ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു
തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി കുടുംബശ്രീയുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന ബഡ്സ് റിഹാബിലിറ്റേഷന്‍ സെന്ററിന്റെ ഉദ്ഘാടനം മാനന്തവാടി എം.എല്‍.എ ഒ.ആര്‍.കേളു നിര്‍വഹിച്ചു. മാനസികവും ശാരീരികവുമായ വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് വ്യക്തിത്വ വികസനവും, തൊഴില്‍ നൈപുണ്യവും ലക്ഷ്യമിട്ട് വിവിധങ്ങളായ പരിപാടികളാണ് ബഡ്സ് സെന്ററിലൂടെ നടത്തുന്നത്.ഇവര്‍ക്കാവശ്യമായ എല്ലാ സൗകര്യവും സെന്ററില്‍ ഒരുക്കിയിട്ടുണ്ട്.കുടുംബശ്രീയുടെ സഹകരണത്തോടെ 24 ലക്ഷം രൂപ ചിലവഴിച്ചാണ് ബഡ്സ് സെന്റര്‍ ആരംഭിച്ചത്. പഞ്ചായത്ത് പ്രസിഡന്റ് പി.എ. ബാബു അദ്ധ്യക്ഷനായിരുന്നു. കുടുംബശ്രീ ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ പി.സാജിത മുഖ്യ പ്രഭാഷണം നടത്തി. വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വി.സി സലിം, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ മൈമൂനത്ത്,വേണു മുള്ളോട്ട്,സിന്ധു ചന്ദ്രശേഖരന്‍,അസിസ്റ്റന്റ് സെക്രട്ടറി എം.സലിം എന്നിവര്‍ സംസാരിച്ചു.