വള്ളിയൂര്‍ക്കാവില്‍ ഉത്രംകോലം ഉത്സവം തുടങ്ങി
വള്ളിയൂര്‍ക്കാവ് ഭഗവതി ക്ഷേത്രത്തില്‍ ഉത്രംകോലം ഉത്സവം തുടങ്ങി. തിങ്കളാഴ്ച വൈകീട്ട് എടവകയിലെ ജിനരാജ തരകന്റെ വീട്ടില്‍ സൂക്ഷിച്ച വാള്‍ ശങ്കരന്‍ നമ്പൂതിരിയുടെ കാര്‍മികത്വത്തില്‍ പാണ്ടിക്കടവ് പള്ളിയറ ഭഗവതി ക്ഷേത്രത്തിലേക്കും തുടര്‍ന്ന് വള്ളിയൂര്‍ക്കാവിലേക്കും എഴുന്നള്ളിച്ചു. വാള്‍ താഴെക്കാവിലെ മണിപ്പുറ്റിലെത്തിച്ച ശേഷം അരിയളവ്, കഷ്ണം നുറുക്കല്‍ എന്നിവയും മേലെക്കാവില്‍ നടതുറന്ന് അത്താഴപൂജയും നടത്തി. മേലെക്കാവില്‍നിന്ന് താഴേക്കാവിലേക്ക് എഴുന്നള്ളത്തുമുണ്ടായി.
ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ വിശേഷാല്‍ പൂജകളും തോറ്റവും ബുധനാഴ്ച ഉച്ചയ്ക്ക് ഉത്രം കോല സദ്യയുമുണ്ടാകും. വ്യാഴാഴ്ച പുലര്‍ച്ചെയുള്ള കോലംകൊറയ്ക്കു ശേഷം വാള്‍ തിരിച്ചെഴുന്നള്ളിക്കുന്നതോടെ ഉത്സവം സമാപിക്കും. ട്രസ്റ്റിമാരായ ഏച്ചോം ഗോപി, ടി.കെ. അനില്‍കുമാര്‍, എക്‌സിക്യുട്ടീവ് ഓഫീസര്‍ കെ.വി. നാരായണന്‍ നമ്പൂതിരി, പി.വി. സുരേന്ദ്രന്‍, പി.എന്‍. രമേഷ് ബാബു തുടങ്ങിയവര്‍ വാളെഴുന്നള്ളത്ത് ചടങ്ങിന് നേതൃത്വം നല്‍കി