- Advertisement -

- Advertisement -

ഏഴ് മാസത്തിനകം 88,217 സംരംഭങ്ങള്‍ തുടങ്ങി മന്ത്രി പി. രാജീവ്

0

വ്യവസായ വകുപ്പ് ആവിഷ്‌കരിച്ച ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയില്‍ സംസ്ഥാനത്ത് ഏഴ് മാസം കൊണ്ട് 88217 സംരംഭങ്ങള്‍ തുടങ്ങാന്‍ സാധിച്ചതായി മന്ത്രി പി. രാജീവ്. കല്‍പ്പറ്റ ഇന്ദ്രിയ ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച ‘മീറ്റ് ദ മിനിസ്റ്റര്‍’ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. 2022 – 23 വര്‍ഷം സംരംഭക വര്‍ഷമായി പ്രഖ്യാപിച്ചതിന് ശേഷം നല്ല പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇതര സംസ്ഥാനങ്ങളെ അപേക്ഷിച്ച് വായ്പ നിക്ഷേപ അനുപാത റേഷ്യോ സംസ്ഥാനത്ത് കുറവാണ്. ഇക്കാര്യത്തില്‍ മാറ്റമുണ്ടാകണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത് ശരാശരി പ്രതിവര്‍ഷം പതിനായിരം രജിസ്ട്രേഷന്‍ നടക്കുന്ന സ്ഥാനത്താണ് ഈ മാറ്റം. 5458.89 കോടിയുടെ നിക്ഷേപവും ഇക്കാലയളവിലുണ്ടായി. 1,92,561 പേര്‍ക്ക് തൊഴില്‍ നല്‍കാനും സാധിച്ചു. തദ്ദേശ സ്ഥാപനങ്ങളും ബാങ്കുകളും പിന്തുണ നല്‍കിയാല്‍ കേരളം സംരംഭകരുടെ പറുദീസയാകുമെന്നും മന്ത്രി പറഞ്ഞു. ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്ന കാര്യത്തില്‍ കൂടുതല്‍ ആത്മ വിശ്വാസം കാണിക്കണം. മീറ്റ് ദ മിനിസ്റ്റര്‍ പരിപാടി നിലവിലുള്ള വ്യവസായ സൗഹൃദ അന്തരീക്ഷത്തെ കുറേ കൂടി ശക്തപ്പെടുത്താനുള്ളതാണ്. സംരംഭകര്‍ക്ക് പ്രയാസങ്ങള്‍ അറിയിക്കാന്‍ നിയമപരമായ പരാതി പരിഹാര സംവിധാനം സംസ്ഥാനത്ത് ഒരുക്കിയിട്ടുണ്ട്. 5 കോടി വരെയുള്ള നിക്ഷേപ പദ്ധതികളുമായി ബന്ധപ്പെട്ട പരാതികള്‍ ജില്ലാതല സമിതി തീര്‍പ്പാക്കും. അതിന് മുകളിലുള്ളവയും അപ്പീലും സംസ്ഥാനതല സമിതി പരിഗണിക്കും. തീരുമാനം മുപ്പത് ദിവസത്തിനകം നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍ ബാധ്യസ്ഥനാണ്. അല്ലാത്ത പക്ഷം ഉദ്യോഗസ്ഥരില്‍ നിന്ന് പിഴ ഈടാക്കാനും വ്യവസ്ഥയുണ്ട്.

Leave A Reply

Your email address will not be published.

You cannot copy content of this page