ഇടങ്ങളും അടയാളങ്ങളും ചിത്ര പ്രദര്‍ശനം തുടങ്ങി
മാനന്തവാടി: ആദിവാസി വിഭാഗങ്ങളുടെ ജീവിത നേര്‍ക്കാഴ്ചകളുമായി സ്‌പെയ്‌സ് ആന്റ് സൈന്‍ ചിത്ര പ്രദര്‍ശനം മാനന്തവാടി ലളിതകല അക്കാദമി ആര്‍ട്ട് ഗ്യാലറിയില്‍ ആരംഭിച്ചു. ആദിവാസി വിഭാഗത്തില്‍ നിന്ന് ആദ്യ ബി.എഫ്.എ ബിരുദം കരസ്ഥമാക്കിയ പനമരം, അരിഞ്ചര്‍മല, എരിക്കലാട്ടു പുരക്കല്‍ രാജേഷ് അഞ്ചിലേനും, പാലക്കാട്, മങ്കര, പുളിനല്ലി നായര്‍ വീട് ശ്രീവല്‍സന്‍ മങ്കരയുമാണ് അടയാളങ്ങളും ഇടങ്ങളും പ്രദര്‍ശനം ഒരുക്കിയിരിക്കുന്നത്. വിവിധ മീഡിയകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍, ഫോട്ടോകള്‍, ഗ്രാഫിക്‌സ്, ശില്‍പ്പങ്ങള്‍ എന്നിവ ഉള്‍പ്പെടെ 50 ഓളം സൃഷ്ട്ടികളാണ് പ്രദര്‍ശനത്തിലുള്ളത്. ബാച്ചിലര്‍ ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് ബിരുദധാരികളായ ഇരുവരും നിരവധി പ്രദര്‍ശനങ്ങള്‍ സംഘടിപ്പിച്ചിട്ടുണ്ട്. ആദിവാസി വിഭാഗങ്ങളുമായി ബന്ധപ്പെട്ട ആചാരങ്ങള്‍, അനുഷ്ഠാനങ്ങള്‍, മിത്തുകള്‍, പരമ്പരാഗത രീതികള്‍, എന്നിവയെല്ലാമാണ് ചിത്രങ്ങളിലും, ശില്‍പ്പങ്ങളിലും ആവിഷ്‌ക്കരിച്ചിരിക്കുന്നത്.രാജേഷ് എച്ചോം സഹോദയ ഹയര്‍ സെക്കണ്ടറി സ്‌ക്കൂളിലെ ചിത്രകലാ അധ്യാപകനും, ശ്രീവല്‍സന്‍ കല്‍പ്പറ്റ ഗവ: മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌ക്കുളിലെ ചിത്രകലാ അധ്യാപകനുമാണ്. പ്രദര്‍ശനം മെയ് 5 ന് സമാപിക്കും.