ഓണം ആഘോഷമാക്കാന്‍ സ്‌പെഷ്യല്‍ ഓണം ഫെയറുകളൊരുക്കി സംസ്ഥാന സര്‍ക്കാര്‍. ഇന്നും നാളെയുമായി ജില്ലാതല സപ്ലൈകോ സ്റ്റാളുകള്‍ ആരംഭിക്കും. ബുധനാഴ്ച മുതല്‍ താലൂക്കുതല ഫെയറുകളും തുടങ്ങും. മില്‍മ, കേരഫെഡ്, കുടുംബശ്രീ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങളുടെ സ്റ്റാളുകള്‍, പ്രാദേശിക കര്‍ഷകരില്‍ നിന്നും സംഭരിക്കുന്ന പച്ചക്കറികളുടെ വിപണനം എന്നിവയും ഒരുക്കും.
സപ്ലൈകോ ഓണം ഫെയര്‍’23യില്‍ നിത്യാപയോഗ സാധനങ്ങള്‍, പച്ചക്കറി, മില്‍മ ഉല്‍പന്നങ്ങള്‍ എന്നിവക്ക് പുറമെ വന്‍കിട കമ്പനികളുടെ തെരഞ്ഞെടുക്കപ്പെട്ട ഉല്പന്നങ്ങള്‍ വിലക്കുറവില്‍ ലഭിക്കും. രാവിലെ ഒമ്പത് മണി മുതല്‍ രാത്രി ഒമ്പത് മണി വരെയാണ് പ്രവര്‍ത്തന സമയം. ഓഗസ്റ്റ് 28 വരെയാണ് ഫെയര്‍ നടക്കുക. ആധുനിക സൂപ്പര്‍മാര്‍ക്കറ്റുകളോട് കിടപിടിക്കുന്ന രീതിയിലുള്ള വില്‍പ്പന രീതികളും സൗകര്യങ്ങളുമാണ് സജ്ജമാക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ വിവിധ ഓഫറുകളും ലഭ്യമാണ്.
ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ വെള്ള, നീല കാര്‍ഡുടമകള്‍ക്ക് സ്‌പെഷ്യലായി അഞ്ച് കിലോ അരി റേഷന്‍കടകളിലൂടെ വിതരണം ചെയ്യാന്‍ നടപടി സ്വീകരിച്ചെന്നും മുഖ്യമന്ത്രി അറിയിച്ചു. അടുത്ത ദിവസം കണ്‍സ്യൂമര്‍ഫെഡിന്റെ 1600 ഓണചന്തകളും ആരംഭിക്കും. അതുവഴി, ജയ അരി, കുറുവ അരി, മട്ട അരി, പഞ്ചസാര, ഉഴുന്ന്, ചെറുപയര്‍, കടല, തുവരപ്പരിപ്പ്, വന്‍പയര്‍, മുളക്, മല്ലി, വെളിച്ചെണ്ണ എന്നിവ സബ്സിഡി നിരക്കില്‍ ലഭ്യമാക്കും.