- Advertisement -

- Advertisement -

ഇന്ന് ലോക വയോജന ദിനം:ഓര്‍ക്കുക, ഓര്‍ക്കുക നാളെ നമ്മളും വയോജനങ്ങളാണ്

0

ഒക്ടോബര്‍ ഒന്ന് ലോക വയോജന ദിനം. വാര്‍ദ്ധക്യത്തെ തടഞ്ഞു നിര്‍ത്താനോ വേണ്ടെന്ന് വെയ്ക്കാനോ ആര്‍ക്കും കഴിയില്ല. വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് നാമോരോരുത്തരുടേയും ഉത്തരവാദിത്തമാണ്.

ഇന്ന് ലോക വയോജന ദിനം

നമുക്ക് മുമ്പേ നടന്നവര്‍ക്ക് ആദരവ് അര്‍പ്പിക്കാം, ഇന്ന് വയോജന ദിനം.
എന്നാല്‍, വയോജനങ്ങള്‍ക്ക് എത്രത്തോളം ശ്രദ്ധയും പരിചരണവും ലഭിക്കുന്നു എന്ന കാര്യം മനസ്സിലാക്കേണ്ടതുണ്ട്.
വാര്‍ദ്ധക്യം അനിവാര്യതയാണ്, ആര്‍ക്കും അതിനെ തടഞ്ഞു നിര്‍ത്താനോ വേണ്ടെന്നു വെയ്ക്കാനോ സാധിക്കില്ല. ജീവിതത്തിന്റെ നല്ല നാളുകള്‍ മാറി മറിഞ്ഞ് എല്ലാവരും എത്തിപ്പെടുന്ന ജീവിത യാത്രയിലെ മറ്റൊരു തുരുത്താണ് വാര്‍ദ്ധക്യം. അവര്‍ കൊണ്ട വെയിലാണ് ഇന്ന് നാം അനുഭവിക്കുന്ന തണലിനും തണുപ്പിനും പിന്നില്‍, അതുകൊണ്ട് തന്നെ ജീവിത സായാഹ്നത്തിലേയ്ക്ക് കടന്ന വയോജനങ്ങള്‍ക്ക് താങ്ങും തണലുമാകേണ്ടത് പുതു തലമുറയുടെ ഉത്തരവാദിത്തമാണ്. ലോക വയോജന ദിനം ആചരിക്കുന്ന ഈ ദിനത്തില്‍ നമ്മുടെ വളര്‍ച്ചയ്ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച, ഇന്ന് വാര്‍ധക്യത്തിന്റെ അവശതകളിലെയ്ക്ക് നീങ്ങിത്തുടങ്ങിയവരോട് ചേര്‍ന്ന് നില്‍ക്കാന്‍ ശ്രമിക്കാം.

പുതിയ കാലഘട്ടത്തിന്റെ പച്ചയായ യാഥാര്‍ത്ഥ്യം വരച്ചുകാട്ടുന്നത് മറ്റൊന്നാണ്. പ്രായമായവരെ ഉപയോഗ ശൂന്യമായ ജീവിതങ്ങളായി കണക്കാക്കി പലയിടങ്ങളില്‍ ഉപേക്ഷിക്കുന്ന അവസ്ഥ വരെ നിലവിലുണ്ട്. വൃദ്ധ സദനങ്ങളിലോ സമാന സ്ഥലങ്ങളിലോ ഏല്‍പ്പിച്ച് ഉത്തരവാദിത്തത്തില്‍ നിന്നും കടമയില്‍ നിന്നും ഒഴിഞ്ഞു മാറുന്നവരുടെ എണ്ണവും ചെറുതല്ല. ഈ വയോജന ദിനത്തില്‍ ഓരോരുത്തരുടെയും മനസ്സില്‍ പുതിയൊരു വയോജന ദിനം രൂപപ്പെടുമെന്ന് പ്രത്യാശിക്കാം.

