അജയ് രാജിന്റെ മരണം; മെറ്റയെ സമീപിക്കാന്‍ പൊലീസ്

0

അജയ് രാജിന്റെ മരണത്തില്‍ ലോണ്‍ ആപ്പുകളെ കുറിച്ച് അന്വേഷണം ഊര്‍ജ്ജിതമാക്കി പോലീസ്. വിവരം ലഭിക്കാന്‍ മെറ്റയെ സമീപിക്കും. സമഗ്ര അന്വേഷണം വേണമെന്ന് വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.അജയ് രാജിന് വാട്‌സ് ആപ്പ് സന്ദേശമയച്ച ഫോണുകളുടെ ഐ.പി. അഡ്രസ് കണ്ടെത്താനാണ് പോലീസ് മെറ്റയെ സമീപിക്കുന്നത്.ഉത്തരേന്ത്യ കേന്ദ്രീകരിച്ചുള്ള സംഘമാണ് ആപ്പുകള്‍ക്ക് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

ആത്മഹത്യ ചെയ്ത അജയ് രാജ് ക്യാന്‍ഡി ക്യാഷ് എന്ന ആപ്പ് വഴി 5,000 രൂപ വായ്പയെടുത്തിരുന്നുവെന്ന് പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിരുന്നു . ഇതേതുടര്‍ന്ന് വിശദമായ പരിശോധനയിലാണ് അജയരാജിന്റെ ഫോണില്‍ മറ്റു ലോണ്‍ ആപുകളും കണ്ടെത്തിയത്. വിവിധ നമ്പറുകളില്‍ നിന്നായി അജയ് രാജിന് നിരവധി ഇന്റര്‍നെറ്റ് കോളുകള്‍ വന്നിരുന്നതായും പോലീസ് പരിശോധനയില്‍ വ്യക്തമായി. അജയ് രാജന്റെ ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തി. വിശദ അന്വേഷണവും ആരംഭിച്ചു. ലോട്ടറിക്കച്ചവടക്കാരനായിരുന്ന അജയ് രാജന്‍ വിവിധ ധനകാര്യ സ്ഥാപനങ്ങളില്‍ നിന്നായി 8 ലക്ഷത്തോളം രൂപ വായ്പയെടുത്തിട്ടുണ്ട്. വിവിധ ലോണ്‍ ആപ്പുകളില്‍ നിന്നെടുത്ത വായ്പകളുടേയും അവരുമായി നടത്തിയ ആശയവിനിമയങ്ങളുടെയും വിശദാംശങ്ങള്‍ പരിശോധിച്ചു തട്ടിപ്പിന്റെ ആഴം വിലയിരുത്താനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അന്വേഷണസംഘം. അജയ് രാജിന്റെ ഫോണ്‍ ഹാക്ക് ചെയ്ത് തട്ടിയെടുത്ത നമ്പരുകളിലേക്ക് കുടുംബാംഗങ്ങളുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ചു കൊടുക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്നും ഇതാണ് ആത്മഹത്യയിലേക്ക് നയിച്ചത് എന്നുമാണ് പോലീസ് വിലയിരുത്തല്‍. ഓണ്‍ലൈന്‍ ലോണ്‍ ആപ്പുകള്‍ക്കെതിരെ അന്വേഷണം ആരംഭിച്ചതായി ജില്ലാ പൊലീസ് മേധാവി പദം സിംഗ് വ്യക്തമാക്കി.

 

Leave A Reply

Your email address will not be published.

error: Content is protected !!