കേരളത്തിലെ 702 നാട്ടുകലാകാരന്‍മാര്‍ സമ്മേളിച്ച കല്‍പ്പറ്റ എസ്.കെ.എം.ജെ സ്‌കൂള്‍ ഗ്രൗണ്ടില്‍ തുടിയും ചീനിയും വട്ടക്കളിയും സമന്വയിപ്പിച്ചപ്പോള്‍ ബെസ്റ്റ് ഓഫ് ഇന്ത്യ വേള്‍ഡ് റെക്കോര്‍ഡ് വയനാടിന് സ്വന്തമായി.സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 702 നാട്ടുകലാകാരന്‍മാര്‍ അവതരിപ്പിച്ച അറബുട്ടാളു എന്ന് പേരിട്ട തുടിക്കളിക്ക് വേദിയായ കല്‍പ്പറ്റ എസ്‌കെഎംജെ സ്‌കൂള്‍ മൈതാനത്ത് ഒരു മണിക്കൂര്‍ നേരം ഉയര്‍ന്ന തുടിതാളം ബെസ്റ്റ് ഓഫ് ഇന്ത്യ റെക്കോര്‍ഡിലൂടെ ലോകത്തിന്റെ നെറുകയിലെത്തി.നാട്ടുകലാകാരക്കൂട്ടം സംസ്ഥാന സമിതിയും ഉണര്‍വ് നാടന്‍ കലാപഠന ഗവേഷണ കേന്ദ്രവും സംയുക്തമായാണ് പരിപാടി നടത്തിയത്.
പാരമ്പര്യ ഗോത്ര വാദ്യോപകരണമായ തുടിയുടെ ആകൃതിയില്‍ കലാകാരന്‍മാരെ വിന്യസിച്ചാണ് ‘അറബുട്ടാളു’ അവതരിപ്പിച്ചത്.തുടിക്കളിയില്‍ അണിനിരക്കുന്നതില്‍ 200ല്‍പരം കലാകാരന്‍മാര്‍ വയനാട്ടിലെ ഗോത്രവിഭാഗങ്ങളില്‍നിന്നുള്ളവരായിരുന്നു.നേരത്തേ ചിട്ടപ്പെടുത്തിയതനുസരിച്ച് കലാകാരന്‍മാരില്‍ ഒരു ഭാഗം തുടിക്കൊട്ടി പാടി.അതേ സമയം മറ്റൊരു കൂട്ടം വട്ടക്കളി കളിച്ചു.അവതരണത്തിനു മുമ്പ് രണ്ടു തവണ റിഹേഴ്സല്‍ നടത്തിയാണ് റെക്കോര്‍ഡിലേക്കെത്തിയത്.വിശിഷ്ട വ്യക്തികളുടെയും ജനപ്രതിനിധികളുടെയും സാന്നിധ്യത്തില്‍ ബെസ്റ്റ് ഓഫ് ഇന്ത്യ പ്രതിനിധികള്‍ പരിപാടിയുടെ അവസാനം ലോക റെക്കോര്‍ഡ് പ്രഖ്യാപനം നടത്തി സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.നാട്ടുകലാകാര കൂട്ടം സംസ്ഥാന സമിതിക്ക് ലഭിക്കുന്ന നാലാമത് ലോക റെക്കോര്‍ഡാണിത്.രമേഷ് കരിന്തലക്കൂട്ടം,ഉദയന്‍ കുണ്ടുംകുഴി,വിജയന്‍ ഗോത്രമൊഴി,ബിജു കൂട്ടം, രതീഷ് ഉണര്‍വ്, വിപിന്‍ പൊലിക, ബൈജു തൈവ മക്കള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കിയ പരിപാടിക്കൊടുവില്‍ യുദ്ധത്തിനെതിരെയുള്ള സന്ദേശമായി കലാകരന്‍മാര്‍ തുടിതാളം മുഴക്കി. ഞായറാഴ്ച വൈകുന്നേരം നാല് മണി മുതല്‍ അഞ്ചര വരെ നടന്ന ചടങ്ങില്‍ ടി.സിദ്ദീഖ് എം.എല്‍.എ,നടന്‍ അബുസലിം,പദ്മശ്രീ പുരസ്‌കാര ജേതാവ് ചെറുവയല്‍ രാമന്‍ തുടങ്ങി നിരവധി പേര്‍ ദൃക്‌സാക്ഷികളായി.