മീനങ്ങാടി ടൗണില്‍ ട്രാഫിക് പരിഷ്‌കരണം 26 മുതല്‍. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടിന്റെ നേതൃത്വത്തില്‍ ഭരണ സമിതിയംഗങ്ങള്‍, മീനങ്ങാടി പോലീസ്, വ്യാപാരി പ്രതിനിധികള്‍, ട്രേഡ് യൂണിയന്‍ ഭാരവാഹികള്‍, എന്നിവരുടെ സംയുക്ത യോഗമാണ് ട്രാഫിക് പരിഷ്‌കരണം നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
അനധികൃത പാര്‍ക്കിംഗും, ഗതാഗതക്കുരുക്കും മീനങ്ങാടിയിലെ പതിവ് കാഴ്ചയാണ്. രാവിലെ ടൗണിലെത്തിയാല്‍ വാഹനം പാര്‍ക്ക് ചെയ്യാനൊരിടം കണ്ടെത്തി വൈകുന്നേരം തിരിച്ചെത്തും വരെ വാഹനം അവിടെ കിടക്കും. നോ പാര്‍ക്കിംഗ് ബോര്‍ഡിന് താഴെ വരെ വാഹനങ്ങളുടെ നീണ്ട നിരയാണ്. ഇത് കാരണം വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്ക് തങ്ങളുടെ വാഹനം നിര്‍ത്തിയിടാന്‍ മറ്റൊരിടം കണ്ടെത്തേണ്ട അവസ്ഥ.
ദേശീയപാതയില്‍ തിരക്കേറിയ ടൗണുകളിലൊന്നായ മീനങ്ങാടിയില്‍ പാര്‍ക്കിംഗ് സൗകര്യമോ പേ പാര്‍ക്കിംഗ് സൗകര്യമോ ഇല്ലാത്തതാണ് കാണുന്ന സ്ഥലമൊക്കെ വാഹനങ്ങളുടെ പാര്‍ക്കിംഗ് ഇടമായി മാറ്റിയത്.മാറി വരുന്ന പഞ്ചായത്ത് ഭരണസമിതിക്കും മീനങ്ങാടി പോലീസിനും എന്നും തലവേദന തന്നെയാണ് മീനങ്ങാടി ടൗണിലെ ഗതാഗത പ്രശ്‌നങ്ങള്‍. ഈ സാഹചര്യത്തിലാണ് പുതിയ ട്രാഫിക് പരിഷ്‌കാരം 26 ന് തിങ്കളാഴ്ച നടപ്പിലാക്കുന്നത്.
പുതിയ പരിഷ്‌കാരത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ടൗണിലെത്തുന്നവര്‍ക്ക് 20 മിനിറ്റ് നേരം സ്ഥാപനത്തിന് മുന്നില്‍ വാഹനം നിര്‍ത്തി സാധനം വാങ്ങാനോ മറ്റ് ആവശ്യങ്ങള്‍ നിറവേറ്റുവാനോ അനുമതിയുണ്ട്. ഡ്രൈവര്‍ വിളിപ്പാടകലെ ഉണ്ടാകണമെന്ന നിബന്ധനയോടെയാണ് പാര്‍ക്ക് & ബൈ സിസ്റ്റം ഒരുക്കിയത്. രാവിലെ 9 മുതല്‍ 10:30 വരെയും വൈകുന്നേരം 3 .30 മുതല്‍ 5 വരെയും ടൗണില്‍ വലിയ വാഹനങ്ങളില്‍ ചരക്ക് കയറ്റുന്നതും-ഇറക്കുന്നതും അനുവദിക്കുന്നതല്ല. ഈ സമയങ്ങളില്‍ സ്‌കൂള്‍ റോഡിലൂടെ ടിപ്പര്‍ പോലുള്ള വാഹനങ്ങളും അനുവദിക്കില്ല. വീഴ്ച വരുത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് പിഴ ഈടാക്കാനാണ് പോലീസിന്റെയും തീരുമാനം.ടൗണിലെ ഫുട്പാത്ത് ഹാന്റ് റെയിലില്‍ കൊടിതോരണങ്ങള്‍ കെട്ടുന്നതിനും നിബന്ധനകളോടെ നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. ടൗണില്‍ ഒരു ഭാഗത്തും വഴിയോരക്കച്ചവടമോ വാഹനങ്ങളിലെത്തിച്ച് വില്‍പനയോ അനുവദിക്കില്ല.