വയനാട് ജില്ലയിലെ വന്യമൃഗശല്യം കുറയ്ക്കാന്‍ 13 കോടി രൂപ അടിയന്തരമായി അനുവദിച്ചതായി മന്ത്രിസഭാ ഉപസമിതി. ജില്ലയില്‍ വര്‍ധിച്ചുവരുന്ന വന്യമൃഗ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ബത്തേരിയില്‍ ചേര്‍ന്ന സര്‍വകക്ഷി യോഗത്തിനും ജനപ്രതിനിധികളുടെയും അവലോകന യോഗത്തിനും ശേഷം സംസാരിക്കുമ്പോഴാണ് മന്ത്രിമാരായ കെ.രാജന്‍, എം.ബി.രാജേഷ്, എ.കെ. ശശീന്ദ്രന്‍ എന്നിവര്‍ ഇക്കാര്യം അറിയിച്ചത്.
വന്യമൃഗശല്യം നേരിടാന്‍ പൂര്‍ണമായും പിന്തുണയും നേതൃത്വപരമായ ഇടപെടലുമുണ്ടാകുമെന്നും മന്ത്രിമാര്‍ അറിയിച്ചു. ജില്ലയിലെ വന്യമൃഗപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സമിതി രൂപീകരിച്ച് പ്രവര്‍ത്തിക്കാനും തീരുമാനം.മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ 15ന് ചേര്‍ന്ന സര്‍വകക്ഷി യോഗത്തിലെ 27 തീരുമാനങ്ങളില്‍ 15എണ്ണം പ്രാവര്‍ത്തികമാക്കി കഴിഞ്ഞു. രണ്ട് തരത്തിലുള്ള പരിഹാരങ്ങള്‍ നടപ്പാക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. പരുക്ക് പറ്റിയവര്‍ക്കും മരണം സംഭവിച്ചവരുടെ കുടുംബങ്ങള്‍ക്കും ആശ്വാസം നല്‍കല്‍, വന്യമൃഗ ആക്രമണം തടയല്‍ എന്നിവയ്ക്കാണ് പ്രാമുഖ്യ നല്‍കുന്നത്. ഇക്കാര്യങ്ങള്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി തലത്തിലാണ് നടപ്പിലാക്കുകയെന്നും വനംവകുപ്പ് മന്ത്രി എ കെ ശശീന്ദ്രന്‍ പറഞ്ഞു.
സെന്ന പോലുള്ള സസ്യങ്ങള്‍ നീക്കം ചെയ്യുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് മന്ത്രി കെ.രാജനും പറഞ്ഞു. സ്ഥായിയായ പരിഹാരത്തിന് തുടര്‍ച്ചയായി പരിശ്രമം നടത്തും. ജില്ലയ്ക്ക് താല്‍ക്കാലികമായി അനുവദിച്ച രണ്ട് ആര്‍ആര്‍ടികളും വയനാട്ടില്‍ തന്നെ സ്ഥിരമാക്കും. വയനാട്ടില്‍ പ്രത്യേക നോഡല്‍ ഓഫിസറെ നിയമിച്ചു. ഓഫിസും കൂടുല്‍ അധികാരവും നല്‍കുന്നത് പരിഗണിക്കും. വന്യമൃഗ ആക്രമണത്തിലുള്‍പ്പെടെ പരിക്കേറ്റ് ജില്ലയ്ക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോകുമ്പോളുള്ള ചെലവ് സര്‍ക്കാര്‍ വഹിക്കുന്നതിനുള്ള നടപടി സ്വീകരിക്കാനും യോഗത്തില്‍ തീരുമാനിച്ചു.
ഡ്രോണ്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ വര്‍ധിപ്പിക്കും. 250 പുതിയ ക്യാമറകള്‍ സ്ഥാപിക്കാനുള്ള നടപടികള്‍ അടിയന്തരമായി ആരംഭിച്ചിട്ടുണ്ട്. ജനങ്ങളെ ഒപ്പം നിര്‍ത്തി ജനകീയമായി തന്നെയാണ് പ്രശ്നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുന്നത്.് തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി അടിക്കാട് വെട്ടുന്നതിന് കേന്ദ്രത്തിനോട് ഇളവ് ആവശ്യപ്പെടും. ട്രെഞ്ച് നിര്‍മാണം നടത്താന്‍ സാധിക്കുമോ എന്നതും പരിശോധിക്കും. സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസ്ഥാപിക്കാനായി തൊഴിലുറപ്പില്‍ ഉള്‍പ്പെടുത്തി കാടിനകത്ത് കുളങ്ങളും തടയണയും നിര്‍മിക്കും. ഉപ്പ് വിതറിയും മറ്റും വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന തരത്തില്‍ റിസോര്‍ട്ടുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ പരിശോധിച്ച്്് ശക്തമായ നടപടി സ്വീകരിക്കും. വയനാട്ടിലെ പ്രശ്നത്തെ കക്ഷി രാഷ്ട്രീയപ്രശ്നമായി കാണരുതെന്നും എല്ലാവരും ഒറ്റക്കെട്ടായി നില്‍ക്കണമെന്നും മന്ത്രിസഭ ഉപസമിതി പറഞ്ഞു. പ്രതിപക്ഷം ബഹിഷ്‌കരിച്ചത് ദൗര്‍ഭാഗ്യകരമായതെന്നും അവരുന്നയിച്ച ആവശ്യപ്രകാരമാണ് മന്ത്രിമാര്‍ വന്നതെന്നും ഉപസമിതി പറഞ്ഞു. രാവിലെ പത്ത് മണിക്ക് ആരംഭിച്ച യോഗത്തില്‍ ആദ്യം സര്‍വ്വകക്ഷി യോഗവും, പിന്നീട് ജനപ്രതിനിധികളുടെ യോഗവുമാണ് നടത്തിയത്. യോഗത്തില്‍ വനംവകുപ്പ് ഉന്നത ഉദ്യോഗസ്ഥര്‍, ജില്ലാകലക്ടര്‍, ജനപ്രതിനിധികള്‍ അടക്കം പങ്കെടുത്തു.