കുഞ്ഞോം-വിലങ്ങാട് ബദല്‍ റോഡ് :ജനതാദള്‍ എസ് റോഡ് വെട്ടല്‍ സമരം നടത്തി

0

വിലങ്ങാട്-കുഞ്ഞോം വയനാട് ചുരമില്ല ബദല്‍ റോഡ് യഥാര്‍ഥ്യമാക്കുക എന്ന ആവശ്യം ഉന്നയിച്ച് ജനതാദള്‍ എസ്
കോഴിക്കോട്-വയനാട് ജില്ലാ ഭാരവാഹികളുടെ സംയുക്ത ആഭിമുഖ്യത്തില്‍ നിര്‍ദിഷ്ട പാത തുടങ്ങുന്ന വിലങ്ങാട് പ്രദേശത്ത് പ്രതീകാത്മക റോഡ് വെട്ടല്‍ പ്രതിഷേധവും പൊതുയോഗവും സംഘടിപ്പിച്ചു. ജനതാദള്‍ എസ് ദേശീയ സെക്രട്ടറി ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു.

പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ടിപ്പുവിന്റെയും പഴശ്ശിയുടെയും സേനകളും പിന്നീട് പ്രദേശവാസികളും സഞ്ചരിച്ച വിലങ്ങാട് – കുഞ്ഞോ മാനന്തവാടി ചുരമില്ലാ ബദല്‍ റോഡ് യാഥാര്‍ഥ്യമാക്കുവാന്‍ ജനതാദള്‍ എസ് ഏതറ്റം വരെ പോകുമെന്ന് ജുനൈദ് കൈപ്പാണി പറഞ്ഞു.

 

വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ ഈ വനപാതയ്ക്ക് വേണ്ടി മുറവിളിയുയര്‍ന്നിരുന്നു.സര്‍വ്വെ നടത്തി നഷ്ടപ്പെടുന്ന വനഭൂമിക്ക് പകരം ഭൂമി വിട്ടു നല്‍കാന്‍ വയനാട് ജില്ലയിലെ തൊണ്ടര്‍നാട് പഞ്ചായത്തും കോഴിക്കോട് വാണിമേല്‍ ഗ്രാമപഞ്ചായത്തിലെ സന്നദ്ധ വ്യക്തികളും നേരത്തെ തയ്യാറായതാണ്.കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മലയോര ഹൈവേയും ഇതിലൂടെയാണ് സര്‍വ്വെ ചെയ്തത്. എന്നാല്‍ എല്ലാറ്റിനും അനുമതി സാങ്കേതിക തടസമാകുകയാണ്.ഇപ്പോള്‍ വനനിയമത്തില്‍ വന്നിട്ടുള്ള ഭേദഗതിയോടു കൂടി ഈ പാതയ്ക്ക് അനുമതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്.വടകര നാഷണല്‍ ഹൈവേയില്‍ നിന്ന് വിലങ്ങാട് വഴി മാനന്തവാടിയിലെത്താന്‍ ചുരമില്ലാ പാതയിലൂടെ 51 കിലോമീറ്റര്‍ ദൂരമാണുള്ളത്. പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറഞ്ഞതും ചെലവ് കുറഞ്ഞതും ദൂരം കുറവുള്ളതുമായ പാതയാണിത്.വടകര- വിലങ്ങാട്-കുഞ്ഞോ വയനാട് പാത യാഥാര്‍ഥ്യമായാല്‍ കോഴിക്കോട്-കണ്ണൂര്‍ – വയനാട് ജില്ലകളില്‍ എല്ലാ മേഖലയിലും വന്‍ പുരോഗതിയാണ് പ്രതീക്ഷിക്കുന്നത്.

ജെ.ഡി.എസ് കോഴിക്കോട് ജില്ലാ പ്രസിഡന്റ് ടി ശ്രീനിവാസന്‍ അധ്യക്ഷത വഹിച്ചു
സഞ്ജയ് ബാവ, അഡ്വ. ലതിക ശ്രീനിവാസന്‍, പുത്തൂര്‍ ഉമ്മര്‍,ഒ.ഹമീദ് തുടങ്ങിയവര്‍ സംസാരിച്ചു.ജനകീയ കൂട്ടായ്മ പ്രതിനിധി അമ്പലക്കണ്ടി അബ്ദുറഹ്‌മാന്‍ മുഖ്യപ്രഭാഷണം നടത്തി.

Leave A Reply

Your email address will not be published.

error: Content is protected !!