വനാതിർത്തിയിൽ സ്ഥാപിച്ച റെയിൽ ഫെൻസിങ് തകർന്നതോടെ മൂടക്കൊല്ലി , മണ്ടുണ്ണി മേഖലയിൽ കാട്ടാന ശല്യം രൂക്ഷം. ജനവാസമേഖലയിലെത്തുന്ന കാട്ടാനകൾ വ്യാപക കൃഷിനാശമുണ്ടാക്കിയാണ് കാട് കയറുന്നത്. കാട്ടാന ശല്യം രൂക്ഷമായിട്ടും വനംവകുപ്പ് അനാസ്ഥ തുടരുകയാണെന്നാണ് നാട്ടുകാരുടെ ആരോപണം
മൂടക്കൊല്ലി വനാതിർത്തിയിൽ കോടികൾ മുടക്കി സ്ഥാപിച്ച റെയിൻ ഫെൻസിംങ്ങ് കാട്ടാനകൾ തകർത്തിട്ട് മാസങ്ങൾ പിന്നിട്ടു. വാകേരി, മുടക്കൊല്ലി, രണ്ടാം നമ്പർ, കൂടല്ലൂർ തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗ ശല്യം തടയാൻ സ്ഥാപിച്ച ഫെൻസിംങിൻ്റെ ഒൻപതോളം ഭാഗങ്ങളാണ് തകർന്നിരിക്കുന്നത്. ഫെൻസിംങ്ങ് ചവിട്ടി തകർത്താണ് കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നത്. നാല് ആനകൾ സ്ഥിരമായി ജനവാസ മേഖയിൽ എത്തുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
കഴിഞ്ഞ രാത്രി മൂടക്കൊല്ലി പരമല സാബുവിൻ്റെ വിളവെടുക്കാൻ പാകമായ 600 വാഴകളാണ് കാട്ടാനകൾ നശിപ്പിച്ചത്.
പ്രദേശത്തെ നിരവധി കർഷകരുടെ തെങ്ങ് , കാപ്പി , കമുക് എന്നിവ കാട്ടാനകൾ നശപ്പിച്ചിട്ടുണ്ട്. കൃഷി നഷ്ടമായവർക്ക് നഷ്ടപരിഹാരം നൽകാൻ വനവകുപ്പ് തയാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. റെയിൽ ഫെൻസിംങ്ങിൽ അറ്റകുറ്റ പണി നടത്തണമെന്നും മൂടക്കൊല്ലി ഭാഗത്ത് കരിങ്കൽ ഭിത്തി നിർമിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.