തൊഴിലാളികളുടെ അവകാശങ്ങള്‍ ഓര്‍മപ്പെടുത്തി ഇന്ന് മെയ് ദിനം
മെയ് ഒന്ന്, ലോക തൊഴിലാളി ദിനം. തൊഴിലാളികളെ 15 മണിക്കൂറോളം ജോലി ചെയ്യിച്ച് ചൂഷണം ചെയ്തിരുന്ന മുതലാളിമാരില്‍ നിന്ന് എട്ടുമണിക്കൂര്‍ ജോലി, എട്ടുമണിക്കൂര്‍ വിശ്രമം, എട്ടുമണിക്കൂര്‍ വിനോദം എന്ന അംഗീകാരം വാങ്ങിപ്പിച്ചതിന്റെ സ്മരണക്കായാണ് മെയ് ദിനം ആഘോഷിക്കുന്നത്. ചരിത്രപ്രസിദ്ധമായ തൊഴിലാളിവര്‍ഗ്ഗ മുന്നേറ്റത്തിന്റെ ദിനമാണ് മെയ് ഒന്ന്.ചിക്കാഗോ തെരുവില്‍ പിടഞ്ഞു വീണവരില്‍ നിന്നാണ് പിന്നീട് ലോകം ഏറ്റവും ഉജ്ജ്വലമായ പ്രഭാതത്തിലേക്ക് ഉണര്‍ന്നെണീറ്റത്. 1889-ല്‍ പാരീസില്‍ ചേര്‍ന്ന രാജ്യാന്തര സോഷ്യലിസ്റ്റ് കോണ്‍ഗ്രസാണ് ആദ്യമായി മെയ് ദിനം ആചരിച്ചത്.ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ്, എട്ടു മണിക്കൂര്‍ ജോലി സമയമാക്കിയതിന്റെ വാര്‍ഷികമായി മെയ് ഒന്നാം തീയതി തൊഴിലാളി ദിനമായി ആഘോഷിക്കാന്‍ തീരുമാനിച്ചത്. സാധ്യമായ എല്ലായിടങ്ങളിലും തൊഴിലാളികള്‍ മെയ് ഒന്നിന് ജോലികള്‍ നിര്‍ത്തിവയ്ക്കണമെന്നുള്ള പ്രമേയവും യോഗത്തില്‍ പാസാക്കുകയുണ്ടായി.ഇന്ത്യയില്‍ ആദ്യമായി മദ്രാസിലാണ് മെയ് ദിനം ആഘോഷിച്ചത്. ലേബര്‍ കിസാന്‍ പാര്‍ട്ടി ഓഫ് ഹിന്ദുസ്ഥാനാണ് 1923 മെയ് 1 നു തൊഴിലാളിദിനം ആചരിച്ചത്. മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം ജനറല്‍ സെക്രട്ടറി വൈക്കോ ആണ് തൊഴില്‍ ദിനം പൊതു അവധിയാക്കണമെന്ന് അന്നത്തെ പ്രധാനമന്ത്രിയായിരുന്ന വി.പി.സിങ്ങിനോട് ആവശ്യപ്പെട്ടത്. തുടര്‍ന്ന് മെയ് 1 പൊതു അവധിയായി ആഘോഷിച്ചു വരികയാണ്. തൊഴിലാളികളേയും സമൂഹത്തിന് അവര്‍ നല്‍കുന്ന സംഭാവനകളേയും ബഹുമാനിക്കുന്ന ദിനമാണ് മെയ് ദിനം. 1800 കളുടെ തുടക്കത്തില്‍ അമേരിക്കയിലെ തൊഴില്‍ സമയം 12 മണിക്കൂറായിരുന്നു. എത് മോശം സാഹചര്യത്തിലും ആഴ്ച മുഴുവന്‍ പണി എടുക്കേണ്ടി വന്നിരുന്നു അവര്‍ക്ക്. ഒടുവില്‍ തൊഴിലാളികള്‍ സമരത്തിനിറങ്ങി. 8 മണിക്കൂറാക്കി ജോലി സമയം ചുരുക്കണം എന്നതായിരുന്നു ആവശ്യം. സമരത്തിന്റെ മൂന്നാം ദിനം ചിക്കാഗോയിലെ ഹേ മാര്‍ക്കറ്റില്‍ സംഘടിച്ച തൊഴിലാളികള്‍ക്ക് നേര്‍ക്ക് ആരോ ബോംബ് എറിഞ്ഞു. പിന്നീട് പൊലീസ് തുടര്‍ച്ചയായി വെടിയുതിര്‍ത്തു. നിരവധി തൊഴിലാളികളും പൊലീസും കൊല്ലപ്പെട്ടു. ഈ പോരാട്ടത്തിന്റെ ആദരസൂചകമായി 1894 ല്‍ അന്നത്തെ പ്രസിഡന്റ് ക്ളീവ്ലന്‍ഡ് മെയ് 1 തൊഴിലാളി ദിനമായി പ്രഖ്യാപിച്ചു.എന്നാല്‍ പിന്നീട് അമേരിക്കന്‍ ഐക്യനാടുകളിലെ തൊഴിലാളി ദിനാചരണം സെപ്തംബറിലെ ആദ്യ തിങ്കളാഴ്ചയിലേക്ക് മാറ്റി. 1904 ല്‍ ആംസ്റ്റര്‍ഡാമില്‍ നടന്ന ഇന്റര്‍നാഷണല്‍ സോഷ്യലിസ്റ്റ് കോണ്‍ഫറന്‍സിന്റെ വാര്‍ഷിക യോഗത്തിലാണ് ജോലിസമയം 8 മണിക്കൂര്‍ ആക്കിയതിന്റെ വാര്‍ഷികമായി മെയ് 1 സാര്‍വദേശീയ തൊഴിലാളി ദിനമായി ആചരിക്കാന്‍ തീരുമാനിച്ചത്.