മാനന്തവാടി മെഡിക്കല്‍ കോളേജ്: പാര്‍ക്കിംഗ് നിര്‍മ്മാണം ആരംഭിച്ചു
മാനന്തവാടി മെഡിക്കല്‍ കോളേജില്‍ എംഎല്‍എ ഫണ്ട് ഉപയോഗിച്ച് നിര്‍മിക്കുന്ന പാര്‍ക്കിംഗ് ഏരിയ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ഒആര്‍ കേളു എംഎല്‍എയുടെ ആസ്തിവികസന ഫണ്ടില്‍ നിന്നും 58.75 ലക്ഷം രൂപയാണ് മെഡിക്കല്‍ കോളേജിനോട് ചേര്‍ന്ന് പാര്‍ക്കിംഗ് നിര്‍മ്മാണത്തിന് വകയിരുത്തിയത്.
ആശുപത്രിയിലെ തകര്‍ന്ന അനുബന്ധ റോഡുകളും ഇതിന്റെ ഭാഗമായി നവീകരിക്കും.ബുധനാഴ്ച രാവിലെയോടെ ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു. പൊതുമരാമത്ത് കെട്ടിട വിഭാഗമാണ് പ്രവര്‍ത്തികള്‍ ഏറ്റെടുത്ത് നടത്തുന്നത്. ഇതിന്റെ ഭാഗമായി പാര്‍ക്കിംഗ് ഏരിയക്ക് സമീപത്തെ കച്ചവടക്കാരുടെ യോഗം വിളിച്ച് ചേര്‍ത്തിരുന്നു. ആരോഗ്യ വകുപ്പിന്റെ ഉടമസ്ഥതയില്‍ ഉള്ള സ്ഥലം പൂര്‍ണമായും പാര്‍ക്കിംഗ് ഏരിയക്കായി ഉപയോഗിക്കും. ദൈനം ദിനം നിരവധി സ്വകാര്യ വാഹനങ്ങള്‍ എത്തുന്ന മെഡിക്കല്‍ കോളേജ് പരിസരത്ത് പാര്‍ക്കിംഗ് സൗകര്യമില്ലാത്തത് ഏറെ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. നിലവില്‍ പലയിടങ്ങളിലായിട്ടാണ് വാഹനം പാര്‍ക്ക് ചെയ്ത് വരുന്നത്. പാര്‍ക്കിംഗ് ഏരിയ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതോടെ ആശുപത്രിലെത്തുന്നവരുടെ വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യമൊരുങ്ങും.