- Advertisement -

- Advertisement -

അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി

0

ഖത്തര്‍ ലോകകപ്പില്‍ അര്‍ജന്റീനയ്ക്ക് ഇന്ന് മരണക്കളി. ഗ്രൂപ്പ് സിയില്‍ പോളണ്ടിനെ നേരിടുന്ന മെസിയ്ക്കും സംഘത്തിനും പ്രീക്വാര്‍ട്ടറില്‍ കടക്കണമെങ്കില്‍ ജയം കൂടിയേ തീരൂ. ഇന്ത്യന്‍ സമയം അര്‍ദ്ധരാത്രി 12.30നാണ് മത്സരം. ഈ സമയം തന്നെ സൗദി അറേബ്യ മെക്‌സിക്കോ മത്സരവും നടക്കും. ഒരു ജയം ഇരു ടീമുകളുടെയും പ്രീ ക്വാര്‍ട്ടര്‍ സാധ്യത വര്‍ധിപ്പിക്കുകയും ചെയ്യും. ഗ്രൂപ്പ് ഡിയില്‍ ഇന്ന് മറ്റൊരു നിര്‍ണായ മത്സരമുണ്ട്. ഇന്ത്യന്‍ സമയം രാത്രി 8.30ന് ഓസ്‌ട്രേലിയ ഡെന്മാര്‍ക്കിനെ നേരിടും. ഈ കളി വിജയിക്കുന്ന ടീമിനും പ്രീ ക്വാര്‍ട്ടറ് സാധ്യതയുണ്ട്. ഇതേ സമയത്ത് തന്നെ നടക്കുന്ന ഫ്രാന്‍സ് ടുണീഷ്യ മത്സരം ടുണീഷ്യക്ക് നിര്‍ണായകമാണ്. വിജയിച്ചാല്‍ അവര്‍ക്കും പ്രീ ക്വാര്‍ട്ടര്‍ സാധ്യതയുണ്ട്. ഗ്രൂപ്പില്‍ 2 മത്സരങ്ങളില്‍ നിന്ന് നാല് പോയിന്റുള്ള പോളണ്ടാണ് ഒന്നാമത്. മൂന്ന് പോയിന്റ് വീതമുള്ള അര്‍ജന്റീനയും സൗദി അറേബ്യയും രണ്ട്, മൂന്ന് സ്ഥാനങ്ങളില്‍. ഒരു പോയിന്റുള്ള മെക്‌സിക്കോ ആണ് അവസാന സ്ഥാനത്ത്. പോളണ്ടിനെ വീഴ്ത്താന്‍ അര്‍ജന്റീനയ്ക്ക് സാധിച്ചാല്‍ 6 പോയിന്റുമായി മെസിയും സംഘവും ഒന്നാമതെത്തും. സൗദി മെക്‌സിക്കോ മത്സരത്തില്‍ സൗദി വിജയിച്ചാല്‍ പോളണ്ടും മെക്‌സിക്കോയും പുറത്താവും. മെക്‌സിക്കോ വിജയിച്ചാല്‍ പോളണ്ട്, മെക്‌സിക്കോ ടീമുകളില്‍ നിന്ന് മികച്ച ഗോള്‍ ശരാശരിയുള്ള ടീം അടുത്ത റൗണ്ടിലെത്തും. അര്‍ജന്റീന പരാജയപ്പെടുകയും സൗദി അറേബ്യ തോല്‍ക്കാതിരിക്കുകയും ചെയ്താല്‍ സൗദിയും പോളണ്ടും പ്രീ ക്വാര്‍ട്ടറിലെത്തും. അര്‍ജന്റീനയും മെക്‌സിക്കോയും പുറത്താവും. സൗദി തോറ്റാല്‍ മെക്‌സ്‌ക്കോ, പോളണ്ട് ടീമുകള്‍ അടുത്ത ഘട്ടത്തിലെത്തും. പോളണ്ട്, അര്‍ജന്റീന മത്സരം സമനില ആയാല്‍, സൗദി മെക്‌സിക്കോയുമായി സമനിലയെങ്കിലും പിടിച്ചാല്‍ സൗദി, അര്‍ജന്റീന ടീമുകളില്‍ മികച്ച ഗോള്‍ ശരാശരിയുള്ള ടീം അടുത്ത റൗണ്ട് കളിക്കും. കളിയില്‍ മെക്‌സിക്കോ ജയിച്ചാല്‍ അര്‍ജന്റീനയും മെക്‌സിക്കോയും തമ്മില്‍ ഗോള്‍ ശരാശരി പരിഗണിക്കും.ഗ്രൂപ്പ് ഡിയില്‍ 2 മത്സരങ്ങളില്‍ നിന്ന് 6 പോയിന്റുമായി പ്രീ ക്വാര്‍ട്ടര്‍ ഉറപ്പിച്ച ഫ്രാന്‍സാണ് ഒന്നാമത്. 2 മത്സരങ്ങളില്‍ നിന്ന് മൂന്ന് പോയിന്റുള്ള ഓസ്‌ട്രേലിയ രണ്ടാമതാണ്. ഡെന്മാര്‍ക്കിനും ടുണീഷ്യയ്ക്കും ഓരോ പോയിന്റുണ്ട്. ഡെന്മാര്‍ക്കിനെതിരെ ഒരു ജയം ഓസ്‌ട്രേലിയയെ അടുത്ത ഘട്ടത്തിലെത്തിക്കും. ഡെന്മാര്‍ക്ക് വിജയിച്ചാല്‍ അവരാവും പ്രീ ക്വാര്‍ട്ടറിലേക്ക് പോവുക. ഫ്രാന്‍സിനെ വീഴ്ത്താന്‍ ടുണീഷ്യക്ക് സാധിച്ചാല്‍, ഡെന്മാര്‍ക്ക് ഓസ്‌ട്രേലിയയെ വീഴ്ത്തിയാല്‍ ടുണീഷ്യ, ഡെന്മാര്‍ക്ക് എന്നീ ടീമുകളില്‍ മികച്ച ഗോള്‍ ശരാശരിയുള്ള ടീം പ്രീ ക്വാര്‍ട്ടര്‍ കളിക്കും. ടുണീഷ്യ വിജയിക്കുകയും ഡെന്മാര്‍ക്ക് പരാജയപ്പെടുകയും ചെയ്താല്‍ ഓസ്‌ട്രേലിയ തന്നെ പ്രീ ക്വാര്‍ട്ടറിലെത്തും.

 

Leave A Reply

Your email address will not be published.

You cannot copy content of this page