മുണ്ടക്കൈ -ചൂരല്‍മല ഗുണഭോക്തൃ പട്ടികയിലെ കുടുംബങ്ങള്‍ക്ക് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ്

ജില്ലാഭരണകൂടം മുണ്ടക്കൈ – ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം നേരിട്ട മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10, 11, 12 വാര്‍ഡുകളിലെ കുടുംബങ്ങള്‍ക്കായി ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുന്നു. ടൗണ്‍ഷിപ്പ് ഗുണഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ച ഒന്നാംഘട്ട, രണ്ടാംഘട്ട-എ, രണ്ടാംഘട്ട-ബി പട്ടികകളില്‍ ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് തിരിച്ചറിയല്‍ കാര്‍ഡ് ലഭ്യമാക്കാന്‍ ക്യാമ്പ് നടത്തുന്നത്. ജില്ലാ ഭരണകൂടം, ദുരന്ത നിവാരണ വിഭാഗം, ഐ.ടി മിഷന്‍ എന്നിവയുടെ സഹകരണത്തോടെയാണ് ക്യാമ്പ് നടത്തുന്നത്. കളക്ട്രേറ്റിലെ ആസൂത്രണഭവന്‍ എപിജെ ഹാളില്‍ ജൂലൈ 11 മുതല്‍ 13 വരെയാണ് ക്യാമ്പ്. രാവിലെ 10 മുതല്‍ ക്യാമ്പ് ആരംഭിക്കും. ഒരു കുടുംബത്തിന് ഒരു കാര്‍ഡാണ് നല്‍കുക. അര്‍ഹരായ കുടുംബാംഗങ്ങളുടെ ഫോട്ടോ, വ്യക്തിഗത വിവരങ്ങള്‍ കാര്‍ഡില്‍ രേഖപ്പെടുത്തും. നിലവില്‍ റേഷന്‍ കാര്‍ഡ്, ടൗണ്‍ഷിപ്പ് ഗുണഭോക്തൃ പട്ടികയ്ക്കായി നല്‍കിയ സത്യവാങ്മൂലം അടിസ്ഥാനമാക്കിയാണ് കുടുംബാംഗങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ റേഷന്‍-ആധാര്‍ കാര്‍ഡ്, ഇലക്ഷന്‍ ഐഡി കാര്‍ഡ്, ജാതി സര്‍ട്ടിഫിക്കറ്റ്, ബാങ്ക് പാസ്ബുക്ക്, എസ്.എസ്.എല്‍.സി സര്‍ട്ടിഫിക്കറ്റ്, ഭിന്ന ശേഷിക്കാരാണെങ്കില്‍ ആയത് തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡില്‍ ഉള്‍പ്പെടാത്തവര്‍ കുടുംബവുമായി ബന്ധം തെളിയിക്കുന്ന മാരേജ് സര്‍ട്ടിഫിക്കറ്റ്, നവജാത ശിശുക്കളാണെങ്കില്‍ ജനന സര്‍ട്ടിഫിക്കറ്റ്, മാരക അസുഖങ്ങള്‍ ഉള്ളവരാണെങ്കില്‍ ബന്ധപ്പെട്ട രേഖകളുടെ അസലോ, പകര്‍പ്പോ എന്നിവ കൊണ്ടുവരണം. കുടുംബത്തിലെ മുഴുവനാളുകളും ക്യാമ്പില്‍ വരണമെന്നില്ല. കുടുംബാംഗങ്ങളില്‍ ആര്‍ക്കെങ്കിലും നേരിട്ട് ക്യാമ്പിലെത്താന്‍ ബുദ്ധിമുട്ടാണെങ്കില്‍ ക്യാമ്പില്‍ വരുന്ന മറ്റു കുടുംബാംഗങ്ങള്‍ അവരുടെ വിവരങ്ങളും പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും കൊണ്ടുവരണം. ക്യാമ്പില്‍ പങ്കെടുക്കാന്‍ ഗുണഭോക്താക്കള്‍ക്ക് സമയക്രമം നല്‍കും. സമയക്രമവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ജില്ലാ ദുരന്ത നിവാരണ വിഭാഗത്തിലും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ബോര്‍ഡിലും www.wayanad.gov.in ലും ലഭ്യമാണ്. ഗുണഭോക്താക്കള്‍ക്ക് അനുവദിച്ച സമയത്ത് ക്യാമ്പിലെത്തി ഡാറ്റാ എന്റോള്‍മെന്റ് പൂര്‍ത്തിയാക്കണം. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ കുടുംബാംഗങ്ങളുടെ കൃത്യമായി വിവരങ്ങള്‍ പൂരിപ്പിച്ച് നല്‍കണം. ഫോം കളക്ടറേറ്റിലെ ദുരന്ത നിവാരണ വിഭാഗത്തിലും അക്ഷയ കേന്ദ്രങ്ങളിലും www.wayanad.gov.inലും ലഭിക്കും.ഫോം പൂരിപ്പിച്ച് ക്യാമ്പില്‍ പങ്കെടുക്കണം.സര്‍ക്കാര്‍ അംഗീകാരത്തിനായി അപ്പീല്‍ അപേക്ഷ നല്‍കിയവരുടെ പട്ടിക വരുന്ന മുറയ്ക്ക് രണ്ടാംഘട്ടമായി കാര്‍ഡ് വിതരണത്തിന് ഡാറ്റാ എന്റോള്‍മെന്റ് ക്യാമ്പ് സംഘടിപ്പിക്കുമെന്ന് ജില്ലാ ദുരന്ത നിവാരണ വിഭാഗം അറിയിച്ചു. ഫോണ്‍- 04936 202251.

 

Leave a Reply

Your email address will not be published. Required fields are marked *

Exit mobile version