1991 ല്‍ ആദ്യ വയോജന ദിനം:

എല്ലാ വര്‍ഷവും ഒക്ടോബര്‍ ഒന്നിന് ലോക വയോജന ദിനമായി ആചരിക്കാന്‍ 1990 ഡിസംബര്‍ 14നാണ് ഐക്യ രാഷ്ട്ര സംഘടന തീരുമാനിച്ചത്. 1991 ഒക്ടോബര്‍ ഒന്നിന് ആദ്യ വയോജന ദിനം ആച്ചരിച്ചുകൊണ്ട് ഈ തീരുമാനം നടപ്പാക്കി.ഡബ്ലു എച്ച് ഒ യുടെ കണക്കുകള്‍ പ്രകാരം 2025 ആകുമ്പോഴേക്കും ലോകത്തെ വയോജനങ്ങളുടെ എണ്ണം 100 കോടി കടക്കും എന്നാണ്. അതുകൊണ്ട് തന്നെ വയോജന സംരക്ഷണത്തിനായി പുതിയ പദ്ധതികള്‍ രൂപപ്പെടെണ്ടതുണ്ട്.

621 വൃദ്ധ സദനങ്ങള്‍:

കേരളത്തില്‍ സാമൂഹിക നീതി വകുപ്പിന് കീഴില്‍ 621 വൃദ്ധ സദനങ്ങള്‍ ഉണ്ട് എന്നാണ് കണക്ക്. കൂടുതലും സംഘടനകള്‍ ആരംഭിച്ചതും എന്നാല്‍ സര്‍ക്കാര്‍ സഹായം ലഭിക്കുന്നതുമായ വൃദ്ധ സദനങ്ങള്‍ ആണ്. സ്വകാര്യ വ്യക്തികള്‍ ആരംഭിക്കുന്ന കണക്കില്‍ ഉള്‍പ്പെടാത്തത് വേറെയുമുണ്ട്. വയോജനങ്ങലോടുള്ള സമൂഹത്തിന്റെ മനോഭാവത്തില്‍ സംഭവിച്ച വലിയ മാറ്റമാണ് പലപ്പോഴും കച്ചവട താല്പര്യത്തോടെ വൃദ്ധ സദനങ്ങള്‍ ഉയര്‍ന്നു വരാനുണ്ടായ സാഹചര്യം. ഇത്തരം ഇടങ്ങളില്‍ വയോജനങ്ങള്‍ക്ക് എത്രത്തോളം ശ്രദ്ധയും പരിചരണവും ലഭിക്കുന്നു എന്ന കാര്യവും പഠന വിധേയമാക്കേണ്ടതാണ്.

75,640 Old Age Home Stock Photos and Images - 123RF

 

വയോജന സംരക്ഷണത്തില്‍ മികച്ച പരിശീലനം നേടിയവര്‍ വേണം ഇവിടങ്ങളില്‍ മുതിര്‍ന്ന ആളുകളെ പരിചരിക്കാന്‍. അവരുടെ മാനസികവും ശാരീരികവുമായ ആരോഗ്യം സംരക്ഷിക്കുന്നതിനായി പ്രത്യേക പദ്ധതികളും വൃദ്ധ സദനങ്ങളില്‍ തന്നെ അത്യാവശ്യ ചികിത്സ ലഭിക്കുന്നതുമായ മികച്ച സംവിധാനങ്ങള്‍ ഉണ്ടാകേണ്ടതുണ്ട്.

 

ജെറിയാട്രിക് കെയര്‍ ഉണ്ടാകണം:

ജെറിയാട്രിക് പദ്ധതികളും നയങ്ങളും നമ്മുടെ രാജ്യത്ത് ഇനിയും രൂപപ്പെട്ട് തുടങ്ങേണ്ടതുണ്ട്. വിദേശ രാജ്യങ്ങളില്‍ ഏറ്റവും മികച്ച പരിഗണനയാണ് വയോജനങ്ങള്‍ക്ക് നല്കിക്കൊണ്ടിരികുന്നത്. ഇന്ത്യയില്‍ നിലവില്‍ വയോജന സംരക്ഷണ നിയമം നിലവിലുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ അത് വേണ്ട രീതിയില്‍ ഉയര്‍ന്നിട്ടില്ല. മുതിര്‍ന്ന പൗരന്മാര്‍ക്ക് പിന്തുണയും സഹായവും നല്‍കുന്ന മനോഭാവം ഓരോ ആളുകളിലും ഉണ്ടാകണമെങ്കില്‍ അതിനു ആദ്യം മുന്നിട്ടിറങ്ങേണ്ടത് സര്‍ക്കാര്‍ സംവിധാനങ്ങളാണ്.

