പ്ലസ് വണ്‍ സീറ്റ് :മുസ്‌ലിം ലീഗ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി

0

പ്ലസ് വണ്‍ ഏകജാലക പ്രവേശനത്തില്‍ അശാസ്ത്രീയ രീതി തുടരുന്ന സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയത്തിനെതിരെ മുസ്്‌ലിം ലീഗ് വയനാട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച കലക്ടറേറ്റ് മാര്‍ച്ചില്‍ പ്രതിഷേധമിരമ്പി.കല്‍പ്പറ്റ മുസ്്‌ലിം ലീഗ് ജില്ലാ ഓഫീസിന് സമീപത്തുനിന്ന് ആരംഭിച്ച റാലിയില്‍ നൂറ് കണക്കിന് പ്രവര്‍ത്തകര്‍ അണിചേര്‍ന്നു. കലക്ടറേറ്റിന് മുന്നിലെ പ്രതിഷേധ സമരം മുസ്്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി അഡ്വ.എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മുസ്്‌ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിപി.കെ ഫിറോസ്, ട്രഷറര്‍ പി. ഇസ്മായില്‍, മുസ്്‌ലിം ലീഗ് ജില്ലാ, നിയോജകമണ്ഡലം ഭാരവാഹികള്‍, പോഷകഘടങ്ങളുടെ ജില്ലാ നേതാക്കള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ആവശ്യത്തിനു ഹയര്‍ സെക്കന്‍ഡറി ബാച്ചുകള്‍ ഇല്ലാത്തതിനാല്‍ വയനാട് ജില്ലയില്‍ ഈ വര്‍ഷം എസ്എസ്എല്‍സി എഴുതി ഉപരിപഠനത്തിനു യോഗ്യത നേടിയതില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികള്‍ക്കു പ്ലസ് വണ്‍ പ്രവേശനം ലഭിക്കില്ല. ജില്ലയില്‍ ഇക്കുറി 11,600 വിദ്യാര്‍ഥികളാണ് പ്ലസ് വണ്‍ പ്രവേശനത്തിനു യോഗ്യത നേടിയത്. ഇതില്‍ 2,793 പേര്‍ പട്ടികജാതി-വര്‍ഗ വിഭാഗങ്ങളിലുള്ളവരാണ്. ജില്ലയില്‍ വിവിധ വിദ്യാലയങ്ങളിലായി നിലവില്‍ 9,814 പ്ലസ് വണ്‍ സീറ്റുകളാണ് ഉള്ളത്. 30 ശതമാനം സീറ്റ് വര്‍ധിപ്പിക്കുക വഴി ഒരു ക്ലാസില്‍ 75 കുട്ടികള്‍ വരെ ഞെങ്ങി ഞെരുങ്ങി പഠിക്കേണ്ട സാഹചര്യമാണുള്ളത്. മലബാറിലെ ആകെ ജില്ലകളില്‍ 150 ബാച്ചുകള്‍ അനുവദിക്കാനുള്ള ശുപാര്‍ശ വി. കാര്‍ത്തികേയന്‍ കമ്മിറ്റി സര്‍ക്കാരിന് മുന്നില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് പൂഴ്ത്തിവെച്ചാണ് സര്‍ക്കാര്‍ പഴയ രീതി അതേപടി തുടരുന്നതെന്ന് നേതാക്കള്‍ ആരോപിച്ചു.

 

Leave A Reply

Your email address will not be published.

error: Content is protected !!