പിതൃസ്മരണയില്‍ രാഹുല്‍ഗാന്ധി തിരുനെല്ലിയില്‍
രണ്ടാം വയനാട് സന്ദര്‍ശന ദിവസമായ ഇന്ന് രാവിലെ 10 മണിയോടെയാണ് വയനാട് മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയും കോണ്‍ഗ്രസ് അധ്യക്ഷനുമായ രാഹുല്‍ ഗാന്ധി തിരുനെല്ലിയില്‍ എത്തിയത്. പിതാവ് രാജീവ് ഗാന്ധിയുടെ ചിതാഭസ്മം ഒഴുക്കിയ തിരുനെല്ലി പാപനാശിനിയില്‍ രാഹുല്‍ഗാന്ധി പിതൃബലിതര്‍പ്പണം നടത്തി. മഹാ തീര്‍ത്ഥങ്ങള്‍ സാക്ഷിയാക്കി തിരുനെല്ലി ശാന്തിയില്‍ നിന്ന് ദര്‍ഭമോതിരം സ്വീകരിച്ച് പിതൃക്കള്‍ക്ക് വേണ്ടി രാഹുല്‍ നടത്തിയ ബലിതര്‍പ്പണ ചടങ്ങ് വൈകാരികത മുറ്റ് നില്‍ക്കുന്നതായിരുന്നു. മാവോയിസ്റ്റ് ഭീഷണിയുള്ള തിരുനെല്ലിയില്‍ രാഹുലിന്റെ സന്ദര്‍ശം അതീവ സുരക്ഷാ സംവിധാനങ്ങളോടെയായിരുന്നു.
ഇന്ന് കാലത്ത് 9.58 ഓടെയാണ് പ്രത്യേക ഹെലികോപ്റ്ററില്‍ രാഹുല്‍ ഗാന്ധി തിരുനെല്ലിയിലെ എസ്.എ എല്‍.പി സ്‌കൂളില്‍ എത്തിയത്. മുതിര്‍ന്ന കോണ്‍ഗ്രസ്സ് നേതാക്കളായ മുകുള്‍ വാസ്നിക്, തങ്കബാലു, ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍, തുടങ്ങിയവര്‍ രാഹുലിനെ ഹെലികോപ്ടറില്‍ അനുഗമിച്ചു. തിരുനെല്ലി പാപനാശിനിയിലെ ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് ശേഷം 11.32 ഓടെ സ്‌കൂള്‍ അങ്കണത്തിലെ ഹെലിപാഡില്‍ തിരിച്ചെത്തി രാഹുല്‍ ഗാന്ധി ബത്തേരിയിലെക്ക് പോയി. ഹെലികോപ്റ്റര്‍ ഇറങ്ങിയപ്പോഴും തിരിച്ച് പോകുമ്പോഴും രാഹുല്‍ നാട്ടുകാരുമായി കുശലം പറയാനും അഭിവാദ്യം ചെയ്യാനും സമയം കണ്ടെത്തി. അതേസമയം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.