വയനാടിനോട് എന്നും നീതി കാട്ടിയ ഭരണാധികാരിയായിരുന്നു മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് അദ്ദേഹത്തിന്റെ മന്ത്രിസഭയില്‍ അംഗമായിരുന്ന എ.ഐ.സി.അംഗം പി.കെ.ജയലക്ഷ്മി അനുശോചന സന്ദേശത്തില്‍ പറഞ്ഞു. പട്ടിക വര്‍ഗ്ഗക്കാര്‍ ഉള്‍പ്പടെ അടിസ്ഥാന ജന വിഭാഗത്തിന്റെ പ്രശ്‌നങ്ങളില്‍ ഇടപ്പെട്ട അദ്ദേഹം രാജ്യം കണ്ട ഏറ്റവും ജനപ്രിയനും ജനകീയനുമായ മുഖ്യമന്ത്രിയായിരുന്നു
വയനാട്ടിലെ പ്രധാന പ്രശ്‌നങ്ങളായ കാര്‍ഷിക പ്രശ്‌നങ്ങള്‍, വന്യമൃഗ ശല്യം, ആദിവാസി ഭൂപ്രശ്‌നം, വയനാട് മെഡിക്കല്‍ കോളേജ് തുടങ്ങിയവക്കൊക്കെ വേണ്ടി വയനാട്ടിലെ ജനങ്ങളോടൊപ്പം നിന്ന നേതാവായിരുന്നു ഉമ്മന്‍ ചാണ്ടി. 2011 – ല്‍ മുഖ്യമന്ത്രിയായ ശേഷം വയനാട്ടില്‍ അദ്ദേഹം ഉദ്ഘാടനം ചെയ്ത പ്രധാന പദ്ധതികളിലൊന്ന് വനത്തിനുള്ളില്‍ താമസിക്കുന്നവരെ പുറത്ത് എത്തിക്കുന്നതിനുള്ള സ്വയം സന്നദ്ധ പുനരധിവാസ പദ്ധതിയായിരുന്നു. കേന്ദ്ര ഫണ്ടുപയോഗിച്ച് നടപ്പാക്കിയ ഈ പദ്ധതി രാജ്യത്ത് തന്നെ മാതൃകയായിരുന്നു.
വയനാടിനോടും പട്ടികവര്‍ഗ്ഗ ജന വിഭാഗത്തോടുമുള്ള അദ്ദേഹത്തിന്റെ കരുതലിന്റെ തെളിവായിരുന്നു തനിക്ക് മന്ത്രി പദം ലഭിച്ചത്. . യാതൊരു സമ്മര്‍ദ്ദങ്ങളുമില്ലാതെ സ്വയം താല്‍പ്പര്യമെടുത്താണ് ഉമ്മന്‍ ചാണ്ടി തന്നെ മന്ത്രിയാക്കിയതെന്ന് ജയലക്ഷ്മി പറഞ്ഞു. പട്ടയ വിതരണം, ആദിവാസി ഭൂ വിതരണം, ഭവനപദ്ധതി തുടങ്ങിയവക്കും മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിലും ആവശ്യങ്ങള്‍ പരിഗണിക്കുന്നതിലും പ്രത്യേക താല്‍പ്പര്യത്തോടെ നേതൃത്വം വഹിച്ചു.ഗതാഗത സൗകര്യങ്ങളുടെ അപര്യാപ്ത മൂലം ബുദ്ധിമുട്ടുന്ന വയനാട്ടില്‍ എയര്‍സ്ട്രിപ്പ് അഥവാ ചെറുവിമാനത്താവളം നിര്‍മ്മിക്കാനായി ശ്രമങ്ങള്‍ നടത്തിയിരുന്നു. രാഷ്ട്രീയ ഭേദമന്യേ എല്ലാവരെയും ഒരു പോലെ കണ്ടിരുന്ന ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി എന്ന നിലയില്‍ ജിന ചന്ദ്രന്റെ പേരില്‍ മടക്കി മലയില്‍ സ്ഥാപിക്കാനിരുന്ന വയനാട് മെഡിക്കല്‍ കോളേജിന് തറക്കല്ലിട്ടതായിരുന്നു അദ്ദേഹത്തിന്റെ അവസാനത്തെ ഔദ്യോഗിക പരിപാടി.ഇത് പിന്നീട് യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാത്തതിലുള്ള നിരാശ അദ്ദേഹം പലപ്പോഴും പങ്ക് വെച്ചിരുന്നു. മാനന്തവാടിയില്‍ ശ്രീ ചിത്തിര സെന്ററും കല്‍പ്പറ്റയില്‍ മെഡിക്കല്‍ കോളേജും എന്നതായിരുന്നു അദ്ദേഹത്തിന്റെ താല്‍പ്പര്യം.
ജനസമ്പര്‍ക്ക പരിപാടിയിലൂടെയും അല്ലാതെയും ആയിര കണക്കിനാളുകള്‍ക്കാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലൂടെ സഹായമെത്തിച്ചത്.
താഴെ തട്ടില്‍ നിന്ന് നേതൃത്വത്തിലേക്ക് കൂടുതല്‍ പേരെ കൊണ്ടുവരുന്നതിലും നാടിന് വേണ്ടിയും പാര്‍ട്ടിക്ക് വേണ്ടിയും മുന്നണിക്ക് വേണ്ടിയും വിശ്രമമില്ലാതെ പോരാടുന്നതില്‍ തങ്ങളെ പോലുള്ളവര്‍ക്ക് ഉമ്മന്‍ ചാണ്ടി മാതൃകയായിരുന്നു.
പിതൃവാത്സല്യവും സ്‌നേഹവും കരുതലും അനുഭവിച്ചറിയാന്‍ തനിക്ക് ഭാഗ്യമുണ്ടായെന്നും അദ്ദേഹത്തിന്റെ വേര്‍പാട് വയനാടിന് എന്നും നഷ്ടമായിരിക്കുമെന്നും ജയലക്ഷ്മി അനുശോചന സന്ദേശത്തില്‍ പറഞ്ഞു.