എല്ലാ വിഭാഗത്തിനും പ്രത്യേക പഠന ശാഖയുണ്ടെങ്കിലും ജെറിയാട്രിക് കെയറിനായി ഒരു പഠന വിഭാഗം ഇതുവരെ ഉണ്ടായിട്ടില്ല. ചിലയിടങ്ങളില്‍ ജെറിയാട്രിക് കെയര്‍ ക്ലിനിക്കുകള്‍ ആരംഭിച്ചിട്ടുണ്ടെങ്കിലും അത് വേണ്ട വിധത്തില്‍ ഫലപ്രദമല്ല എന്ന് വേണം മനസിലാക്കാന്‍. ജെറിയാട്രിക് ഫിസിഷ്യന്‍, നഴ്‌സ്, പലിയെറ്റിവ് പ്രവര്‍ത്തകര്‍, സന്നദ്ധ പ്രവര്‍ത്തകള്‍ എന്നിവര്‍ ചേരുന്ന ഒരു സമിതിയും അതിനു വേണ്ട സര്‍ക്കാര്‍ സഹായങ്ങളും ഉണ്ടാകേണ്ടതുണ്ട്.

അവര്‍ ആദരവ് അര്‍ഹിക്കുന്നു:

നമുക്ക് മുന്‍പേ നടന്നവരാണ്. കുടുംബത്തിനും സമൂഹത്തിനും താങ്ങാവാന്‍ അവരുടെ യവ്വനം സമര്‍പ്പിച്ചിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങള്‍ക്ക് അര്‍ഹമായ പരിഗണന നല്‍കേണ്ടതിന്റെ ആവശ്യകത പുതു തലമുറ അറിഞ്ഞിരിക്കണം. പലപ്പോഴും പുതു തലമുറയുടെ വിദ്യാഭ്യാസം, സംസ്‌കാരം എന്നിവയില്‍ മൂല്യം നഷ്ടമാകുന്ന അവസ്ഥയുണ്ട്. വലിയ തോതില്‍ വയോജന സൗഹൃദമായിരുന്നു മുന്‍പെങ്കില്‍, നിലവില്‍ കാഴ്ചപ്പാടുകള്‍ മാറിയിട്ടുണ്ട് എന്ന കാര്യം വ്യക്തമാണ്. അതുകൊണ്ട് തന്നെ കുട്ടിക്കാലം മുതല്‍ വയോജനങ്ങളെ ബഹുമാനത്തോടെ കാണാന്‍ കഴിയുന്ന തരത്തിലേയ്ക്ക് കുട്ടികളെ മാറ്റിയെടുക്കാന്‍ സാധിക്കണം.


സമൂഹത്തിന്റെ ഉത്തരവാദിത്തം:

വയോജനങ്ങള്‍ ഭാരമല്ല, പകരം അവര്‍ എന്നും വഴികാട്ടികളായിരുന്നു. അതുകൊണ്ട് തന്നെ വയോജനങ്ങളുടെ സംരക്ഷണ കാര്യത്തില്‍ സമൂഹത്തിന് വലിയ ഉത്തരവാദിത്തമുണ്ട്. നന്മയുള്ള പല കാര്യങ്ങള്‍ക്കും ഒരുമിച്ച് നില്‍ക്കുന്ന നല്ല ശീലമുള്ളതാണ് നമ്മുടെ സമൂഹം. ഈ നന്മ നമ്മുടെ വയോജനങ്ങള്‍ക്ക് കൂടി പ്രയോജനപ്പെടുന്ന രീതിയില്‍ നമ്മള്‍ ചിന്തിച്ചു തുടങ്ങേണ്ട ഘട്ടം അതിക്രമിച്ചിരിക്കുന്നു.

 

Leave A Reply

Your email address will not be published.

You cannot copy content of this page