കെ.എല്‍.സി.എയുടെ കലക്ടറേറ്റ് മാര്‍ച്ച് തിങ്കളാഴ്ച
വയനാട് ജില്ലയില്‍ വന്യമൃഗങ്ങളുടെ ആക്രമണം വര്‍ദ്ധിച്ചുവന്നിട്ടും പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാത്തതില്‍ പ്രതിഷേധിച്ച് കോഴിക്കോട് രൂപത കെ.എല്‍.സി.എയുടെ നേതൃത്വത്തില്‍ തിങ്കളാഴ്ച കലക്ടറേറ്റ് മാര്‍ച്ച് സംഘടിപ്പിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.ധര്‍ണ്ണ കോഴിക്കോട് രൂപത വികാരി ജനറല്‍ മോന്‍സിഞ്ഞോര്‍ ജെന്‍സണ്‍ പുത്തന്‍ വീട്ടില്‍ ഉദ്ഘാടനം ചെയ്യും. സംസ്ഥാന അധ്യക്ഷന്‍ ഷെറി.ജെ.തോമസ് മുഖ്യ പ്രഭാഷണം നടത്തുമെന്ന് വാര്‍ത്താ സമ്മേളനത്തില്‍ കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ രൂപത ഭാരവാഹികള്‍ പറഞ്ഞു.
ജനവാസ മേഖലകളില്‍ വന്യമൃഗങ്ങള്‍ തമ്പടിച്ച് ജീവനും സ്വത്തിനും ഭീഷണിയായി തീരുന്ന സാഹചര്യത്തില്‍ ഫലപ്രദമായ സംരക്ഷണ നടപടികള്‍ സര്‍ക്കാരും വനം വകുപ്പും സ്വീകരിക്കണം. വിദ്യാര്‍ത്ഥികളുടെ പഠനവും സാധാരണ ജനങ്ങളുടെ സ്വകാര്യ ജീവിതവും ഭീഷണിയുടെയും ഭയത്തിന്റെയും നിഴലിലാണ്. ഭീകര അന്തരീക്ഷം സൃഷ്ടിക്കുന്ന തരത്തിലുള്ള വന്യമൃഗ ശല്യത്തിന് അധികാരികള്‍ നടപടി സ്വീകരിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ ഭാരവാഹികള്‍ ആവശ്യപ്പെട്ടു.