കാട്ടാനകള്‍ വ്യാപകമായി കൃഷി നശിപ്പിച്ചു

0

വേലിയമ്പത്ത് കാട്ടാനകളിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. ഇലവുങ്കല്‍ സെബാസ്റ്റ്യന്‍, അലക്സ് എന്നിവരുടെ കുമക്, വാഴ, കുരുമുളക് തുടങ്ങിയ കൃഷികളാണ് കഴിഞ്ഞ ദിവസമിറങ്ങിയ കാട്ടാനകള്‍ ചവിട്ടി നശിപ്പിച്ചത്. നെയ്ക്കുപ്പ വനത്തിലെ ചുള്ളിക്കാട് ഭാഗങ്ങളില്‍ നിന്ന് സന്ധ്യയോടെ കിടങ്ങും ഫെന്‍സിങും മറികടന്ന് ആനകള്‍ കൃഷിയിടങ്ങളിലിറങ്ങി നേരം പുലരുന്നതുവരെ കൃഷിയിടത്തില്‍ തമ്പടിക്കുന്നത് സ്ഥിരമാണ്. ശല്യം രൂക്ഷമായിട്ടും ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടിയില്ലെന്നാണ് കര്‍ഷകരുടെ പരാതി.

പെരുമുണ്ട ശശി, പെരുമുണ്ട കാളപ്പന്‍, കുന്നത്ത് സലിജ, കൊച്ചുപുരയില്‍ തോമസ്, ബേബി, തങ്കച്ചന്‍ തുടങ്ങിയവരുടേയും കൃഷിയിടങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കാട്ടാന നശിപ്പിച്ചു. വൈദ്യുതി വേലി വരെ ആനകള്‍ മരം തള്ളിയിട്ടാണ് വനാതിര്‍ത്തിയില്‍ നിന്നും കൃഷിടിത്തിലേക്കിറങ്ങുന്നത്. ആഴ്ചകളായി വേലിയമ്പം, ചണ്ണക്കൊല്ലി, കണ്ടാമല, ഭൂദാനം, മരകാവ് മേഖലകളില്‍ ആന ശല്യം രൂക്ഷമാണ്. ആനശല്യം രൂക്ഷമായിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും ശല്യക്കാരായ ആനകളെ ഉള്‍വനത്തിലേക്ക് തുരത്താന്‍ നടപടിയില്ലെന്നാണ് കര്‍ഷകരുടെ പരാതി. കഴിഞ്ഞ ദിവസങ്ങളില്‍ മരകാവ്, ഭൂദാനം പ്രദേശങ്ങളില്‍ ഇറങ്ങിയ ആന പ്രദേശത്തെ കര്‍ഷകരുടെ തെങ്ങ്, വാഴ, കമുക് തുടങ്ങിയ വിളകള്‍ വ്യാപകമായി നശിപ്പിച്ചിരുന്നു. നെയ്ക്കുപ്പ വനത്തില്‍ നിന്നും കൂട്ടമായിറങ്ങുന്ന ആനകള്‍ കഴിഞ്ഞ ദിവസം മൂഴിമലയിലും നിരവധി കര്‍ഷകരുടെ കാര്‍ഷിക വിളകള്‍ വ്യാപകമായി നശിപ്പിച്ചിട്ടും വനംവകുപ്പിന്റെ ഭാഗത്തുനിന്നും യാതൊരു നടപടിയുമില്ലാത്തതില്‍ പ്രതിഷേധിച്ച് പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ് നാട്ടുകാര്‍.

കഴിഞ്ഞ വര്‍ഷം ആന ശല്യം വര്‍ധിച്ചപ്പോള്‍ നാട്ടുകാരുടേയും ജനപ്രതിനിധികളുടേയും വനംവകുപ്പ് ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ വിളിച്ചു ചേര്‍ത്ത ജാഗ്രതാ സമിതി യോഗത്തില്‍ വനാതിര്‍ത്തിയില്‍ തകര്‍ന്നുകിടക്കുന്ന കിടങ്ങും ഫെന്‍സിങും നന്നാക്കാന്‍ നടപടി സ്വീകരിക്കാമെന്നും വനാതിര്‍ത്തികളില്‍ വാച്ചര്‍മാരെ നിയമിച്ച് കൃഷിയിടങ്ങളിലിറങ്ങുന്ന ആനകളെ തുരത്താനും നടപടി സ്വീകരിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഈ ഉറപ്പുകള്‍ പാലിക്കാത്തതാണ് മേഖലയിലെ ആന ശല്യം വീണ്ടും രൂക്ഷമാകാന്‍ കാരണമെന്ന് നാട്ടുകാര്‍ പറഞ്ഞു. ആനയെ ഭയന്ന് പുലര്‍ച്ചെ ക്ഷീരസംഘങ്ങളില്‍ പാലളക്കാന്‍ പോകാന്‍പോലും കഴിയാത്ത അവസ്ഥയാണെന്നും നാട്ടുകാര്‍ പറഞ്ഞു.

Leave A Reply

Your email address will not be published.

error: Content is protected !!