പ്ലസ് വണ്‍ പ്രവേശനത്തിന് ഇതുവരെ അപേക്ഷിക്കാത്തവര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനം. ഇതുവരെ അപേക്ഷ നല്‍കാത്തവര്‍ക്കും അലോട്ട്‌മെന്റ് ലഭിക്കാത്തവര്‍ക്കും തെറ്റായ അപേക്ഷ നല്‍കിയതുമൂലം അലോട്‌മെന്റില്‍ ഇടം പിടിക്കാത്തവര്‍ക്കും വീണ്ടും അപേക്ഷിക്കാം. ഇന്ന് രാവിലെ 10 മണി മുതല്‍ നാളെ വൈകിട്ട് നാല് മണി വരെ പ്രവേശനത്തിനുള്ള ഏകജാലക വെബ്‌സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം.
ഓരോ സ്‌കൂളുകളിലെയും സീറ്റ് ഒഴിവുകള്‍ ഇന്ന് രാവിലെ ഒന്‍പത് മണിക്ക് വെബ്‌സൈറ്റില്‍ ലഭ്യമാകും. ഇതനുസരിച്ചാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. ഇന്നും നാളെയും ലഭിക്കുന്ന അപേക്ഷകള്‍ കൂടി പരിഗണിച്ചായിരിക്കും സപ്ലിമെന്ററി ഘട്ടത്തിലെ രണ്ടാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കുക. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവര്‍ക്കും പ്രവേശനം നേടിയ ശേഷം റദ്ദാക്കുകയോ ടിസി വാങ്ങുകയോ ചെയ്തവര്‍ക്കും ഇനി അപേക്ഷിക്കാനാകില്ല.