യൂത്ത്കോണ്‍ഗ്രസ് ജില്ലാപ്രസിഡന്റ് അമല്‍ജോയിയും സഹഭാരവാഹികളും സ്ഥാനമേറ്റു. ജില്ലാകോണ്‍ഗ്രസ് കമ്മിറ്റി ഓഫീസില്‍ നടന്ന സ്ഥാനാരോഹണ ചടങ്ങ് സംസ്ഥാന പ്രസിഡന്റ് രാഹുല്‍മാങ്കൂട്ടത്തില്‍ ഉദ്ഘാടനം ചെയ്തു. നവകേരള സദസിനെതിരെ പ്രത്യക്ഷസമരത്തിലേക്ക് പോകാന്‍ യൂത്ത്കോണ്‍ഗ്രസ് ആഗ്രഹിച്ചിരുന്നില്ലെന്നും, മുഖ്യമന്ത്രി പിണറായി വിജയന്റെ വെല്ലുവിളി ഏറ്റെടുക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
യു ഡി എഫിന്റെ വിചാരണസദസുമായി മുന്നോട്ടുപോകുമ്പോള്‍ യാതൊരുപ്രകോപനവുമില്ലാതെയാണ് കല്യാശേരിയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ കരുതല്‍ തടങ്കലില്‍ വെച്ചത്. അതിനെതിരെയാണ് കരിങ്കൊടി പ്രതിഷേധം നടത്തിയത്. ഇപ്പോള്‍ യൂത്ത്കോണ്‍ഗ്രസിന്റെ കരിങ്കൊടി കാണാതെ മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും കടന്നുപോകാന്‍ സാധിക്കാത്ത അവസ്ഥയായി. മുഖ്യമന്ത്രി പിണറായി വിജയന്‍ വെല്ലുവിളിച്ചാല്‍ നല്ല രീതിയില്‍ അതേറ്റെടുക്കാന്‍ കഴിയുന്ന പ്രസ്ഥാനമാണ് യൂത്ത്കോണ്‍ഗ്രസെന്നും രാഹുല്‍ പറഞ്ഞു. രാഹുല്‍ഗാന്ധിയുടെ മണ്ഡലമെന്ന നിലയില്‍ ദേശീയതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന മണ്ഡലമാണ് വയനാട്. അതുകൊണ്ട് തന്നെ ദേശീയ, സംസ്ഥാന നേതൃത്വത്തിന്റെ ആഗ്രഹവും താല്‍പര്യവും അനുസരിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയുന്ന ജില്ലാകമ്മിറ്റിയാണ് നിലവില്‍ വന്നിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്രസര്‍ക്കാരിന്റെ ഫാസിസ്റ്റ് ജനാധിപത്യ, ഭരണഘടനാവിരുദ്ധ നിലപാടുകള്‍ക്കെതിരെയും, സംസ്ഥാന സര്‍ക്കാരിന്റെ എല്ലാ കൊള്ളരുതായ്മകള്‍ക്കുമെതിരെ തെരുവില്‍ ആദ്യം സമരത്തിനിറങ്ങുന്ന പ്രസ്ഥാനം യൂത്ത്കോണ്‍ഗ്രസായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ യൂത്ത്കോണ്‍ഗ്രസ് പ്രസിഡന്റും ജില്ലാപഞ്ചായത്ത് പ്രസിഡന്റുമായ സംഷാദ് മരക്കാര്‍, കെ പി സി സി എക്സിക്യുട്ടീവ് അംഗം കെ എല്‍ പൗലോസ്, കെ പി സി സി അംഗങ്ങളായ പി പി ആലി, കെ ഇ വിനയന്‍, യു ഡി എഫ് ജില്ലാകണ്‍വീനര്‍ കെ കെ വിശ്വനാഥന്‍, അമല്‍ജോയി തുടങ്ങിയവര്‍ സംസാരിച്ചു.