പുല്‍പ്പള്ളി വടാനക്കവലയില്‍ വനം വകുപ്പ് സ്ഥാപിച്ച കൂട്ടില്‍ കുടുങ്ങിയ കടുവയെ തൃശ്ശൂര്‍ മൃഗശാലയിലെത്തിച്ചു. ആരോഗ്യപരിശോധനകള്‍ പൂര്‍ത്തിയാക്കിയശേഷം ഇന്നലെ രാത്രിയോടെയാണ് ബത്തേരി പച്ചാടി വന്യമൃഗ സംരക്ഷണ പരിപാലന കേന്ദ്രത്തില്‍ നിന്ന് കടുവയെ തൃശ്ശൂരിലേക്ക് കൊണ്ടുപോയത്.ഏഴുവയസ്സുള്ള ആണ്‍ കടുവയുടെ പല്ലുകള്‍ക്ക് കേട് പാടുകള്‍ ഉള്ളതിനാല്‍ കാട്ടില്‍ ഇരതേടാന്‍ കഴിയാതെ വീണ്ടും നാട്ടിലേക്കിറങ്ങാന്‍ സാധ്യതയുള്ളതിനാലാണ് മൃഗശാലയിലേക്ക് മാറ്റിയത്.
ഇന്നലെ രാത്രിയോടെയാണ് പച്ചാടിയിലെ വന്യമൃഗ പരിപാലനകേന്ദ്രത്തില്‍നിന്ന് കടുവയെയും കൊണ്ട് സൗത്ത് വയനാട് ഡിഎഫ്ഒ ഷജ്‌ന കരിം, ചെതലയം റെയ്ഞ്ചര്‍ അബ്ദുല്‍ സമദ്, ഫോറസ്റ്റ് വെറ്ററിനറി സര്‍ജന്‍ ഡോ. അജേഷ് മോഹന്‍ദാസ് എന്നിവരടങ്ങിയ സംഘം കടുവയെയും കൊണ്ട് തൃശ്ശൂരിലേക്ക് പുറപ്പെട്ടത്. തുടര്‍ന്ന് ഇന്ന് രാവിലെയോടെ തൃശൂര്‍ മൃഗശാലയിലെത്തിച്ചു.കഴിഞ്ഞ ഒരുമാസക്കാലമായി പുല്‍പ്പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനവാസ മേഖലകളിലിറങ്ങി ഒട്ടേറെ വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചുകൊന്ന് ഭീതി പരത്തിയിരുന്ന ഈ കടുവയെ പിടികൂടുന്നതിനായി വനംവകുപ്പ് അഞ്ചിടങ്ങളിലായിരുന്നു കൂട് സ്ഥാപിച്ചത്. ഇതില്‍ വടാനക്കവല വനമൂലികയ്ക്ക് സമീപം സ്ഥാപിച്ച കൂട്ടിലാണ് തിങ്കളാഴ്ച രാവിലെ കടുവ കുടുങ്ങിയത്.