ഡോണ്‍ ഗ്രേഷ്യസ് ഇനിയും ജീവിക്കും മറ്റുള്ളവരിലൂടെ

0

ചൂരല്‍മലയില്‍ വെള്ളക്കെട്ടില്‍ വീണു ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന വിദ്യാര്‍ത്ഥി മരിച്ചു. തൃശ്ശൂര്‍ പുല്ലൂര്‍ ചുങ്കത്തു വീട്ടില്‍ ജോസിന്റെയും സോഫിയുടെയും മകന്‍ ഡോണ്‍ ഗ്രേഷ്യസ്(15) ആണ് മരിച്ചത്. മസ്തിഷ്‌ക മരണം സംഭവിച്ച ഗ്രേഷ്യസിന്റെ കരള്‍, വൃക്കകള്‍ എന്നി അവയവങ്ങള്‍ ദാനം ചെയ്തു.ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയവെയാണ് മരണം. ജില്ലയിലെ ആദ്യത്തെ അവയവമാറ്റത്തിനുള്ള മള്‍ട്ടി ഓര്‍ഗന്‍സ് സര്‍ജറിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എക്‌സിക്യൂട്ടീവ് ട്രസ്റ്റീ യു. ബഷീര്‍, ഡീന്‍ ഡോ. ഗോപകുമാരന്‍ കര്‍ത്താ എന്നിവര്‍ നേതൃത്വം നല്‍കി.

സര്‍ക്കാര്‍ സംവിധാനമായ മൃതസഞ്ജീവനി വഴിയായിരുന്നു അവയവമാറ്റശസ്ത്രക്രിയകളുടെ മേല്‍നോട്ടം നടന്നത്. കോഴിക്കോട് ആസ്റ്റര്‍ മിംസിലെയും ഡോ. മൂപ്പന്‍സ് മെഡിക്കല്‍ കോളേജിലെയും ഡോക്ടര്‍മാരും ഒപ്പമുണ്ടായിരുന്നു. കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയ ഒരു വൃക്ക കോഴിക്കോട് സ്വദേശിക്കും ആസ്റ്റര്‍ മിംസിലേക്ക് കൊണ്ടുപോയ മറ്റൊരു വൃക്ക തലശ്ശേരി സ്വദേശിക്കും കരള്‍ ആസ്റ്റര്‍ മിംസില്‍ തന്നെ ചികിത്സയിലുള്ള വടകര സ്വദേശിക്കുമാണ് നല്‍കുക.

മെയ് 31 നായിരുന്നു വയനാട്ടില്‍ വിനോദസഞ്ചാരത്തിന് എത്തിയ ഡോണ്‍ ഗ്രേഷ്യസ് ഉള്‍പ്പെടെയുള്ള 3 വിദ്യാര്‍ത്ഥികള്‍ ചൂരല്‍മല പുഴയിലെ വെള്ളക്കെട്ടില്‍ അകപ്പെട്ടത്. ഇരിങ്ങാലക്കുട ഡോണ്‍ബോസ്‌കോ സ്‌കൂളിലെ വിദ്യാര്‍ത്ഥിയായിരുന്ന ഡോണ്‍ ഗ്രേഷ്യസ് കഴിഞ്ഞ എസ് എസ് എല്‍ സി പരീക്ഷയില്‍ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയിരുന്നു. നാടിനടുത്തു ഈയിടെ നടന്ന അപകടത്തില്‍ മരിച്ച ഒരു വ്യക്തിയുടെ അവയവങ്ങള്‍ ദാനം ചെയ്ത വാര്‍ത്ത അറിഞ്ഞ ഡോണ്‍ തനിക്കും എന്തെങ്കിലും ആപല്‍മരണമുണ്ടായാല്‍ എന്റെ അവയവങ്ങളും ദാനം ചെയ്യണമെന്ന് അന്ന് അമ്മയോട് പറഞ്ഞിരുന്നു. മകന്റെ ആ ആഗ്രഹമാണ് മാതാപിതാക്കള്‍ നടപ്പിലാക്കിയത്. പഠന പഠനേതര പ്രവര്‍ത്തനങ്ങളില്‍ എന്നും മുന്‍പന്തിയിലുണ്ടായിരുന്ന ഡോണ്‍ ഗ്രേഷ്യസിന്റെ ജേഷ്ഠനും ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഒരപകടത്തില്‍ വെള്ളത്തില്‍ വീണ് മരിച്ചിരുന്നു.

Leave A Reply

Your email address will not be published.

error: Content is protected !!