- Advertisement -

- Advertisement -

ബാണാസുര ഡാം തുറന്നു; ആവശ്യമെങ്കില്‍ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്തും

0

രാവിലെ എട്ടിന് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ 10 സെന്റിമീറ്ററാണ് ഉയര്‍ത്തിയത്. സെക്കന്‍ഡില്‍ 8.50 ഘനയടി വെള്ളമാണ് പുറത്തേക്ക് ഒഴുക്കുക. ഞായറാഴ്ച്ച രാത്രിയോടെ അപ്പര്‍ റൂള്‍ ലെവല്‍ ആയ 774 മീറ്ററിലേക്ക് ജലനിരപ്പ് എത്താന്‍ സാധ്യതയുള്ളതിനാലാണ് അണക്കെട്ടിന്റെ ഒരു ഷട്ടര്‍ തുറന്നത്.ആവശ്യമെങ്കില്‍ 35 ഘനയടി വെള്ളം തുറന്നുവിടാന്‍ അനുമതിയുണ്ട്. സമീപപ്രദേശങ്ങളില്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അണക്കെട്ടില്‍ നിന്നും ആദ്യം വെള്ളം ഒഴുകിയെത്തുക കരമാന്‍ തോടിലേക്കാണ്. അവിടെ നിന്ന് പനമരം ഭാഗത്തേക്കും തുടര്‍ന്ന് കബനി നദിയിലേക്കും പിന്നീട് കര്‍ണാടകയിലെ ബീച്ചിനഹള്ളി ഡാമിലേക്കും വെള്ളം എത്തും. രണ്ട് വര്‍ഷം മുമ്പാണ് അവസാനമായി ബാണാസുര അണക്കെട്ട് തുറന്നത്.ജലനിരപ്പ് ഉയരുന്നതിന് മുമ്പ് ജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിലേക്ക് മാറ്റി പാര്‍പ്പിക്കുന്നതിനുള്ള നടപടികള്‍ ബന്ധപ്പെട്ട സെക്രട്ടറിമാര്‍ സ്വീകരിക്കും. പുഴയോരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും അണക്കെട്ട് തുറക്കുന്ന സമയത്ത് അണക്കെട്ട് ഭാഗത്തേയ്ക്ക് പോകുകയോ, വെള്ളം ഒഴുകിപ്പോകുന്ന പുഴകളില്‍ നിന്നും മീന്‍ പിടിക്കുകയോ, പുഴയില്‍ ഇറങ്ങുകയോ ചെയ്യരുതെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.ജില്ലാ കളക്ടര്‍ എ ഗീത , കല്‍പ്പറ്റ നിയോജക മണ്ഡലം എംഎല്‍എ ടി സിദ്ദീഖ് എന്നിവരുമായി സംസാരിച്ചതിനുശേഷം എട്ടരയോടെ മന്ത്രി കെ രാജന്‍ മാധ്യമങ്ങളെ കണ്ടു. ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

 

Leave A Reply

Your email address will not be published.

You cannot copy content of this page