മെസിക്ക് ഗോള്‍ഡന്‍ ബോള്‍; ഹാട്രിക് മികവില്‍ ഗോള്‍ഡന്‍ ബൂട്ട് എംബാപ്പെയ്ക്ക്
ഖത്തര്‍ ലോകകപ്പില്‍ ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച താരത്തിനുള്ള ഗോള്‍ഡന്‍ ബോള്‍ അര്‍ജന്റീന നായകന്‍ ലയണല്‍ മെസിക്ക് സ്വന്തമാക്കി. അര്‍ജന്റീനയെ ഫൈനലിലെത്തിച്ച ഐതിഹാസിക പ്രകടനമാണ് താരത്തിന് ഗോള്‍ഡന്‍ ബോള്‍ പുരസ്‌കാരം നേടിക്കൊടുത്തത്. കലാശപ്പോരില്‍ ഫ്രാന്‍സിനെതിരെ മെസിക്ക് ഇരട്ടഗോളും നേടി. 2014 ലോകകപ്പിലും മെസി ഗോള്‍ഡന്‍ ബോള്‍ നേടിയിരുന്നു.
അതേസമയം ഏറ്റവും കൂടുതല്‍ ഗോള്‍ നേടുന്ന താരത്തിനുള്ള ഗോള്‍ഡന്‍ ബൂട്ട് ഫ്രാന്‍സിന്റെ കിലിയന്‍ എംബപെ സ്വന്തമാക്കി. കലാശപ്പോരാട്ടത്തിനു മുന്‍പ് മെസ്സിയും എംബപെയും അഞ്ച് ഗോളുകള്‍ വീതം നേടി ഒന്നാം സ്ഥാനത്തായിരുന്നെങ്കിലും, ഫൈനലില്‍ ഇരട്ടഗോള്‍ നേടിയ മെസിയെ ഹാട്രിക് മികവില്‍ മറികടന്നാണ് എംബപെയുടെ ഗോള്‍ഡന്‍ ബൂട്ട് നേട്ടം.ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച ഗോള്‍കീപ്പറിനുള്ള ഗോള്‍ഡന്‍ ഗ്ലൗ പുരസ്‌കാരം അര്‍ജന്റീന ഗോള്‍കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനസ് നേടി. പെനല്‍റ്റി ഷൂട്ടൗട്ടിലേക്കു നീണ്ട ആവേശപ്പോരാട്ടത്തില്‍ കിങ്‌സ്ലി കോമന്റെ കിക്ക് മാര്‍ട്ടിനസ് തടഞ്ഞത് നിര്‍ണായകമായിരുന്നു. ടൂര്‍ണമെന്റിലെ മികച്ച യുവതാരമായി അര്‍ജന്റീനയുടെ തന്നെ എന്‍സോ ഫെര്‍ണാണ്ടസ് തിരഞ്ഞെടുക്കപ്പെട്ടു.