കല്‍പ്പറ്റയില്‍ നവജാത ശിശുവിനെ കഴുത്തു ഞെരിച്ചു കൊലപ്പെടുത്തി മൃതദേഹം ഉപേക്ഷിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. നേപ്പാള്‍ സ്വദേശികളായ മഞ്ജു സൗദ് , അമര്‍ ബാദുര്‍ സൗദ് , റോഷന്‍ സൗദ് എന്നിവരെയാണ് കല്പറ്റ പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മെയ് മാസത്തിലാണ് കേസിനാസ്പദമായ സംഭവം. കല്‍പറ്റ പള്ളിതാഴെ എന്ന സ്ഥലത്തുള്ള റൊസേറ്റ കാസ്റ്റില്‍ എന്ന സ്ഥാപനത്തില്‍ ജോലി ചെയ്തു താമസിച്ചു വരികയായിരുന്ന 7 മാസം ഗര്‍ഭിണിയായിരുന്ന യുവതിയെ ആണ്‍ സുഹൃത്ത് റോഷനും റോഷന്റെ അമ്മയായ മഞ്ജു സൗദും ഗര്‍ഭഛിദ്രം നടത്തുന്നതിനായി മരുന്നുകള്‍ നല്‍കുകയും രണ്ട് ദിവസങ്ങള്‍ക്കു ശേഷം ശുചിമുറിയില്‍ വച്ച് യുവതി പ്രസവിക്കുകയുമായിരുന്നു. ആ കുഞ്ഞിനെ റോഷന്റെ അമ്മ കയ്യിലെടുത്തു കഴുത്തു ഞെരിച്ച് കൊലപ്പെടുത്തി മരണം ഉറപ്പാക്കിയ ശേഷം തുണിയില്‍ കെട്ടിപ്പൊതിഞ്ഞ് വൈത്തിരിയിലെ ആളൊഴിഞ്ഞ സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. റോഷന്റെ അച്ഛനായ അമര്‍ ഇതിന് കൂട്ടുനില്‍ക്കുകയും ചെയ്തു. നേപ്പാളിലെ സെമിന്‍പൂള്‍ സ്വദേശിയായ യുവതിയുടെ പരാതിയില്‍ കേസെടുത്ത് നടത്തിയ അന്വേഷണത്തില്‍ പ്രതികളെ പിടികൂടി ചോദ്യം ചെയ്തതില്‍ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവത്തിനു പിന്നാലെ നേപ്പാളിലേക്ക് പോയ യുവതി കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തി കല്‍പ്പറ്റ പൊലീസില്‍ പരാതി നല്‍കിയത്.