കെ.എസ്.ആര്‍.ടി.സിയെ ഓവര്‍ടേക്ക് ചെയ്യാന്‍ കഴിയാത്തതിലുള്ള വിരോധം;ബത്തേരിയില്‍ മൂന്നംഗ കുടുംബം സഞ്ചരിച്ച കാര്‍ രാത്രിയില്‍ പബ്ലിക് റോഡില്‍ തടഞ്ഞുനിര്‍ത്തി യുവാവിനെ വലിച്ചിറക്കി ക്രൂരമായി മര്‍ദ്ദിച്ച് ഗുരുതര പരിക്കേല്‍പ്പിക്കുകയും, സ്വര്‍ണ മോതിരവും മാലയും കവരുകയും ചെയ്ത സംഭവത്തില്‍ നാല് പേരെ മൈസൂരില്‍ നിന്ന് പിടികൂടി. ബത്തേരി, പള്ളിക്കണ്ടി സ്വദേശി പി.കെ. അജ്മല്‍(24), തിരുനെല്ലി, ആലക്കല്‍ വീട്ടില്‍, എ.യു. അശ്വിന്‍(23), ബത്തേരി, പള്ളിക്കണ്ടി, ചെരിവ് പുരയിടത്തില്‍ വീട്ടില്‍ അമാന്‍ റോഷന്‍(23), നൂല്‍പ്പുഴ, കല്ലുമുക്ക്, കൊടുപുര വീട്ടില്‍ മുഹമ്മദ് നസീം(26) എന്നിവരെയാണ് ബത്തേരി ഇന്‍സ്പെക്ടര്‍ എസ്.എച്ച്.ഒ ബൈജു കെ. ജോസിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്. കോളിയാടി സ്വദേശി കെ.എ. നിഖിലിന്റെ പരാതിയെ തുടര്‍ന്നുള്ള അന്വേഷണത്തിനൊടുവിലാണ് ഒളിവില്‍ കഴിയുകയായിരുന്ന പ്രതികളെ പിടികൂടുന്നത്.
പോക്കറ്റ് റോഡില്‍ നിന്ന് മെയിന്‍ റോഡിലേക്ക് കയറിയ പരാതിക്കാരന്റെ കാര്‍ കാരണം തൊട്ടുമുമ്പില്‍ കടന്നു പോയ കെ.എസ്.ആര്‍.ടി.സി ബസിനെ മറികടക്കാന്‍ കഴിയാത്തതിലുള്ള വിരോധമാണ് അക്രമത്തില്‍ കലാശിച്ചത്. പിടിയിലായ നാല് പേരും വിവിധ കേസുകളില്‍ പ്രതികളാണ്.ജനുവരി 30ന് രാത്രി 11 മണിയോടെയാണ് സംഭവം. കല്ലുവയലില്‍ നിന്ന് വന്ന പരാതിക്കാരനും കുടുംബവും സഞ്ചരിച്ച കാര്‍ ബത്തേരി-ചുള്ളിയോട് മെയിന്‍ റോഡിലേക്ക് പ്രവേശിക്കാന്‍ തുടങ്ങിയത് കാരണം മെയിന്‍ റോഡിലൂടെ വന്ന പ്രതികളുടെ കാറിന് തൊട്ടുമുമ്പില്‍ പോയ ബസിനെ മറികടക്കാനായില്ല. ഇതിലുണ്ടായ ദേഷ്യത്തില്‍ പ്രതികള്‍ പരാതിക്കാരനെയും കുടുംബത്തെയും അസഭ്യം പറഞ്ഞ് കടന്നുപോയി. തുടര്‍ന്ന്, കല്ലുവയല്‍ വാട്ടര്‍ അതോറിട്ടിക്ക് മുന്‍വശമുള്ള പബ്ലിക് റോഡില്‍ വെച്ച് പരാതിക്കാരന്റെ കാര്‍ തടഞ്ഞുനിര്‍ത്തി ഇയാളെ വലിച്ചിറക്കി മര്‍ദിച്ചു. കൈകൊണ്ടു ഇടിക്കുകയും, ഇടതുകൈ പിടിച്ച് പിന്നിലേക്ക് തിരിക്കുകയും ചെയ്തതില്‍ മോതിര വിരലിന് പൊട്ടലേറ്റു. കഴുത്തിന് കുത്തിപിടിച്ച് സ്വര്‍ണമാല വലിച്ചുപൊട്ടിച്ച് മാലയുടെ ഒരു കഷ്ണം കവരുകയും, മോതിരം ഊരിയെടുക്കുകയും ചെയ്തു. എസ്.ഐമാരായ സി.എം. സാബു, കെ.വി. ശശികുമാര്‍, സീനിയര്‍ സിവില്‍ പോലീസ് ഓഫിസര്‍മാരായ എ.വി. നൗഫല്‍, ലബ്നാസ്, സി.പി.ഒമാരായ പി.ബി. അജിത്ത്്, ഡോണിത്ത് സജി, എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.