റംസാന്‍ വ്രതാനുഷ്ഠാനത്തിനിടയിലെ ഇഫ്താര്‍ വിരുന്നുകളും ഭരണഘടനാ സംരക്ഷണത്തിന്റെ ഉത്തരവാദിത്വം നിറവേറ്റാനുള്ള ബാധ്യത ഓര്‍മ്മപ്പെടുത്തുന്നുവെന്ന് ജനപ്രതിനിധികളും വിവിധ രാഷ്ട്രീയ നേതാക്കളും അഭിപ്രായപ്പെട്ടു. മത സൗഹാര്‍ദ്ദത്തിന്റെ വേദികള്‍ ഇന്ത്യയുടെ മതേതര ജനാധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതാണന്നും കല്‍പ്പറ്റയില്‍ ജമാ അത്തെ ഇസ്ലാമി സംഘടിപ്പിച്ച ഇഫ്താര്‍ സംഗമത്തില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.റംസാന്‍ നോമ്പ് പകുതി പിന്നിട്ട സാഹചര്യത്തിലാണ് വിവിധ പാര്‍ട്ടിയിലെ ജില്ലാ നേതാക്കളെയും ജനപ്രതിനിധികളെയും പൗരപ്രമുഖരെയും ഉള്‍പ്പെടുത്തി കല്‍പ്പറ്റ ഓഷിന്‍ ഓഡിറ്റോറിയത്തില്‍ ഇഫ്താര്‍ സംഗമം നടത്തിയത്. എം.എല്‍.എ ടി.സിദ്ദീഖ്, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സംഷാദ് മരക്കാര്‍, കല്‍പ്പറ്റ നഗരസഭാ ചെയര്‍പേഴ്‌സണ്‍ അഡ്വ.ടി.ജെ. ഐസക് തുടങ്ങിയവര്‍ ആശയങ്ങള്‍ പങ്കുവെച്ചു.
യോഗത്തില്‍ ജമാഅത്തെ ഇസ്ലാമി ജില്ലാ പ്രസിഡന്റ് ടി.പി യൂനുസ് അധ്യക്ഷനായിരുന്നു. സംഗമത്തില്‍ സമൂഹത്തിന്റെ വിവിധ മേഖലകളില്‍ ഉള്ളവര്‍ പങ്കെടുത്തു. സി.പി.ഐ ജില്ലാ സെക്രട്ടറി ഇ. ജെ ബാബു, മുന്‍ പാളയം ഇമാം യൂസഫ് നദ്വി, എഴുത്തുകാരി പ്രീത പ്രിയദര്‍ശിനി തുടങ്ങിയവര്‍ സംസാരിച്ചു . സി.കെ ഷമീര്‍, കെ.മുസ്തഫ എന്നിവര്‍ നേതൃത്വം നല്‍കി.