മുപ്പൈനാട് പഞ്ചായത്ത് പാലിയേറ്റീവ് പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട സി.പി.എം ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് പഞ്ചായത്ത് ഭരണസമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. പ്രാദേശിക സര്‍ക്കാറുകള്‍ക്ക് പാലിയേറ്റീവ് മേഖലയില്‍ വിനിയോഗിക്കാന്‍ സര്‍ക്കാര്‍ അനുവദിക്കുന്ന തുക രോഗികളുടെ വര്‍ധനവ് കാരണം മതിയാവാതെ വരുന്നതിനാലാണ് രോഗീ പരിചരണം സജീവമാക്കുന്നതിന് കൂട്ടായ തീരുമാനമെടുത്തതെന്നും, ഇതിന്റെ ഭാഗമായാണ് ബഹുജന പങ്കാളിത്തത്തോടെ പിരിവ് നടത്തിയതെന്നും ഭാഹവാഹികള്‍ വ്യക്തമാക്കി.
2022 -23 സാമ്പത്തിക വര്‍ഷം പഞ്ചായത്ത് മുന്‍കൈയെടുത്ത് ക്യാമ്പയിന്‍ നടത്തി 767722 രൂപ സമാഹരിച്ചിരുന്നു. സാമ്പത്തിക ഇടപാടുകള്‍ ലോക്കല്‍ ഫണ്ട് ഓഡിറ്റ്, സോഷ്യല്‍ ഓഡിറ്റുകള്‍ക്ക് വിധേയമാണെന്നും, ഈ വിഷയത്തില്‍ ഒരു പോരായ്മയും ഇതുവരെ ആരും ചൂണ്ടിക്കാണിച്ചിട്ടില്ലെന്നും ഭാരവാഹികള്‍ പറഞ്ഞു. പാലിയേറ്റീവ് കമ്മിറ്റിയില്‍ നിന്ന് രാജിവെക്കുന്നതിന്റെ തലേദിവസം വരെ സി.പി.എം ലോക്കല്‍ സെക്രട്ടറി വാര്‍ഡ് തല പാലിയേറ്റീവ് കണ്‍വെന്‍ഷനുകള്‍ സജീവമായിരുന്നവെന്നും, പാലിയേറ്റീവ് കമ്മിറ്റിയില്‍ ഭൂരിപക്ഷം പേരും സി.പി.എം അംഗങ്ങളാണെന്നും ഭരണ സമിതി അംഗങ്ങള്‍ പറഞ്ഞു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വി.എന്‍. ശശീന്ദ്രന്‍, വൈസ് പ്രസിഡന്റ് ഷൈബാന്‍ സലാം, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. റഫീഖ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി.കെ. സാലിം, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡയാന മച്ചാദോ,ആര്‍. ഉണ്ണികൃഷ്ണന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.