പുല്‍പ്പള്ളി:വയോധികനെ വീട്ടില്‍ വിളിച്ചുവരുത്തി ഗുരുതരമായി ആക്രമിച്ച് പരിക്കേല്‍പ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പ്രതികള്‍കൂടി അറസ്റ്റില്‍. കഴിഞ്ഞ ദിവസം പിടിയിലായ മുഖ്യപ്രതി പെരിക്കല്ലൂര്‍ പുതിശ്ശേരി റോജി (45)യുടെ സഹോദരന്‍ മത്തായി (55), സഹായി പെരിക്കല്ലൂര്‍ പഞ്ഞിമുക്കിലെ നെല്ലിക്കാട്ട് രഞ്ജിത്ത് (33) എന്നിവരെയാണ് വ്യാഴാഴ്ച രാവിലെ പുല്‍പ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മൂന്ന് പ്രതികള്‍ക്കുമെതിരെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ പ്രകാരമാണ് പോലീസ് കേസെടുത്തിട്ടുള്ളത്. അക്രമത്തിനിരയായ പെരിക്കല്ലൂര്‍ ചാത്തംകോട്ട് ജോസഫ് (ജോബിച്ചന്‍-60) സഞ്ചരിച്ച സ്‌കൂട്ടര്‍ ഇടിച്ചിടാന്‍ ഉപയോഗിച്ച മുഖ്യ പ്രതിയുടെ ഓമ്‌നി വാനും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അക്രമസംഭവം നടന്ന റോജിയുടെ പെരിക്കല്ലൂര്‍ ക്ഷീരസംഘത്തിന് സമീപത്തെ വീട്ടുവളപ്പില്‍ ഫോറന്‍സിക്ക് ഉള്‍പ്പെടെയുള്ള ശാസ്ത്രീയ അന്വേഷണ വിഭാഗവും ബത്തേരി ഡി.വൈ.എസ്.പി. കെ.കെ. അബ്ദുള്‍ ഷരീഫും പരിശോധന നടത്തി. ആക്രമണത്തില്‍ വലത് കാല്‍ അറ്റുതൂങ്ങിയ ജോസഫ് ഇപ്പോഴും മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ തീവ്രപരചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഇയാളുടെ മൊഴിയെടുത്ത ശേഷമാണ് പോലീസ് മറ്റു രണ്ട് പ്രതികളെകൂടി കേസില്‍ പ്രതി ചേര്‍ത്തത്. വ്യാഴാഴ്ച വൈകുന്നേരത്തോടെ മൂന്നു പേരെയും ബത്തേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി, പ്രതികളെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണങ്ങള്‍ക്ക് പ്രതികളെ പോലീസ് കസ്റ്റഡിയില്‍ തെളിവെടുപ്പ് നടത്തുമെന്നും പോലീസ് പറഞ്ഞു.