മൂലങ്കാവ് ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിദ്യാര്‍ത്ഥിയെ സഹപാഠികള്‍ മര്‍ദ്ദിച്ച സംഭവത്തില്‍ സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുത്തു. ആറ് വിദ്യാര്‍ഥികള്‍ക്കെതിരെയാണ് അസഭ്യം പറയല്‍, തടഞ്ഞു വയ്ക്കല്‍, മര്‍ദ്ദനം, ആയുധം ഉപയോഗിച്ചുള്ള പരുക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്തിരിക്കുന്നത്. മര്‍ദ്ദനമേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശബരീനാഥിന്റെ മൊഴി രേഖപ്പെടുത്തിയതിനു ശേഷമാണ് സുല്‍ത്താന്‍ ബത്തേരി പോലീസ് കേസെടുത്തത്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ശബരിനാഥിന്നെ സഹപാഠികള്‍ മര്‍ദ്ദിക്കുകയും കത്രിക ഉപയോഗിച്ച് കുത്തി പരിക്കേല്‍പ്പിക്കുകയും ചെയ്തത്. സംഭവമായി ബന്ധപ്പെട്ട് രണ്ടു വിദ്യാര്‍ത്ഥികളെ സ്‌കൂള്‍ അധികൃതര്‍ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു. സംഭവം അന്വേഷിക്കാന്‍ സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ ചെയര്‍മാനായ ഏഴംഗസമിതിയെയും ഇന്നലെ ചേര്‍ന്ന പി ടി എ എക്‌സിക്യൂട്ടിവ് യോഗം നിയോഗിച്ചിട്ടുണ്ട്. കൂടാതെ വിദ്യാഭ്യാസ മന്ത്രിയും അന്വേഷണത്തിന് ഉത്തരവിട്ടുണ്ട്.