മലയോര ഹൈവേ ഡിസംബറോടെ പൂര്‍ത്തിയാവും

0

മലയോര ഹൈവേയുടെ നിര്‍മ്മാണ പ്രവര്‍ത്തി ഡിസംബറോടെ പൂര്‍ത്തിയാവും. ബോയ്സ് ടൗണില്‍ നിന്നും ആരംഭിച്ച് തലപ്പുഴ, മാനന്തവാടി വഴി കോഴിക്കോട് റോഡിലൂടെ നാലാം മൈല്‍, പനമരം, പച്ചിലക്കാട് വരെയും വാളാട് മുതല്‍ കുങ്കിച്ചിറ വരെയും ഉള്ള റോഡുകള്‍ ആണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. 140 കോടിയോളം രൂപയാണ് പദ്ധതിക്കായി ചിലവിടുന്നത്. ഇതുവരെയായി 43 കിലോമീറ്റര്‍ ദൂരത്തില്‍ 32 കിലോമീറ്ററോളം ടാറിംഗ് പൂര്‍ത്തിയായി.

കിഫ്ബി പദ്ധതിയുടെ ഭാഗമായി കേരള റോഡ് ഫണ്ട് ബോര്‍ഡിന്റെ നേതൃത്വത്തില്‍ ഊരാളുങ്കല്‍ സൊസൈറ്റിയാണ് കരാര്‍ ഏറ്റെടുത്തിരിക്കുന്നത്. ബോയ്സ് ടൗണ്‍ മുതല്‍ മാനന്തവാടി ഗാന്ധി പാര്‍ക്ക് വരെ 12.8കി.മീ ദൂരവും, ഗാന്ധി പാര്‍ക്ക് മുതല്‍ പച്ചിലക്കാട് വരെ 19.5 കി.മീ ദൂരവും , വാളാട് മുതല്‍ കുങ്കിച്ചിറ വരെ 10.7 കി.മീ ദൂരവുമാണ് നിലവില്‍ പദ്ധതി നടപ്പിലാക്കി വരുന്നത്. കാലവസ്ഥ അനുകൂലമായാല്‍ അടുത്തമാസം ആദ്യത്തോടെ ടാറിംഗ് പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കും. 79 കലുങ്കുകള്‍ നിലവില്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. ഇനി നാലോളം കലുങ്കുകള്‍ മാത്രമേ നിര്‍മ്മിക്കാനുള്ളൂ.കൂടാതെ എസ്റ്റിമേറ്റിലില്ലാത്ത രണ്ട് ചെറുപാലങ്ങളും കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ നിര്‍മ്മിച്ചിട്ടുണ്ട്.ഇതോടെ ഡ്രൈനേജ് പ്രവര്‍ത്തികളും നടന്നു വരികയാണ്.

മാനന്തവാടി നഗരത്തില്‍ കെ ടി കവലയിലാണ് പ്രധാന ജോലി നടത്തുവരുന്നത്. ഒ ആര്‍ കേളു എംഎല്‍എ നേരിട്ട് എത്തി പ്രവര്‍ത്തികള്‍ പരിശോധിച്ചു. ഈ പദ്ധതി മണ്ഡലത്തിലെ മാനന്തവാടി നഗരസഭയിലൂടെയും തവിഞ്ഞാല്‍ , തൊണ്ടര്‍നാട്, എടവക , വെള്ളമുണ്ട , പനമരം ഗ്രാമ പഞ്ചായത്തിലൂടെയും ആണ് കടന്നു പോകുന്നത്. വടക്കേ വയനാടും തെക്കേ വയനാടും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന പാത എന്ന നിലയില്‍ പദ്ധതി കടന്നു പോകുന്ന റോഡിന് വലിയ പ്രാധാന്യം ഉണ്ട്. കാസര്‍ഗോഡ് ജില്ലയില്‍ നിന്നും ആരംഭിച്ച് കണ്ണൂര്‍ ജില്ല കടന്ന് ബോയ്സ്ടൗണിലെത്തുന്നതോടെയാണ് പദ്ധതി മാനന്തവാടി നിയോജക മണ്ഡലത്തില്‍ ആരംഭിക്കുന്നത്. റോഡ് പൂര്‍ത്തിയാകുന്നതോടെ സുഖമമായ യാത്രക്കൊപ്പം തന്നെ കാര്‍ഷികോത്പന്നങ്ങള്‍ അതിവേഗം വിപണിയിലെത്തിക്കാന്‍ കഴിയും.

 

Leave A Reply

Your email address will not be published.

error: Content is protected !!