മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ ദുരന്തത്തില്‍പെടുകയും എന്നാല്‍ സര്‍ക്കാര്‍ വീട് വെച്ച് നല്‍കുന്നവരുടെ പട്ടികയില്‍ പേരുകള്‍ ഉള്‍പെടാത്തവരുടെയും ജീവിതം ദുരിതപൂര്‍ണം. ഇതു വരെ പുറത്തുവന്ന പട്ടികകളില്‍ പേര് ഉള്‍പെടാത്തതായ നിരവധി കുടുംബങ്ങളാണ് സുല്‍ത്താന്‍ ബത്തേരിയിലും പരിസരങ്ങളിലും കഴിയുന്നത്. സര്‍ക്കാര്‍ താമസ സൗകര്യമൊരുക്കി നല്‍കി എന്നതൊഴിച്ചാല്‍ രോഗബാധിതരായ പലരുടെയും ദൈനംദിന ജീവിതം പോലും ബുദ്ധിമുട്ടിലാണ്.
ഉരുള്‍ ദുരന്ത ബാധിത പ്രദേശമായ മുണ്ടക്കൈ റാട്ടപാടിയില്‍ നിന്നും എത്തിയതാണ് വെള്ളയ്യനും ഭാര്യ ചെന്നിയും. കഴിഞ്ഞ ഓഗസ്റ്റില്‍ ക്യാമ്പില്‍ നിന്നും നേരെ ഇവര്‍ എത്തിയത് സുല്‍ത്താന്‍ബത്തേരി കെഎസ്ആര്‍ടിസിക്ക് സമീപമുള്ള കാരാപ്പുഴ കോട്ടേഴ്‌സിലേക്കാണ്. നിലവില്‍ ഇവരുടെ ജീവിതം ദുരിത പൂര്‍ണ്ണമാണ്. സര്‍ക്കാര്‍ വീട് വെച്ച് നല്‍കുന്നവരുടെ പട്ടികകള്‍ പലതവണ ഇറങ്ങിയെങ്കിലും ഈ കുടുംബത്തിന്റെ പേര് ഒന്നിലും ഉള്‍പ്പെട്ടിട്ടില്ലെന്നാണ് കുടുംബം ആരോപിക്കുന്നത്. നിലവില്‍ 70 പിന്നിട്ട വെള്ളയ്യന്‍ പലവിധ രോഗങ്ങളാല്‍ ബുദ്ധിമുട്ടിലാണ്. പ്രായമായ ചെന്നിയും അസുഖബാധിതയാണ്. മക്കളുടെ വിവാഹം കഴിഞ്ഞ് അവര്‍ വേറെയാണ് താമസം. അതിനാല്‍ തന്നെ പ്രായമായ ഇരുവരും ജീവിതം തള്ളി നീക്കുന്നത് ഏറെ പ്രയാസപ്പെട്ടാണ്. നിലവില്‍ സര്‍ക്കാര്‍ താമസസൗകര്യം ഒരുക്കിയതും മാസത്തില്‍ 1000 രൂപയുടെ കൂപ്പണ്‍ തരുന്നതും അല്ലാതെ മറ്റൊരു സഹായവും ലഭിക്കുന്നില്ല എന്നാണ് കുടുംബത്തിന്റെ ആരോപണം. ഒരു ദുരന്ത മേഖലയില്‍ നിന്ന് രക്ഷപ്പെട്ട് ഇവിടെയെത്തിയ മറ്റ് മറ്റു കുടുംബങ്ങളും ദുരിതത്തിലാണെന്നും ഇവര്‍ പറയുന്നു. ഇവര്‍ എല്ലാവരുടെയും വീടും ഭൂമിയും ഉരുളടുത്തു പോയതാണ്. ഒന്നുമില്ലാതായിപ്പോയ തങ്ങള്‍ക്കും സര്‍ക്കാര്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തി വീടെങ്കിലും വച്ച് നല്‍കണമെന്ന് ആവശ്യമാണ് ഇവരും ഉന്നയിക്കുന്നത്.