തുല്യ പ്രാതിനിധ്യ പ്രസ്ഥാനം ജില്ലാ കണ്‍വെന്‍ഷന്‍ 19ന്

0

നിയമനിര്‍മ്മാണ സഭകളില്‍ സ്ത്രീകള്‍ക്ക് തുല്യ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് തുല്യ പ്രാതിനിധ്യ പ്രസ്ഥാനത്തിന്റെ നേതൃത്വത്തില്‍ വയനാട്ടില്‍ ജില്ലാ കണ്‍വെന്‍ഷന്‍ നവംബര്‍ 19ന് നടക്കും. ബത്തേരി അധ്യാപക ഭവനില്‍ നടക്കുന്ന കണ്‍വെന്‍ഷന്‍ സംസ്ഥാന ചെയര്‍പേഴ്‌സണ്‍ പ്രൊഫ. കുസുമം ജോസഫ് ഉദ്ഘാടനം നിര്‍വഹിക്കും. സെമിനാറുകള്‍ പോസ്റ്റര്‍ കാമ്പയിനുകള്‍ ഒപ്പുശേഖരണം തുടങ്ങിയ പ്രചരണ പരിപാടികളിലൂടെ സ്ത്രീകളുടെ തുല്യ പ്രാതിനിധ്യത്തിനു വേണ്ടിയുള്ള പ്രചരണങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും നേതാക്കള്‍ കല്‍പ്പറ്റയില്‍ പറഞ്ഞു.

സംസ്ഥാനത്തെ തെരഞ്ഞെടുപ്പുകളില്‍ 33 ശതമാനം സംവരണമല്ല, തുല്യ പ്രാതിനിധ്യമാണ് സ്ത്രീകള്‍ക്കുവേണ്ടത് എന്ന ആവശ്യത്തിന്റെ പ്രചാരണം മുന്‍നിര്‍ത്തി രൂപീകൃതമായതാണ് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം. വരാനിരിക്കുന്ന ലോക്സഭ, നിയമസഭ തെരഞ്ഞെടുപ്പുകളില്‍ പകുതി സീറ്റുകളില്‍ സ്ത്രീകളെ മത്സരിപ്പിക്കുന്നതിന് തുല്യ പ്രാതിനിധ്യ പ്രസ്ഥാനം രാഷ്ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് കത്തും നല്‍കിയിട്ടുണ്ട്. സംസ്ഥാന ചെയര്‍പേഴ്സണ്‍ പ്രൊഫ.കുസുമം ജോസഫിന്റെ നേതൃത്വത്തില്‍ വിവിധ രാഷ്ടീയ പാര്‍ട്ടി നേതാക്കളായ കെ. സുധാകരന്‍, വി.ഡി. സതീശന്‍, എം.വി. ഗോവിന്ദന്‍, പി.കെ. ശ്രീമതി, അഡ്വ.ബിന്ദു കൃഷ്ണ, ഷാനിമോള്‍ ഉസ്മാന്‍, അഡ്വ.സി.എസ്. സുജാത, പന്ന്യന്‍ രവീന്ദ്രന്‍ തുടങ്ങിയവരെ നേരില്‍ക്കണ്ടാണ് കത്ത് നല്‍കിയത്. നേതാക്കളില്‍നിന്നു ആശാവഹമായ പ്രതികരണമാണ് ഉണ്ടായതെന്ന് പ്രസ്ഥാനം പ്രവര്‍ത്തകരായ അമ്മിണി കെ. വയനാട്, എന്‍.എ. വിനയ, എം. ഓമന, ഉഷ ബേബി എന്നിവര്‍ പറഞ്ഞു

വനിതാ സംവരണ നിയമത്തിന്റെ ഗുണം സ്ത്രീകള്‍ക്ക് അടുത്തകാലത്തൊന്നും ലഭിക്കരുതെന്ന ഗൂഢ ചിന്താഗതിയിലാണ് ഭരണാധികാരികളെന്ന് പ്രസ്ഥാനം നേതാക്കള്‍ കുറ്റപ്പെടുത്തി. നിയമം അടുത്ത തെരഞ്ഞെടുപ്പില്‍ നടപ്പാക്കുന്നതിനു ഇടപെടുന്നതിന് പ്രസ്ഥാനം രാഷ്ട്രപതിക്ക് കത്ത് നല്‍കുമെന്നും ഇതിനായി കാമ്പയിന്‍ നടന്നുവരികാണെന്നും നേതാക്കള്‍ പറഞ്ഞു.

 

Leave A Reply

Your email address will not be published.

error: Content is protected !!