ഗര്‍ഭിണിയായ മ്ലാവിനെ വേട്ടയാടിയ സംഭവം : ഒളിവിലായിരുന്ന പ്രതികള്‍ പിടിയില്‍

0

മണ്ണാര്‍ക്കാട് ഗര്‍ഭിണിയായ മ്ലാവിനെ വേട്ടയാടിയ സംഭവത്തില്‍ ഒളിവിലായിരുന്ന പ്രതികളെയും പ്രതികളെ ഒളിവില്‍ താമസിപ്പിച്ച വീട്ടുകാരനേയും മാനന്തവാടിയില്‍ നിന്നും പിടികൂടി.മണ്ണാര്‍ക്കാട് പാലക്കയം സ്വദേശികളായ കാഞ്ഞിരംപാറ കെ എം സന്തോഷ് (48), ആക്കാം മറ്റം ബിജു ജോസഫ് (47) , നെല്ലിക്കുന്നേല്‍ എന്‍ എ ബിനു (48) എന്നിവരാണ് പിടിയിലായത്.ഇവരെ ഒളിവില്‍ താമസിപ്പിച്ച മാനന്തവാടി ചങ്ങാടക്കടവ് സ്വദേശി ദീപുവിനേയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പാലക്കയം ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കല്ലടികോട് മലവാരത്തില്‍ മാര്‍ച്ച് 26നായിരുന്നു സംഭവം. നാല് വയസ്സുള്ള ഗര്‍ഭിണിയായ മ്ലാവിനെ വെടിവെച്ച് കൊന്നതാണ് കേസ്. സംഭവത്തില്‍ എടത്തനാട്ടുകര പൊന്‍പാറ സ്വദേശി ബോണി (34), കല്ലടിക്കോട് താന്നിക്കല്‍ തങ്കച്ചന്‍ (കുര്യാക്കോസ് -64) എന്നിവര്‍ നേരത്തെ അറസ്റ്റിലായിരുന്നു. മാനന്തവാടി സി ഐ അബ്ദുള്‍ കരീമിനും സംഘത്തിനും മറ്റൊരു കേസ് അന്വേഷിക്കുന്നതിനിടെ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ ഓപ്പറേഷനിലാണ് പ്രതികള്‍ വലയിലായത്.

അസ്വാഭാവികമായി കണ്ടെത്തിയ കാറിനെ കുറിച്ച് മാനന്തവാടി പോലീസ് നടത്തിയ അന്വേഷണമാണ് ഒടുവില്‍ പ്രതികളെ പിടികൂടാന്‍ വനം വകുപ്പിനെ സഹായിച്ചത്.മ്ലാവ് വേട്ട കേസിലെ പ്രതികള്‍ മാനന്തവാടിയിലുണ്ടെന്ന് വ്യക്തമായതോടെ വനം വകുപ്പ് സംഘത്തെ വിവരം അറിയിക്കുകയും, മണ്ണാര്‍ക്കാട് നിന്നും വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പോലീസിന്റെ സഹായത്തോടെ പ്രതികളെ പിടികൂടുകയായിരുന്നു. പ്രതികള്‍ക്കെതിരെ വനം- വന്യ ജീവി നിയമങ്ങള്‍ പ്രകാരവും, ആയുധ നിയമപ്രകാരവും കേസെടുക്കും.

Leave A Reply

Your email address will not be published.

error: Content is protected !!