വയനാട് പൂക്കോട് വെറ്ററിനറി കോളജില്‍ സിദ്ധാര്‍ഥന്‍ സ്ഥിരമായി റാഗിങ്ങിന് ഇരയാകാറുണ്ടായിരുന്നയെന്ന കണ്ടെത്തലുമായി ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോര്‍ട്ട്. ക്യാംപസില്‍ സജീവമായിരുന്ന സിദ്ധാര്‍ഥനെ വരുതിയിലാക്കണമെന്ന് കോളജ് യൂണിയന്‍ നേതൃത്വം തീരുമാനിച്ചിരുന്നതിന്റെ അടിസ്ഥാനത്തിലായിരുന്നു തുടര്‍ച്ചയായ റാഗിങ് എന്നാണ് റിപ്പോര്‍ട്ട്.
എസ്.എഫ്.ഐ. നേതാക്കളടക്കമുള്ളവര്‍ 8 മാസം തുടര്‍ച്ചയായി സിദ്ധാര്‍ഥനെ റാഗ് ചെയ്തിരുന്നുവെന്നാണ് ആന്റി റാഗിങ് സ്‌ക്വാഡിന്റെ അന്തിമ റിപ്പോര്‍ട്ടിലെ വെളിപ്പെടുത്തല്‍. പൂക്കോട് ക്യാംപസിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ താമസം തുടങ്ങിയ നാള്‍ മുതല്‍ റാഗിങ് തുടങ്ങിയിരുന്നു. കോളജ് യൂണിയന്‍ പ്രസിഡന്റും എസ്.എഫ്.ഐ. യൂണിറ്റ് കമ്മിറ്റിയംഗവുമായ കെ.അരുണിന്റെ മുറിയില്‍ എല്ലാദിവസവും റിപ്പോര്‍ട്ട് ചെയ്യാന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെട്ടിരുന്നു. മുറിയില്‍വച്ച് പലതവണ നഗ്‌നനാക്കി റാഗ് ചെയ്തിരുന്നുവെന്ന് സിദ്ധാര്‍ഥന്‍ പറഞ്ഞിരുന്നതായി സഹപാഠി ആന്റി റാഗിങ് സ്‌ക്വാഡിനു മൊഴി നല്‍കിയിട്ടുണ്ട്. ജന്മദിനത്തില്‍ രാത്രി ഹോസ്റ്റലിലെ ഇരുമ്പുതൂണില്‍ സിദ്ധാര്‍ഥനെ കെട്ടിയിട്ടു. തൂണിനു ചുറ്റും പെട്രോള്‍ ഒഴിച്ചു തീയിടുമെന്നു ഭീഷണിപ്പെടുത്തി. സിദ്ധാര്‍ഥന്‍ മരിക്കുന്നതിനു മുന്‍പ് നേരിട്ട മര്‍ദ്ദനം ഒറ്റപ്പെട്ട സംഭവമല്ലെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടത്തലുകള്‍ സൂചിപ്പിക്കുന്നത്. സിദ്ധാര്‍ഥന്‍ താമസിച്ചിരുന്ന ഹോസ്റ്റലിലെ പാചകക്കാരന്‍ സംഭവങ്ങള്‍ക്കുശേഷം ജോലി രാജിവച്ചെന്നും ക്യാംപസിലെ സുരക്ഷാ ജീവനക്കാരില്‍ ചിലര്‍ സ്‌ക്വാഡിനു മൊഴി നല്‍കാന്‍ തയാറായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. പുതിയ വെളിപ്പെടുത്തലുകളുടെ പശ്ചാത്തലത്തില്‍ നിയമോപദേശം തേടിയശേഷം അന്തിമ റിപ്പോര്‍ട്ട് വി.സിക്ക് നല്‍കാനാണു തീരുമാനം.