ബാങ്ക് വായ്പാതട്ടിപ്പ്:വിജിലന്‍സ് കേസില്‍ 10 പേര്‍ക്ക് കോടതിയില്‍ ഹാജരാവാന്‍ നോട്ടീസ്

0

പുല്‍പ്പള്ളി സര്‍വീസ് സഹകരണ ബാങ്ക് വായ്പാ തട്ടിപ്പില്‍ വിജിലന്‍സ് കുറ്റക്കാരായി കണ്ടെത്തിയ മുന്‍ഭരണസമിതി അംഗങ്ങളില്‍ പ്രസിഡന്റും വൈസ് പ്രസിഡന്റും ഉള്‍പ്പെടെ ഏഴ് പേര്‍ക്കും, ബാങ്ക് സെക്രട്ടറിയായിരുന്ന രമാദേവി, ലോണ്‍ ഓഫീസര്‍ പിയു തോമസ്,തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ സജീവന്‍ കൊല്ലപ്പള്ളി എന്നിവരോടും ഈ മാസം 14ന് തലശേരി വിജിലന്‍സ് കോടതിയില്‍ ഹാജരാകാന്‍ നോട്ടീസ്.

 

ബാങ്ക് വായ്പാത്തട്ടിപ്പ് കേസില്‍ ഇരയായ രാജേന്ദ്രന്‍ ജീവനൊടുക്കിയ കേസില്‍ പ്രേരണാകുറ്റത്തിന്റെ പേരിലും, കേളക്കവല സ്വദേശിയ ഡാനിയേല്‍ എന്നയാളുടെ പരാതിയെ തുടര്‍ന്നും നടത്തിയ അന്വേഷണത്തില്‍ ബാങ്ക് മുന്‍പ്രസിഡന്റ് കെ കെ ഏബ്രഹാം, മുന്‍സെക്രട്ടറി രമാദേവി, ഡയറക്ടറായിരുന്ന വി എം പൗലോസ്, മുഖ്യസൂത്രധാരന്‍ കൊല്ലപ്പള്ളി സജീവന്‍ എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ ഇപ്പോള്‍ റിമാന്റില്‍ കഴിയുകയാണ്. സമാനകേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ട്. രണ്ട് വര്‍ഷം മുമ്പാണ് ബാങ്ക് വായ്പാതട്ടിപ്പുമായി ബന്ധപ്പെട്ട് വിജിലന്‍സ് കേസെടുത്തത്. സഹകരണ വകുപ്പിന്റെ ഓഡിറ്റില്‍ 10 പേര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് മുഴുവന്‍ പേര്‍ക്കുമെതിരെ സര്‍ചാര്‍ജ് ചുമത്തിയിരുന്നു. തുടര്‍ന്നാണ് വിജിലന്‍സ് കേസെടുത്ത് അന്വേഷണം നടത്തിയത്. എന്നാല്‍ എന്നാല്‍ 2019-ല്‍ അന്വേഷണം ആരംഭിച്ചെങ്കിലും ബാങ്ക് വായ്പാതട്ടിപ്പില്‍ ഇരയായ രാജേന്ദ്രന്‍ ആത്മഹത്യ ചെയ്തതിന് ശേഷം മാത്രമായിരുന്നു വിജിലന്‍സ് കുറ്റപത്രം സമര്‍പ്പിച്ചത്. ബാങ്ക് ഡയറക്ടര്‍മാരായ ടോമി തേക്കുമല, മണി പാമ്പനാല്‍, സി വി വേലായുധന്‍, ബിന്ദു ചന്ദ്രന്‍, സുജാത ദിലീപ് എന്നിവരാണ് നോട്ടീസ് ലഭിച്ച മറ്റുള്ളവര്‍. ഇവര്‍ക്ക് കോഴിക്കോട് ഓഫീസില്‍ നിന്നും ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും നോട്ടീസ് നല്‍കിയിട്ടുണ്ട്. വിജിലന്‍സ് കുറ്റപത്രം വൈകിയതിനെ തുടര്‍ന്ന് ജനകീയസമരസമിതിയുടെ നേതൃത്വത്തില്‍ മീനങ്ങാടിയിലെ വിജിലന്‍സ് ഓഫീസിന് മുമ്പില്‍ ധര്‍ണ നടത്തിയിരുന്നു. ഇതോടെയാണ് മെല്ലെപ്പോക്ക് നയം സ്വീകരിച്ച വിജിലന്‍സ് കുറ്റപത്രം വേഗത്തില്‍ സമര്‍പ്പിച്ചത്.

 

Leave A Reply

Your email address will not be published.

error: Content is protected !!