത സമിതി രൂപീകരിച്ചു

0

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കുന്നതിന്റെയും, പ്രളയ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നതിന്റേയും  ഭാഗമായി മാനന്തവാടി മണ്ഡലതല ജാഗ്രതാ സമിതി രൂപീകരിച്ചു.കഴിഞ്ഞ ദിവസം കലക്ടേറ്റില്‍ ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ തീരുമാനപ്രകാരമാണ് മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു ജാഗ്രതാ സമിതി രൂപീകരണ യോഗം വിളിച്ച് ചേര്‍ത്തത്.കോവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിലും, പ്രളയത്തെ മുന്നില്‍ കണ്ടും  വിവിധ വകുപ്പുകളെ സംയോജിപ്പിച്ച് കൊണ്ട് മണ്ഡലതലത്തില്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിച്ച് മുന്നോട്ടു പോകും. ശേഷം പഞ്ചായത്ത്തല ജാഗ്രതാ സമിതികളും, വാര്‍ഡുതല ജാഗ്രതാ സമിതികളും കൂടുതല്‍ ശക്തിപ്പെടുത്തും.

പഞ്ചായത്ത് തല ജാഗ്രതാ സമിതികള്‍ എല്ലാ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ അവലോകനം ചെയ്യും. എല്ലാ തിങ്കളാഴ്ചയും രാവിലെ വാര്‍ഡ് തല സമിതികള്‍ ചേര്‍ന്ന് പ്രദേശത്തെ വിഷയങ്ങള്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ക്ക് സമര്‍പ്പിക്കും. പഞ്ചായത്ത് തലത്തില്‍ തുടങ്ങുന്ന സിഎഫ്എല്‍ടി സെന്ററുകളെ സംബന്ധിച്ചും നടത്തിപ്പുമെല്ലാം ബന്ധപ്പെട്ട പഞ്ചായത്ത്-വാര്‍ഡ്തല ജാഗ്രതാസമിതികളുടെ നേതൃത്വത്തില്‍ നടത്തും. മണ്ഡലത്തിലെ ജാഗ്രതാസമിതി ചെയര്‍മാനായി മാനന്തവാടി എംഎല്‍എ ഒ.ആര്‍ കേളു, കണ്‍വീനറായി മാനന്തവാടി തഹസില്‍ദാര്‍  ജോസ്പോള്‍ ചിറ്റിലപ്പള്ളി എന്നിവര്‍ പ്രവര്‍ത്തിക്കും. ജാഗ്രതാ സമിതിയില്‍ ക്രമസമാധാന ചുമതല മാനന്തവാടി ഡി.വൈ.എസ്.പി എ ടി ചന്ദ്രന്‍   നേതൃത്വം നല്‍കും. ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഡെപ്യൂട്ടി ഡിഎംഒ ഡോ.നൂന മെര്‍ജ നിര്‍വഹിക്കും. തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട പി സന്തോഷ് കുമാറിനേയും ചുമതലപ്പെടുത്തി. പട്ടിക വര്‍ഗ്ഗ വകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിന് മാനന്തവാടി ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ ജി. പ്രമോദിനേയും യോഗം ചുമതലപ്പെടുത്തി. മണ്ഡലത്തിലെ വ്യാപാരി-വ്യവസായി നേതാക്കളുടേയും പൊതുസ്ഥാപനങ്ങളിലെ അധികാരികളുടെയും യോഗം ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വിളിച്ച് ചേര്‍ക്കും. അതാത് പ്രദേശത്ത് ഏര്‍പ്പെടുത്തേണ്ട നിയന്ത്രങ്ങള്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതികള്‍ കൈക്കൊള്ളാനും തീരുമാനമായി.വരും ദിവസങ്ങളില്‍ നടത്തേണ്ട പ്രവര്‍ത്തനങ്ങള്‍ ജാഗ്രതാ സമിതി നിരന്തരം വിലയിരുത്തും.

Leave A Reply

Your email address will not be published.

error: Content is protected !!