ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിന്‍; ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി

0

ഹരിതകേരളം മിഷന്‍, കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത്, ചീക്കല്ലൂര്‍ ദര്‍ശന ലൈബ്രറി എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ നടപ്പാക്കുന്ന ക്ലീന്‍ കൂടോത്തുമ്മല്‍ ക്യാമ്പയിനിന്റെ വാര്‍ഷികത്തോടനുബന്ധിച്ച് നടത്തുന്ന കൂടോത്തുമ്മല്‍ ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിന് തുടക്കമായി. കണിയാമ്പറ്റ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിനു ജേക്കബ് ഉദ്ഘാടനം ചെയ്തു. നവകേരളം കര്‍മപദ്ധതി ജില്ലാ കോര്‍ഡിനേറ്റര്‍ ഇ. സുരേഷ് ബാബു മുഖ്യ പ്രഭാഷണം നടത്തി.

ഒരു വര്‍ഷമായി ലൈബ്രറിയുടെ നേതൃത്വത്തില്‍ ഇടവിട്ട ഞായറാഴ്ചകളില്‍ ടൗണ്‍ ശുചീകരണം നടത്തും. ടൗണിലെ കടകളില്‍ ബിന്നുകള്‍ സ്ഥാപിച്ച് അജൈവ മാലിന്യം കൃത്യമായ ഇടവേളകളില്‍ ഹരിതകര്‍മസേനക്ക് കൈമാറും. ഇതിന് യൂസര്‍ ഫീസും നല്‍കും. കച്ചവടക്കാരും ഓട്ടോ ഡ്രൈവര്‍മാരും വലിച്ചെറിയലിനെതിരെ ബോധവല്‍ക്കരണം നടത്തും. നിലവില്‍ നടക്കുന്ന ശുചീകരണത്തോടൊപ്പം ടൗണ്‍ സൗന്ദര്യവല്‍ക്കരണത്തിനായി ജനകീയ ഇടപെടല്‍ നടത്തും. ഇതിന്റെ ഭാഗമായി തുണി സഞ്ചി തയ്യാറാക്കി വിതരണം ചെയ്യും. ടൗണിനോട് ചേര്‍ന്ന വാര്‍ഡുകളില്‍ നൂറു ശതമാനം വാതില്‍പ്പടി ശേഖരണവും യൂസര്‍ ഫീയും ഉറപ്പു വരുത്തുന്നതിന് ലൈബ്രറിയുടെ നേതൃത്വത്തില്‍ പ്രത്യേക ക്യാമ്പയിന്‍ സംഘടിപ്പിക്കും.

ചടങ്ങില്‍ മെമ്പര്‍മാരായ എ.വി. സുജേഷ് കുമാര്‍, ടി.കെ. സരിത, ദര്‍ശന ലൈബ്രറി പ്രസിഡന്റ് ശിവന്‍പിള്ള മാസ്റ്റര്‍, അംഗങ്ങമായ പി. ബിജു, എം. ദേവകുമാര്‍, കെ.കെ. മോഹന്‍ദാസ്, പി. സുകുമാരന്‍, ഒ.പി. വാസുദേവന്‍, വാസുദേവന്‍ ചീക്കല്ലൂര്‍, വി.എസ്. വര്‍ഗ്ഗീസ്, ഷീബ ജയന്‍, കെ.വി. ഉമ, മിനി സുരേഷ്, പി. അശോകന്‍, ഹരിതകര്‍മസേന പ്രസിഡന്റ് സിന്ധു തുടങ്ങിയവര്‍ സംസാരിച്ചു.

Leave A Reply

Your email address will not be published.

error: Content is protected !!